Health

വയറിലുണ്ടാകുന്ന അണുബാധ അല്‍ഷിമേഴ്‌സ് രോഗസാധ്യത കൂട്ടുന്നതായി പഠനം

“Manju”

ലോകജനസംഖ്യയുടെ മൂന്നില്‍ രണ്ട് പേരിലും പൊതുവായി കാണപ്പെടുന്ന ഗട്ട് ബാക്ടീരിയ അല്‍ഷിമേഴ്‌സ് രോഗസാധ്യത കൂട്ടുന്നതായി മക്ഗില്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു. അല്‍ഷിമേഴ്‌സ് അസോസിയേഷന്‌റെ ജേണലായ അല്‍ഷിമേഴ്‌സ് ആന്‍ഡ് ഡിമെന്‍ഷ്യ ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദഹനക്കേട്, ഗ്യാസ് പ്രശ്‌നങ്ങള്‍, അള്‍സര്‍, വയറിലെ കാന്‍സര്‍ എന്നിവയ്ക്ക് ഈ അണുബാധ കാരണമാകുമെന്നും പഠനം പറയുന്നു. 50 വയസ് പിന്നിട്ട യുകെയിലെ നാല് മില്യന്‍ ആളുകളുടെ വിവരങ്ങളാണ് 1988-2019 കാലയളവിലായി പഠനത്തിനായി ഗവേഷകര്‍ നിരീക്ഷിച്ചത്. ഇതില്‍നിന്ന് എച്ച്. പൈലോറി അണുബാധയുള്ള ആളുകള്‍ക്ക് അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യത 11 ശതമാനം കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു.

50 വയസും അതില്‍ കൂടുതലുമുള്ളവരില്‍ പ്രത്യക്ഷമായ ഹെലിക്കോബാക്റ്റര്‍ പൈലോറി (എച്ച് പൈലോറി) അണുബാധ അല്‍ഷിമേഴ്സ് രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ടോയെന്ന് ഗവേഷകര്‍ അന്വേഷിച്ചു.ഏറ്റവും സാധാരണയായി കാണപ്പെടുന്ന ഡിമെന്‍ഷ്യയാണ് അല്‍ഷിമേഴ്‌സ്. ഇതിന്‌റെ കാരണം അറിയില്ലെങ്കിലും രോഗത്തിലേക്കു നയിക്കുന്നതില്‍ അണുബാധയും കാരണമാകുന്നുണ്ട് എന്നാണ് കണ്ടെത്തല്‍.

ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ അല്‍ഷിമേഴ്‌സ് രോഗികളാവുന്നുണ്ട്. അടുത്ത 40 വര്‍ഷത്തിനുള്ളില്‍ ഡിമെന്‍ഷ്യ രോഗികളുടെ എണ്ണം മൂന്നിരട്ടി ആകാമെന്നും ഗവേഷകര്‍ പറയുന്നു. ഈ രോഗത്തിന് മതിയായ ചികിത്സ ഇല്ലെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ മക്ഗില്‍ ഡിപ്പാര്‍ട്ട്‌മെന്‌റ് ഓഫ് മെഡിസിന്‍ പ്രൊഫസര്‍ ഡോ. പോള്‍ ബ്രസാഡ് പറഞ്ഞു. ജനസംഖ്യാ തലത്തില്‍ അണുബാധകള്‍ കുറയ്ക്കുന്നതിന് വ്യക്തിഗത നിര്‍മാര്‍ജന പരിപാടികള്‍ പോലുള്ള പ്രതിരോധ തന്ത്രങ്ങളുടെ ഭാഗമായി ഡിമെന്‍ഷ്യയില്‍ എച്ച് പൈലോറിയുടെ പങ്കിനെക്കുറിച്ചുള്ള ഈ കണ്ടെത്തലുകള്‍ പ്രതീക്ഷകള്‍ നല്‍കുമെന്നും ഡോ ബ്രാസാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button