IndiaLatest

ഇന്ന് യാത്രാമൊഴി; രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും അന്ത്യാഞ്ജലി അര്‍പ്പിക്കും

“Manju”

ന്യൂഡല്‍ഹി: ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനും ഭാര്യക്കും മറ്റുള്ള ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രത്തിന്റെ ആദരാഞ്ജലി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സൈനിക മേധാവികള്‍ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ദല്‍ഹി കാമരാജ് മാര്‍ഗ്ഗിലെ സംയുക്ത സൈനിക മേധാവിയുടെ മൂന്നാം നമ്പര്‍ വസതിയില്‍ ഇന്ന് രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു തുടങ്ങിയ പ്രമുഖര്‍ എത്തി ജനറലിനും ഭാര്യ മധുലിമയ്ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കും.

ഇന്ന് രാവിലെ 11 മണി മുതല്‍ പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാം. പന്ത്രണ്ടര മുതല്‍ ഒന്നര വരെ സൈനികര്‍ തങ്ങളുടെ മേധാവിക്ക് അന്ത്യാഭിവാദ്യം നല്‍കും. ജനറലിന്റെയും ഭാര്യയുടേയും അന്ത്യയാത്ര ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കും. ദല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തിലാണ് സംസ്‌ക്കാര ചടങ്ങുകള്‍. പ്രധാനമന്ത്രി അടക്കമുള്ളവര്‍ അവിടെ ജനറലിന് വിട നല്‍കാനെത്തും.

അപകടത്തില്‍ കൊല്ലപ്പെട്ട ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡറിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ ഇന്ന് രാവിലെ ഒ‍ന്‍പതിന് കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍. മറ്റു പത്തു സൈനികോദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ ആര്‍മി ബേസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ സംസ്‌ക്കാരം വൈകിയേക്കും. സൈനികരുടെ ബന്ധുക്കളെയെല്ലാം ഡല്‍ഹിയിലെത്തിച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധന അടക്കം നടത്തി ഓരോ മൃതദേഹങ്ങളും ആരുടേതെന്ന് ഒരിക്കല്‍കൂടി ഉറപ്പാക്കിയ ശേഷം മാത്രമേ സംസ്‌ക്കാര ചടങ്ങുകള്‍ക്കായി വിട്ടുനല്‍കൂ. തുടര്‍ന്ന് മൃതദേഹങ്ങള്‍ അതാതു നാടുകളിലെത്തിക്കും. സമ്പൂര്‍ണ്ണ സൈനിക ബഹുമതികളോടെയാണ് എല്ലാവരുടേയും സംസ്‌ക്കാരം നടക്കുക.

Related Articles

Back to top button