Uncategorized

ഇന്ത്യയെ ഐഫോണ്‍ ഉല്‍പ്പാദന കേന്ദ്രമാക്കാനുള്ള ആപ്പിളിന്റെ നീക്കത്തിന് തിരിച്ചടി

“Manju”

കോവിഡ് പ്രതിസന്ധിയും രാഷ്ട്രീയപരമായ കാരണങ്ങളും ചൈനയില്‍ പ്രതികൂലാവസ്ഥ സൃഷ്ടിക്കുന്നതിനാല്‍ ഐഫോണ്‍ നിര്‍മാണം ഇന്ത്യയടക്കമുള്ള മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് മാറ്റാനൊരുങ്ങുകയാണ് ആപ്പിള്‍.

അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ഇന്ത്യയെ ഒരു പ്രധാന ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റാന്‍ പദ്ധതിയിടുന്ന ആപ്പിള്‍, ടാറ്റ ഗ്രൂപ്പ് പോലുള്ള വമ്ബന്‍മാരുടെയും മറ്റ് പ്രാദേശിക പങ്കാളികളുടെയും സഹായത്തോടെ രാജ്യത്ത് അതിന്റെ അടിത്തറ വികസിപ്പിച്ചുവരികയാണ്. എന്നാല്‍, ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അത്ര ശുഭകരമല്ല.

ടാറ്റ നിര്‍മ്മിക്കുന്ന ഐഫോണ്‍ ഘടകങ്ങള്‍ക്ക് ഗുണനിലവാരം പോരെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഐഫോണുകള്‍ക്കുള്ള ഘടകങ്ങള്‍ മികച്ച രീതിയില്‍ ലഭ്യമാക്കുന്നതില്‍ കമ്ബനി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ടാറ്റയുടെ കീഴിലുള്ള ഹൊസൂറില്‍ പ്രവര്‍ത്തിക്കുന്ന കേസിങ്‌സ് ഫാക്ടറിയില്‍ നിര്‍മിച്ചു നല്‍കുന്ന ഭാഗങ്ങളില്‍ 50 ശതമാനത്തിന് മാത്രമേ ഗുണനിലവാരമുള്ളൂവെന്നാണ് കണ്ടെത്തല്‍. ടാറ്റ നിര്‍മ്മിക്കുന്ന ഭാഗങ്ങള്‍ ഫോക്സ്കോണിനാണ് ആപ്പിള്‍ എത്തിക്കുന്നത്.

ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്നതിന് മുമ്ബേ തന്നെ ടാറ്റ ആപ്പിളിന് ചില ഐഫോണ്‍ പാര്‍ട്സുകള്‍ നിര്‍മ്മിച്ച്‌ നല്‍കുന്നുണ്ട്. ഐഫോണ്‍ നിര്‍മാണം ഏറ്റെടുക്കാന്‍ ടാറ്റയെ പ്രേരിപ്പിച്ചതും അതേ കാരണമായിരുന്നു. എന്നാല്‍, ആപ്പിളിന്റെ ഉയര്‍ന്ന ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കമ്ബനിക്ക് കഴിയുന്നില്ലെന്നും അതിന് വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ ഇനിയും പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതിനെല്ലാം പുറമേ, ലോജിസ്റ്റിക്‌സ്, താരിഫ്, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളും ആപ്പിള്‍ രാജ്യത്ത് നേരിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ആപ്പിളിനെ പോലുള്ള കമ്ബനിക്ക് ഇന്ത്യയില്‍ പൂര്‍ണ്ണമായി ഏതെങ്കിലും ഉത്പന്നം നിര്‍മ്മിക്കുന്നതിന്, നൈപുണ്യമുള്ള തൊഴിലാളികളുടെയും പ്രദേശിക വിതരണക്കാരുടെയും മറ്റ് ഘടകങ്ങളുടെയും ശക്തമായ പിന്തുണ അത്യാവശ്യമാണെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു.

2017-ല്‍ ഐഫോണ്‍ എസ്.ഇ മോഡലിലൂടെയാണ് ആപ്പിള്‍ അവരുടെ മെയ്ക് ഇന്‍ ഇന്ത്യ ഐഫോണ്‍യാത്ര ആരംഭിച്ചത്. ഇപ്പോള്‍ 2023-ല്‍ പ്രോ മോഡലുകള്‍ ഒഴിച്ചുള്ള ഐഫോണ്‍ മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മിച്ച്‌, ഇവിടെ തന്നെ വില്‍ക്കുന്നുണ്ട്. എന്നാല്‍ കയറ്റുമതി വഴി ആഗോള വിപണികളിലേക്ക് വ്യാപിക്കാനും അതുവഴി ആപ്പിളിന്റെ പ്രധാന ഉല്‍പ്പാദന കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാനും സര്‍ക്കാര്‍ തലത്തിലും മറ്റും ആപ്പിളിന് സഹായം ആവശ്യമായേക്കും.

 

Related Articles

Back to top button