KeralaLatest

ഇരട്ടമരണത്തില്‍ നടുങ്ങി നാട്

“Manju”

ചക്കരക്കല്‍: നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ വീടിന്റെ ബീമും സണ്‍ഷേഡും തകര്‍ന്ന് വീണ് രണ്ടു പേര്‍ മരിച്ചത് ചക്കരക്കല്ലിലെ പള്ളിപ്പൊയില്‍ ഗ്രാമത്തെ നടുക്കി. ഇന്നലെ ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദുരന്തവാര്‍ത്തയെത്തിയത്. ചക്കരക്കല്ലിന് സമീപമുള്ള പള്ളിപ്പൊയിലിലാണ് അപകടം. നിര്‍മ്മാണ തൊഴിലാളി കൂടിയായ ചാത്തോത്ത് കുളത്തെ മാരാങ്കലത്ത് ഹൗസില്‍ മുണ്ടാണി കൃഷ്ണന്റെ (59)വീട്ടിലെ ഒന്നാം നിലയുടെ പണിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു ഇരുവരും. നിര്‍മ്മാണ തൊഴിലാളിയായ കൊറ്റാളി അംബേദ്കര്‍ കോളനിയിലെ അരിങ്ങാലയന്‍ ഹൗസില്‍ പി.ജി. ലാലനാണ് (43) കൂടെയുണ്ടായിരുന്നത്.
വീടിന്റെ ഒന്നാം നില എടുക്കുന്നതിനു വേണ്ടിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെയാണ് അപകടം ഉണ്ടായത്. ബീമിന്റെയും സണ്‍ഷേഡിന്റെയും കുത്ത് എടുത്ത് മാറ്റുമ്ബോഴാണ് അപകടം. അപ്രതീക്ഷിതമായി ബീമും സണ്‍ഷെഡും ഇവരുടെ ദേഹത്തേക്ക് തകര്‍ന്നു വീഴുകയായിരുന്നു. ബീമിനടിയിലായിപ്പോയ ലാലന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ കൃഷ്ണന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. അപകട വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും ചക്കരക്കല്‍ പൊലീസും സ്ഥലത്തെത്തി. ക്രെയിന്‍ ഉപയോഗിച്ചാണ് ബീം നീക്കിയത്. അപകട വിവരമറിഞ്ഞ് ജനപ്രതിനിധികളടക്കമുള്ള നിരവധി ആളുകള്‍ സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് പോസ്റ്റു മോര്‍ട്ടത്തിന് ശേഷം.

Related Articles

Back to top button