IndiaLatest

കല്‍ക്കരി ക്ഷാമം; 20 താപനിലയങ്ങള്‍ അടച്ചു

“Manju”

ന്യൂഡല്‍ഹി: കല്‍ക്കരിക്ക് ക്ഷാമമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടയില്‍ രാജ്യത്ത് 20ഓളം താപനിലയങ്ങള്‍ അടച്ചുപൂട്ടി. ലൈവ് ഹിന്ദുസ്ഥാനാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കല്‍ക്കരി ക്ഷാമമുള്ള നിലയങ്ങള്‍ അടച്ചിടാന്‍ അതത് സംസ്ഥാന സര്‍ക്കാരുകളാണ് നിര്‍ദേശം നല്‍കിയത്.
ഇതുവരെ പുറത്തുവന്ന വിവരമനുസരിച്ച്‌ പഞ്ചാബില്‍ മൂന്നും കേരളത്തില്‍ നാലും മഹാരാഷ്ട്രയില്‍ 13ഉം നിലയങ്ങളാണ് അടച്ചുപൂട്ടിയത്.
കല്‍ക്കരി കൂടുതലാണ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചാബ്, കര്‍ണാടക സര്‍ക്കാരുകള്‍ കേന്ദ്രത്തിന് കത്തയച്ചു.
ഇന്ധന വിലയിലെ വര്‍ധനയും കല്‍ക്കരി ക്ഷാമവും വൈദ്യുതി നിരക്കില്‍ വര്‍ധനയുണ്ടാക്കിയേക്കുമെന്ന് കോണ്‍ഗ്രസ് ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നിസ്സംഗതയെ പാര്‍ട്ടി കുറ്റപ്പെടുത്തി.
കല്‍ക്കരി ക്ഷാമം ഊതിവീര്‍പ്പിച്ചതാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. താപനിലയങ്ങളില്‍ കല്‍ക്കരി സ്റ്റോക്ക് ആവശ്യത്തിനുണ്ടെന്ന് കല്‍ക്കരി മന്ത്രി ആര്‍ കെ സിങ് അവകാശപ്പെട്ടു.
135ഓളം താപനിലയങ്ങളില്‍ പകുതിയെണ്ണത്തിലും മൂന്ന് ദിവസത്തേക്കുള്ള കല്‍ക്കരിമാത്രമേ അവശേഷിച്ചിട്ടുള്ളുവെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ വൈദ്യുതി ഉല്‍പ്പാദനത്തില്‍ പകുതിയില്‍ കൂടുതലും നിര്‍വഹിക്കുന്നത് കല്‍ക്കരി നിലയങ്ങളാണ്.
ഡല്‍ഹിയില്‍ വൈദ്യുതി ഉല്‍പ്പാദനം നിലച്ചേക്കുമെന്ന് അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവന പുറത്തുവന്നതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് കല്‍ക്കരി ക്ഷാമമുണ്ടെന്നത് കുപ്രചാരണമാണെന്ന് അവകാശപ്പെട്ടത്.
കേന്ദ്ര സര്‍ക്കാര്‍ കല്‍ക്കരി പ്രതിസന്ധിയുണ്ടെന്ന കാര്യം പോലും അംഗീകരിക്കാന്‍ തയ്യാറില്ലെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ കുറ്റപ്പെടുത്തി. കല്‍ക്കരി പ്രതിസന്ധിയില്‍ അന്വേഷണം നടത്തണമെന്ന് മുന്‍ കേന്ദ്ര മന്ത്രി ജയ്‌റാം രമേശ് ആവശ്യപ്പെട്ടു. മധ്യപ്രദേശ് വൈദ്യുതി മന്ത്രി പ്രഥുമന്‍ സിങ് തൊമര്‍ തങ്ങളുടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്ന് അവകാശപ്പെട്ടു. എട്ട് മെട്രിക് ടണ്‍ കല്‍ക്കരി വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബിലെ കല്‍ക്കരി പ്രതിസന്ധി മനുഷ്യനിര്‍മിതമാണെന്ന് ശിരോമണി അകാലിദള്‍ ആരോപിച്ചു. മുന്‍കൂട്ടി ആസൂത്രണം ചെയ്യാതിരുന്നതിന്റെ ഭാഗം കൂടിയാണ് പ്രതിസന്ധിയെന്നും പാര്‍ട്ടി മേധാവി സുഖ്ബീര്‍ സിങ് ബാദല്‍ കുറ്റപ്പെടുത്തി.
പഞ്ചാബില്‍ മൂന്ന് താപനിലയങ്ങള്‍ അടച്ച സാഹചര്യത്തില്‍ ഒക്ടോബര്‍ 13വരെ പവര്‍ കട്ട് പ്രഖ്യാപിച്ചു.
കല്‍ക്കരി ഉല്‍പ്പാദനം റെക്കോര്‍ഡ് നിലയിലായ ഈ വര്‍ഷത്തെ പ്രതിസന്ധിക്കു പിന്നില്‍ കനത്ത മഴയും കാരണമായെന്നാണ് കരുതുന്നത്. കല്‍ക്കരി ക്ഷാമം പല സംസ്ഥാനങ്ങളിലെയും വൈദ്യുതി ഉല്‍പ്പാദനത്തെ ബാധിച്ചു. പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാന്‍, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെയാണ് കൂടുതലും ബാധിച്ചത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കല്‍ക്കരിയുടെ വില വര്‍ധിച്ചതോടെ ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുപയോഗിക്കുന്ന പ്ലാന്റുകള്‍ ഉല്‍പ്പാദനം കുറച്ചതോ നിര്‍ത്തിവച്ചതോ ആണ് പ്രതിസന്ധിയുടെ മറ്റൊരു കാരണം.

Related Articles

Back to top button