IndiaLatest

കല്‍ക്കരി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ച്‌ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിദിന ഉല്‍പ്പാദനം 1.94 ദശലക്ഷം ടണ്ണില്‍ നിന്ന് 2 ദശലക്ഷം ടണ്ണായി ഒരാഴ്ചക്കുള്ളില്‍ വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. ഒരു മാസത്തിനുള്ളില്‍ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
കല്‍ക്കരി മുഖ്യ ഇന്ധനമായി ഉപയോഗിക്കുന്ന താപനിലയങ്ങളും റെയില്‍വേയും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പല താപനിലയങ്ങളും ഇതോടകം അടച്ചുപൂട്ടി.
കല്‍ക്കരി ക്ഷാമത്തിന് നിരവധി കാരണങ്ങളുണ്ടെന്നും തങ്ങളുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് പ്രതിസന്ധിയുടെ മൂല കാരണമെന്നും അഭിപ്രായപ്പെട്ട് ഇതിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നിട്ടുണ്ട്.
”കല്‍ക്കരി സ്റ്റോക്ക് ആവശ്യത്തിന് സൂക്ഷിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കല്‍ക്കരി മന്ത്രാലയം അറിയിച്ചിരുന്നു. പക്ഷേ, ആരും അത് മുഖവിലക്കെടുത്തില്ല. കോള്‍ ഇന്ത്യക്ക് സൂക്ഷിക്കാവുന്ന കല്‍ക്കരിക്ക് ഒരു പരിധിയുണ്ട്. കൂടുതല്‍ സ്‌റ്റോക്ക് സൂക്ഷിച്ചാല്‍ കത്തിപ്പിടിക്കാനുള്ള സാധ്യത കൂടുതലാണ്”- കല്‍ക്കരി മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.
”രാജസ്ഥാന്‍, ബംഗാള്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി കല്‍ക്കരി ഖനികളുണ്ട്. അവരും കൂടുതല്‍ കല്‍ക്കരി ഉല്‍പ്പാദിപ്പിച്ചില്ല. കൊവിഡും മഴയും കാരണമായി പറഞ്ഞ് അവര്‍ വെറുതേയിരുന്നു. നീണ്ടു നില്‍ക്കുന്ന മഴയും പ്രതിസന്ധിക്ക് കാരണമായി”- ഉദ്യോഗസ്ഥര്‍ പറയുന്നു.
കഴിഞ്ഞ കാലത്ത് കല്‍ക്കരി ഇറക്കുമതിയില്‍ 12 ശതമാനത്തിന്റെ കുറവുണ്ടായി. വിദേശ വിപണിയില്‍ വില വര്‍ധിച്ചതും ഇറക്കുമതി കുറയാന്‍ കാരണമായി. പകരം അവര്‍ ആഭ്യന്തര കല്‍ക്കരി ഖനികളെ കൂടുതലായി ആശ്രയിച്ചു. അതും പ്രതിസന്ധി രൂക്ഷമാക്കി.
അതേസമയം കല്‍ക്കരി മന്ത്രാലയത്തിന് പല സംസ്ഥാനങ്ങളും വന്‍തോതില്‍ പണം നല്‍കാനുണ്ട്. മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക, ബംഗാള്‍, തിമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് വീഴ്ച വരുത്തിയവരില്‍ മുന്നില്‍. എല്ലാ സംസ്ഥാനങ്ങളും ചേര്‍ന്ന് 20,000 കോടിയാണ് കോള്‍ ഇന്ത്യക്ക് നല്‍കാനുള്ളത്.
ഗ്രാമീണ മേഖലയിലെ വൈദ്യുതിവല്‍ക്കരണം, വ്യവസായവല്‍ക്കരണം തുടങ്ങിയവയും വൈദ്യുതി ഉപഭോഗം വര്‍ധിപ്പിച്ചു.
കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ പഞ്ചാബ്, ഡല്‍ഹി സര്‍ക്കാരുകള്‍ തങ്ങളുടെ താപനിലയങ്ങള്‍ അടച്ചുപൂട്ടി.

Related Articles

Back to top button