Kerala

സ്വര്‍ണ്ണക്കടത്ത്‌;അന്വേഷണ ഏജന്‍സികളെ ആരോ വിലക്കുന്നു:മുല്ലപ്പള്ളി

“Manju”

എസ് സേതുനാഥ്

സത്യസന്ധമായി സ്വര്‍ണ്ണക്കടത്ത്‌ കേസ്‌ അന്വേഷിക്കുന്നതില്‍ നിന്ന്‌ അന്വേഷണ ഏജന്‍സികളെ ആരോവിലക്കുന്നുണ്ടെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. സെക്രട്ടേറിയറ്റിന്‌ മുന്നില്‍ മാധ്യമങ്ങളോട്‌ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനത്തെ കുറിച്ച്‌ മികച്ച അഭിപ്രായമാണ്‌ തനിക്കുള്ളത്‌.എന്നാല്‍ ആഗ്രഹിക്കുന്നതരത്തില്‍ അവര്‍ക്ക്‌ മുന്നോട്ട്‌ പോകാന്‍ കഴിയുന്നില്ല.ത്വരിതഗതിയിലുള്ള അന്വേഷണം നടക്കുന്നില്ല.അംഗീകരിക്കാനും ന്യായീകരിക്കാനും കഴിയാത്തവിധമുള്ള അനാസ്ഥ പ്രകടമാണ്‌. സെക്രട്ടേറിയറ്റിലെ സി.സി.ടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കാനുള്ള ആര്‍ജ്ജവവും സുപ്രധാനരേഖകള്‍ ശേഖരിക്കുന്നതിനുള്ള കാലതാമസവും ഏജന്‍സികളുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നു. ഈ ആന്വേഷണ ഏജന്‍സികള്‍ക്ക്‌ കുറ്റവാളികളെ പിടികൂടാന്‍ കഴിയില്ലെന്ന മൗഢ്യം തനിക്കില്ല.എന്നാല്‍ ഉന്നത ഇടപെടലുകളെ തുടര്‍ന്നാണ്‌ അന്വേഷണത്തിന്റെ മെല്ലപ്പോക്ക്‌.സ്വര്‍ണ്ണക്കടത്ത്‌ നയതന്ത്ര ബാഗിലല്ലെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ തുടരെയുള്ള പ്രസ്‌താവന ഇതോടൊപ്പം കൂട്ടിവായിക്കണം. മുന്‍വിധിയോടെയുള്ള കേന്ദ്രമന്ത്രിയുടെ പ്രസ്‌താവന ആരെ സഹായിക്കാനാണ്‌. ഈ കേസ്‌ അട്ടിമറിക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ രഹസ്യധാരണ ഉണ്ടായിട്ടുണ്ടെന്ന്‌ ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേസ്‌ അന്വേഷണത്തില്‍ കംസ്റ്റംസിന്റേത്‌ കുറ്റകരമായ അലംഭാവമാണ്‌.കളങ്കിതരായ നിരവധി ഉദ്യോഗസ്ഥര്‍ കംസ്‌റ്റംസിലുണ്ട്‌.കേരളം കള്ളക്കടത്തുകാരുടെ പറുദീസയാക്കിയതില്‍ ഇവര്‍ക്ക്‌ പങ്കുണ്ടോയെന്ന്‌ പരിശോധിക്കണം.കസ്‌റ്റംസിലെ പല ഉദ്യോഗസ്ഥരും സി.പി.എം ബന്ധമുള്ളവരാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

കള്ളക്കടത്തിനെ ന്യായീകരിക്കാനാണ്‌ മുഖ്യമന്ത്രി ശ്രമിക്കുന്നത്‌. ഈ സര്‍ക്കാരിന്‌ അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മിക അവകാശമില്ല.കുപ്രസിദ്ധി ആര്‍ജ്ജിച്ച ഭരണമാണ്‌ കേരളത്തിലേത്‌. നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടാകാമെന്ന്‌ ഒരു ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ ജലീല്‍ വ്യക്തമാക്കുന്നത്‌ അദ്ദേഹത്തിന്റെ പരസ്യകുറ്റസമ്മതമാണ്‌.തുടരെത്തുടരെ കള്ളം പറഞ്ഞാണ്‌ ആരോപണങ്ങളെ മന്ത്രി നേരിടുന്നത്‌.ഗുരുതരമായ ആരോപണങ്ങളെ ലഘൂകരിക്കാനും ശ്രദ്ധതിരിക്കാനുമായി സാമുദായിക വികാരം ഉണര്‍ത്തി വിടാനാണ്‌ മുഖ്യമന്ത്രിയുടേയും ജലീലിന്റേയും സി.പി.എമ്മിന്റേയും ശ്രമമെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

Related Articles

Back to top button