IndiaLatest

ജനിതകവ്യതിയാനം സംഭവിച്ച വൈറസ് വ്യാപനമുണ്ടോയെന്ന് അന്വേഷിക്കണം: എയിംസ് മേധാവി

“Manju”

ന്യൂഡല്‍ഹി: ദേശീയതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നതിനിടെ കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മാത്രം രോഗവ്യാപനം രൂക്ഷമാവുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മേധാവി രണ്‍ദീപ് ഗുലേറിയ. ഈ സംസ്ഥാനങ്ങളില്‍ ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസിന്റെ വ്യാപനമുണ്ടോയെന്ന കാര്യം അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകള്‍ പ്രകാരം പുതുതായി രോഗം ബാധിക്കുന്നവരുടെ ആകെ എണ്ണത്തില്‍ 71 ശതമാനവും കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നാണ്. ഒരാഴ്ചയ്ക്കിടെ റിപോര്‍ട്ട് ചെയ്ത 80,536 പുതിയ വൈറസ് കേസുകളില്‍ 56,932 എണ്ണവും ഈ സംസ്ഥാനങ്ങളില്‍നിന്നാണ്. ഇതില്‍ 39,260 എണ്ണം കേരളത്തില്‍നിന്ന് മാത്രമാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുവെന്നാണ് എയിംസ് മേധാവി ചൂണ്ടിക്കാട്ടുന്നത്.

ഒരാഴ്ചയ്ക്കിടെ രാജ്യത്ത് രോഗബാധിതരായവരില്‍ 49 ശതമാനവും കേരളത്തിലാണ് റിപോര്‍ട്ട് അടിവരയിടുന്നു. പ്രതിദിന രോഗികളുടെ എണ്ണം ഈ സംസ്ഥാനങ്ങളില്‍ അതിവേഗം ഉയരുന്നതിന് പിന്നില്‍ തിരിച്ചറിയപ്പെടാത്ത പുതിയ വൈറസ് വകഭേദത്തിന്റെ സാന്നിധ്യമാണോയെന്നത് പരിശോധിക്കണമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. ഗുലേറിയ പറഞ്ഞു.

രാജ്യത്ത് കൊവിഡ് പടര്‍ന്നുപിടിച്ച സമയത്ത് വ്യാപനം പിടിച്ചുനിര്‍ത്താന്‍ കേരളം സ്വീകരിച്ച പ്രതിരോധനടപടികള്‍ മികച്ചതാണെന്ന് നാഷനല്‍ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം കൂടിയായ ഡോക്ടര്‍ ഗുലേറിയ വ്യക്തമാക്കി. എന്നാല്‍, സംസ്ഥാനത്തെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ സ്ഥിതിഗതികള്‍ വഷളായി. വൈറസ് നിയന്ത്രിക്കുന്നതില്‍ കേരളം തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ കൂടുതല്‍ കേസുകള്‍ കേരളത്തില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായെന്ന് ഗുലേറിയ ചൂണ്ടിക്കാട്ടി.

Related Articles

Back to top button