LatestThiruvananthapuram

പതിവ് വാക്സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേക മിഷന്‍

“Manju”

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ പതിവ് പ്രതിരോധ വാക്സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ക്ക് ദേശീയ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി മാര്‍ച്ച്‌ 7 മുതല്‍ സംസ്ഥാനത്ത് പ്രത്യേക മിഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മാര്‍ച്ച്‌, ഏപ്രില്‍, മേയ് മാസങ്ങളില്‍ ഏഴ് ദിവസം വീതമുള്ള മൂന്ന് റൗണ്ടുകളായാണ് ഇത് നടത്തുന്നത്.

കോവിഡ്-19 മഹാമാരിക്കാലത്ത് ഭാഗികമായോ പൂര്‍ണമായോ വാക്സിനുകള്‍ എടുക്കാന്‍ വിട്ടുപോയ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിനാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ബിസിജി, ഒപിവി, ഐപിവി, പെന്റാവലന്റ്, റോട്ടാവൈറസ് വാക്സിന്‍, എംആര്‍, ഡിപിറ്റി, ടിഡി തുടങ്ങിയ വാക്സിനുകള്‍ വാക്സിനേഷന്‍ ഷെഡ്യൂള്‍ പ്രകാരം യഥാസമയം കൊടുക്കുവാന്‍ വിട്ടുപോയിട്ടുള്ളവര്‍ക്കായാണ് യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇപ്പോള്‍ യജ്ഞം നടത്തുന്നത്. ഈ ജില്ലകളിലായി 19,916 കുട്ടികള്‍ക്കും 2,177 ഗര്‍ഭിണികള്‍ക്കും വാക്സിന്‍ നല്‍കുവാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ജില്ലകളുടെ വിവിധ ഭാഗങ്ങളിലായി 1649 സെഷനുകളാണ് നടത്തുക. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ഈജില്ലകളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ തരംതിരിച്ചു പരിശീലനങ്ങള്‍ നടത്തുകയും അര്‍ഹരായ കുട്ടികളുടെയും ഗര്‍ഭിണികളുടെയും പട്ടിക തയ്യാറാക്കുകയും ബന്ധപ്പെട്ട സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button