KeralaLatest

ശൈവ സന്നിധിയിൽ നീരെഴുന്നള്ളത്ത് ചടങ്ങ് നടന്നു

“Manju”

ഹർഷദ് ലാല്‍ തലശ്ശേരി

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ആദ്യ ചടങ്ങായ നീരെഴുന്നള്ളത്ത് നടന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടറുടെ പ്രത്യേക അനുമതിയോടെയാണ് ചടങ്ങുകള്‍ നടന്നത്.പതിനൊന്നു മാസത്തോളം മനുഷ്യര്‍ക്ക് പ്രവേശനമില്ലാതിരുന്ന അക്കരെ സന്നിധിയിലേക്ക് ആദ്യമായി സ്ഥാനികരും ആചാര്യന്മാരും അടിയന്തിരക്കാരും പ്രവേശിക്കുന്ന ദിവസം കൂടിയാണ് ഇടവമാസത്തിലെ മകം നാളില്‍ നടക്കുന്ന നീരെഴുന്നള്ളത്ത്.

ഒറ്റപ്പിലാന്‍ കുറിച്യ സ്ഥാനികന്റെ നേതൃത്വത്തില്‍ ഇക്കരെ ക്ഷേത്രനടയിലും അക്കരെ ക്ഷേത്രത്തിന്റെ കിഴക്കേനടയായ മന്ദംചേരിയില്‍ ബാവലിക്കരയില്‍ വച്ചും തണ്ണീര്‍ കുടി ചടങ്ങ് നടത്തി.തുടര്‍ന്ന് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ നിന്ന് പടിഞ്ഞീറ്റ നമ്പൂതിരിയുടെയും സമുദായി ഭട്ടതിരിപ്പാടിന്റെയും നേതൃത്വത്തില്‍ പുറപ്പെടുന്ന സംഘം കാട്ടുവഴികളിലൂടെ സഞ്ചരിച്ച് മന്ദംചേരിയിലെ കൂവപ്പാടത്ത് എത്തി കൂവയില പറിച്ചെടുത്ത് ബാവലി തീര്‍ത്ഥം ശേഖരിച്ച് തിരുവഞ്ചിറയിലേക്ക് പ്രവേശിച്ചു.

മണിത്തറയിലെ സ്വയംഭൂവില്‍ ആദ്യം ഒറ്റപ്പിലാന്‍ സ്ഥാനികനും തുടര്‍ന്ന് പടിഞ്ഞീറ്റിയുടെ നേതൃത്വത്തിലുള്ള സംഘവും അഭിഷേകം നടത്തി . തുടര്‍ന്ന് തിടപ്പള്ളി അടുപ്പില്‍ നിന്ന് ഭസ്മം സ്വീകരിച്ച് പടിഞ്ഞാറെ നടവഴി സംഘം ഇക്കരെ കടന്നു. രാത്രിയില്‍ പടിഞ്ഞീറ്റ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിതില്‍ ആയില്യാര്‍ക്കാവില്‍ നിഗൂഢ പൂജ നടക്കും. വിശിഷ്ടമായ അപ്പട നിവേദിക്കുകയും ചെയ്യും. ഈ പൂജയ്ക്ക് ശേഷം ആയില്യാര്‍ക്കാവിലേക്കുള്ള വഴി അടയ്ക്കും.പിന്നെ അടുത്ത വര്‍ഷത്തെ പ്രക്കൂഴം ചടങ്ങിനാണ് തുറക്കുക. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി പാലിച്ച് ചടങ്ങുകള്‍ മാത്രമായി നടത്താന്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നതല്ലെന്ന് ദേവസ്വം സ്‌പെഷ്യല്‍ ഓഫീസര്‍ വിജയി പറഞ്ഞു.

 

Related Articles

Back to top button