KeralaLatest

വേള്‍ഡ് സ്‌കില്‍ മത്സരത്തില്‍ ഇന്ത്യ നാലാമത്

“Manju”

മഞ്ചേരി: ഫ്രാന്‍സിലെ ബോര്‍ഡോവില്‍ നടന്ന ലോക നൈപുണി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്ത് രണ്ടു മലപ്പുറത്തുകാര്‍ രാജ്യത്തിന് അഭിമാനമായി. ഞ്ചേരി മുള്ളമ്പാറയിലെ പൂളക്കുന്നന്‍ ഉസ്മാന്റെയും നജ്മുന്നീസയുടെയും മകന്‍ മുഹമ്മദ് ഫൈസലും കരുവമ്പ്രം പാലായി ഫിറോസ്ഖാന്റെയും ജംഷീലയുടെയും മകന്‍ മുഹമ്മദ് സിയാദുമാണ് നാടിനെ പ്രതിനിധീകരിച്ച് നേട്ടമുണ്ടാക്കിയത്. ആരോഗ്യമേഖലയിലെ സേവനത്തിന് റോബോട്ടിനെ പ്രയോജനപ്പെടുത്തുന്നതില്‍ കൃത്യതയും വേഗവും കൈവരിച്ചുകൊണ്ടാണ് നേട്ടം. നാലാംസ്ഥാനമാണ് ഇവര്‍ നേടിയത്. ഇവര്‍ക്ക് നാലുലക്ഷം രൂപ സമ്മാനത്തുക ലഭിക്കും. 2017-ലും 2019-ലും ഇന്ത്യക്ക് പതിമൂന്നാം സ്ഥാനമായിരുന്നു.

ഒക്ടോബര്‍ 15 മുതല്‍ 24 വരെയായിരുന്നു മത്സരം. അഞ്ചുഘട്ടമായി നടന്ന സംസ്ഥാന, മേഖല, ദേശീയ മത്സരങ്ങളില്‍ വിജയിച്ചാണ് ഇരുവരും ഇന്ത്യയെ പ്രതിനീധീകരിക്കാന്‍ യോഗ്യത നേടിയത്. ആശുപത്രിയില്‍ 10 രോഗികള്‍ക്ക് അവരുടെ മുറികളില്‍ മരുന്നുകള്‍ ഏറ്റവുംവേഗം എത്തിച്ചുകൊടുക്കുകയും മുറിയിലെ ചപ്പുചവറുകള്‍ കുപ്പത്തൊട്ടിയില്‍ തള്ളുകയും ചെയ്തശേഷം കണ്‍ട്രോള്‍റൂമില്‍ തിരിച്ചെത്തുകയാണ് റോബോട്ടിനുള്ള ദൗത്യം. മൂന്നുമിനിറ്റുകൊണ്ട് ലക്ഷ്യസ്ഥാനത്തെത്തിച്ച ചൈനക്കാര്‍ ഒന്നാമതെത്തി. ദക്ഷിണ കൊറിയ രണ്ടും ജപ്പാന്‍ മൂന്നും സ്ഥാനം നേടി. ആറുമിനിറ്റെടുത്താണ് നാലാംസ്ഥാനം ഇവര്‍ നേടിയത്.

റോബോട്ട് നിര്‍മാണത്തിനുള്ള കിറ്റുകള്‍ മത്സരത്തിനുമുന്‍പ് നല്‍കും. മൂന്നുമണിക്കൂര്‍കൊണ്ട് റോബോട്ടുണ്ടാക്കി പ്രവര്‍ത്തിപ്പിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ നൈപുണി വികസന പദ്ധതികളുടെ ഭാഗമായി സര്‍ക്കാര്‍ ചെലവിലാണ് ഇരുവരെയും മത്സരത്തിന് സജ്ജമാക്കിയതും ലോക മത്സരത്തില്‍ പങ്കെടുപ്പിച്ചതും. 2020-ല്‍ അരീക്കോട് ഐ.ടി..യില്‍ നടന്ന ജില്ലാതല മത്സരത്തിലും തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ സംസ്ഥാനതല മത്സരത്തിലും പിന്നീട് വിശാഖപട്ടണത്തും ഡല്‍ഹിയിലും പുണെയിലെ ഹുണര്‍പ്രോ അക്കാദമി ഓഫ് റോബോട്ടിക്‌സില്‍ നടന്ന മത്സരത്തിലും പരിശീലനത്തിലും മികവുപുലര്‍ത്തിയാണ് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഫൈസലും സിയാദും യോഗ്യത നേടിയത്.

ദക്ഷിണ കൊറിയയില്‍ പത്തു ദിവസത്തെ പരിശീലനവും നേടി. കുസാറ്റില്‍ മുഹമ്മദ് സിയാദ് കംപ്യൂട്ടര്‍ സയന്‍സ് രണ്ടാംവര്‍ഷവും മുഹമ്മദ് ഫൈസല്‍ ഇലക്ട്രോണിക്‌സ് ഒന്നാം വര്‍ഷവുമാണ്. മഞ്ചേരി ടി.എച്ച്.എസില്‍ എസ്.എസ്.എല്‍.സി.യും മഞ്ചേരി ഗവ. ബോയ്‌സ് സ്‌കൂളില്‍ പ്ലസ്ടു പഠനവും പൂര്‍ത്തിയാക്കിയ ഇരുവരും അടുത്ത ചങ്ങാതിമാരുമാണ്.

Related Articles

Back to top button