IndiaLatest

മൊബൈല്‍ മോഷ്ടിച്ച യുവാവിനെ യുവതിയും മകളും സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് പിടികൂടി

“Manju”

ആലുവ: അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് വാടകയ്ക്ക് നല്‍കിയ കെട്ടിടത്തില്‍ നിന്ന് മൊബൈല്‍ മോഷ്ടിച്ച യുവാവിനെ വീട്ടുടമസ്ഥയായ യുവതിയും മകളും സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു.
മാറമ്ബിള്ളി കല്ലായത്ത് പറമ്പില്‍ ശ്രീക്കുട്ടന്‍ വേലായുധനെയാണ് (25) ആലുവ ജില്ലാ ആശുപത്രി വളപ്പില്‍ നിന്നും പിടികൂടിയത്.
എടയപ്പുറം മുസ്ളീംപള്ളിക്ക് സമീപം മാനാപ്പുറത്ത് വീട്ടില്‍ അഡ്വ. അബ്ദുള്‍ റഹ്മാന്റെ ഭാര്യ ഷൈല റഹ്മാന്‍, മകള്‍ സൈറ സുല്‍ത്താന എന്നിവരാണ് മോഷ്ടാവിനെ പിടികൂടിയത്.
ഷൈലയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ഇരുപതോളം അന്യസംസ്ഥാനക്കാരാണ് താമസിക്കുന്നത്.  ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ അപരിചിതനായ ഒരാള്‍ വാടകക്കെട്ടിടത്തില്‍ നിന്നും ഇറങ്ങി ഓടുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ഷൈലയും മകളും സ്‌കൂട്ടറില്‍ പിന്തുടര്‍ന്നത്.  കറുത്ത ബര്‍മുഡ, ടീ ഷര്‍ട്ട്, മസ്ക്ക് എന്നിവ ധരിച്ച അപരിചിതന്‍ മോഷ്ടാവാണെന്ന് സംശയം തോന്നി ഉറക്കത്തിലായിരുന്ന മകന്‍ സല്‍മാനെ വിളിച്ചെങ്കിലും ഉണര്‍ന്നില്ല. തുടര്‍ന്നാണ് ഒന്‍പതാം ക്ലാസുകാരിയായ മകളുമായി ഷൈല പിന്നാലെ പോയത്.
കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ വച്ച്‌ ആളെ കണ്ടെങ്കിലും പ്രതി ജില്ലാ ആശുപത്രിയിലേക്ക് നീങ്ങി. ആശുപത്രിയില്‍ വച്ച്‌ പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കുതറിയോടി. 15 മിനിറ്റിന് ശേഷം പ്രസവ വാര്‍ഡിന് സമീപത്തുനിന്നും ഇറങ്ങിവന്നപ്പോള്‍ മാറിനിന്നിരുന്ന ഷൈലയും മകളും ഇതിനിടെ എത്തിയ മകന്‍ സല്‍മാനും ചേര്‍ന്ന് പ്രതിയെ വളഞ്ഞ് പിടികൂടുകയായിരുന്നു.
പോലിസെത്തി പരിശോധിച്ചപ്പോഴാണ് മോഷ്ടിച്ച മൊബൈല്‍ഫോണ്‍ കണ്ടെത്തിയത്. പ്രതിയെ ആലുവ കോടതി റിമാന്‍ഡ് ചെയ്തതായി ആലുവ സി.ഐ പി.എസ്. രാജേഷ് അറിയിച്ചു.

Related Articles

Back to top button