IndiaLatest

മഹാരാഷ്ട്രയില്‍ മൂന്ന് വയസുള്ള കുട്ടിക്കും ഒമൈക്രോണ്‍

“Manju”

മുംബൈ: മഹാരാഷ്ട്രയില്‍ മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പടെ ഇന്ന് ഏഴ് പേര്‍ക്ക് കൂടി ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മഹാരാഷ്ട്രയില്‍ ഒമൈക്രോണ്‍ ബാധിച്ചവരുടെ എണ്ണം 17 ആയി. ഇതില്‍ മൂന്ന് കേസുകള്‍ മുംബൈയിലും ബാക്കിയുള്ളവര്‍ പിംപ്രി ചിഞ്ച് വാദ്, പൂനെ എന്നിവിടങ്ങളിലുള്ളവരാണ്. മുംബൈയിലെ മൂന്ന് രോഗികള്‍ക്ക് ടാന്‍സാനിയ, യുകെ, ദക്ഷിണാഫ്രിക്ക- നെയ്‌റോബി എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചെത്തിയവരാണ്.
പൂനെയിലെ നാല് രോഗബാധിതരും നൈജീരിയന്‍ സ്ത്രീയുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരാണ്. നൈജീരിയന്‍ സ്ത്രീക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഏഴ് പേരില്‍ നാല് പേര്‍ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരാണ്. മറ്റ് മൂന്ന് പേരില്‍ ഒരാള്‍ ഒരു ഡോസ്. മറ്റൊരാള്‍ വാക്‌സിന്‍ എടുക്കാത്തയാളുമാണ്. മൂന്നാമത്തേത് കുട്ടിയായതിനാല്‍ വാക്‌സിന്‍ ലഭിച്ചിട്ടില്ല.
ഗുജറാത്തിലെ ജാംനഗറിലും ഇന്ന് രണ്ടുപേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ചികിത്സയില്‍ കഴിയുന്ന രണ്ട്പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ജാംനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ഒമൈക്രോണ്‍ വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

Related Articles

Back to top button