IndiaLatest

ലോക്സഭ ; അമേഠിയിൽ രാഹുലും സ്മൃതി ഇറാനിയും വീണ്ടും നേർക്കുനേർ

“Manju”

ലക്നൗ∙ ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽ‌ക്കെ ഉത്തർപ്രദേശിലെ അമേഠിയിൽ ഒരേദിവസമെത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അമേഠിയിൽ പ്രവേശിച്ചപ്പോൾ സ്മൃതി ഇറാനി നാലു ദിവസത്തെ പര്യടനത്തിനു വേണ്ടിയാണ് മണ്ഡലത്തിലെത്തിയത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽഗാന്ധിയ്‌ക്കെതിരെ അട്ടിമറി വിജയം സ്മൃതി ഇറാനി നേടിയിരുന്നു.

2019ലെ തിരഞ്ഞെടുപ്പിനുശേഷം രണ്ടുപേരും മണ്ഡലത്തിൽ ഒരേദിവസം എത്തുന്ന രണ്ടാമത്തെ സംഭവമാണിത്. ഇതിനുമുമ്പ് 2022ലെ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായാണ് ഇരുവരും മണ്ഡലത്തില്‍ ഒരേദിവസം ഉണ്ടായിരുന്നത്. അമേഠിയിലെ നിരവധി ഗ്രാമങ്ങളിലെത്തി അവരുടെ വീടുകൾ സന്ദർശിക്കാനാണ് വരുന്ന നാലുദിവസം സ്മൃതി ഇറാനി പദ്ധതിയിട്ടിരിക്കുന്നത്. ഒപ്പം ഗ്രാമവാസികളുടെ പരാതിയും കേൾക്കും. 22നു ഒരു വീടിന്റെ പാലുകാച്ചൽ ചടങ്ങിലും സ്മൃതി ഇറാനി പങ്കെടുക്കുന്നുണ്ട്.

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി നടക്കുന്ന റോഡ്ഷോയിലും പൊതുസമ്മേളനത്തിലുമാകും രാഹുൽ ഗാന്ധി പ്രധാനമായും പങ്കെടുക്കുക. സ്മൃതി ഇറാനി പരാജയപ്പെടുത്തും മുൻപ് 15 വർഷം അമേഠിയെ പാർലമെന്റിൽ പ്രതിനിധീകരിച്ചത് രാഹുൽ ഗാന്ധിയായിരുന്നു. 2019ലെ ചൂടേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം സ്മൃതി ഇറാനിക്കെതിരെ രാഹുൽ നേരിട്ട തോൽവി ഗാന്ധി കുടുംബത്തിനും കോൺഗ്രസിനും വലിയ തിരിച്ചടിയായിരുന്നു.

Related Articles

Back to top button