IndiaLatest

സൂര്യനിലെ പല രഹസ്യങ്ങളും ആദിത്യ-എല്‍ 1 ലോകത്തിന് മുന്നില്‍ തുറന്നുകാട്ടും

“Manju”

ഹൈദരാബാദ്: ഐഎസ്‌ആര്‍ഒയുടെ സൗര ദൗത്യമായ ആദിത്യ-എല്‍1 ഇന്ത്യയുടെ കഴിവിന്റെ വ്യാപ്തി തെളിയിക്കുമെന്ന് ഒസ്മാനിയ സര്‍വകലാശാലയിലെ ജ്യോതിശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.രുക്മിണി ജാഗിര്‍ദാര്‍.
സോളാര്‍ ഡാറ്റയുടെ അടുത്ത ഘട്ടം ലോകത്തിന് നല്‍കുമെന്നും ആദിത്യ-എല്‍ 1 വിക്ഷേപണത്തോടെ ബഹിരാകാശ പര്യവേക്ഷണത്തില്‍ ഇന്ത്യ ഒരു നാഴിക കല്ലായി മാറിയെന്നും രുക്മിണി ജാഗിര്‍ദാര്‍ പറഞ്ഞു.
ഇന്ത്യയുടെ ആദ്യ സൗര ദൗത്യമാണ് ആദിത്യ എല്‍ 1. യുഎസ്, യൂറോപ്പ്, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ മാത്രമേ സൂര്യനെ പര്യവേക്ഷണം ചെയ്തിട്ടുള്ളൂ. ആദിത്യ-എല്‍1 വിജയമാകുന്നതോടെ സൗര പഠനത്തില്‍ ഇന്ത്യ ഒരു പ്രധാന നാഴികക്കല്ലായി മാറും. ഇന്ന് രാവിലെ 11.50-ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് പിഎസ്‌എല്‍ വിയുടെ സി57 റോക്കറ്റ് ആദിത്യ എല്‍ 1 വഹിച്ചുകൊണ്ട് കുതിച്ചുയര്‍ന്നത്. സൂര്യന്റെ പുറം ഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ തുടങ്ങിയവ പഠിക്കലാണ് ഇന്ത്യയുടെ ആദ്യ സൗര ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
സൂര്യനെക്കുറിച്ച്‌ പഠിക്കുന്നതിനായി ഏഴ് പേലോഡുകളാണ് ആദിത്യ എല്‍ -1ല്‍ ഉളളത്. നാല് പേലോഡുകള്‍ സൂര്യപ്രകാശത്തെ നീരിക്ഷിക്കും. സൂര്യന്റെ പ്ലാസ്മ, കാന്തിക വലയം എന്നിവയെ കുറിച്ചുളള പഠനങ്ങളാണ് മറ്റ് മൂന്നെണ്ണം നടത്തുക. നാല് മാസങ്ങള്‍ക്ക് ശേഷമാകും പേടകം ഭ്രമണപഥത്തിലെത്തുന്നത്. ആദിത്യ-എല്‍1 ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെ എല്‍-1 പോയിന്റിലാണ് നില്‍ക്കുക. ഈ പോയിന്റില്‍ സുര്യനും പേടകത്തിനുമിടയില്‍ മറ്റ് മറയൊന്നും ഉണ്ടാകില്ല.
ആദിത്യ എല്‍1-ലെ പ്രധാനപ്പെട്ട പേലോഡായ വിഇഎല്‍സി പ്രതിദിനം 1400 ചിത്രങ്ങള്‍ പകര്‍ത്തി ഗ്രൗണ്ട് സ്റ്റേഷനിലേയ്‌ക്ക് അയക്കും. ഐഎസ്‌ആര്‍ഓയുമായി സഹകരിച്ച്‌ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച്‌ ആൻഡ് എജ്യൂക്കേഷൻ ഇൻ സയൻസ് ടെക്നോളജി ക്യാമ്ബസിലാണ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ജനുവരിയോടെ ലക്ഷ്യസ്ഥാനത്തെത്തുന്ന പേടകത്തില്‍ നിന്ന് ഫെബ്രുവരി അവസാനത്തോടെ ആദ്യ ചിത്രങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ലക്ഷ്യസ്ഥാനത്തെത്തുന്ന ഓരോ ഉപകരണങ്ങളും ഇതിന് മുന്നോടിയായി പരിശോധിക്കും. ഫെബ്രുവരിയിലാകും വിഇഎല്‍സി പ്രവര്‍ത്തനക്ഷമമാകുക.

Related Articles

Back to top button