KeralaLatest

റേഷന്‍ കരിഞ്ചന്ത : 3 പേര്‍ റിമാന്‍ഡില്‍

“Manju”

കൊച്ചി സിറ്റി റേഷനിങ് ഓഫീസ് പരിധിയില്‍ കരിഞ്ചന്തയില്‍ റേഷന്‍ധാന്യങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി.
എആര്‍ഡി 44 നമ്ബര്‍ റേഷന്‍കടയിലെ വില്‍പ്പനക്കാരന്‍ തുരുത്തി സ്വദേശി സുനില്‍ബാബു (46), സഹായികളായ കല്‍വത്തി പാതിയാശേരി വീട്ടില്‍ ഷുഹൈബ് (30), ചിരട്ടപ്പാലം കളത്തിപ്പറമ്ബില്‍ വീട്ടില്‍ രാകേഷ് (21) എന്നിവരാണ് പിടിയിലായത്‌. ഇവരെ കോടതി റിമാന്‍ഡ്‌ ചെയ്തു. കെ എം ഉസ്മാന്‍ എന്നയാളുടെ പേരിലാണ് ലൈസന്‍സ്‌. ഈ ലൈസന്‍സ്‌ ഭക്ഷ്യ പൊതുവിതരണവകുപ്പ്‌ അധികൃതര്‍ റദ്ദാക്കി.
ചുള്ളിക്കല്‍ പി സി അഗസ്റ്റിന്‍ റോഡിലെ സംഭരണ കേന്ദ്രത്തില്‍നിന്ന് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് പൊലീസ് ധാന്യങ്ങള്‍ പിടിച്ചെടുത്തത്. ചരക്കുവാഹനത്തില്‍നിന്നും സംഭരണ കേന്ദ്രത്തില്‍നിന്നുമായി 74 ചാക്ക് കുത്തരി, 11 ചാക്ക് ഗോതമ്ബ്, 19 ചാക്ക് പുഴുക്കലരി എന്നിവയാണ് പിടിച്ചെടുത്തത്.
കല്‍വത്തിയിലെ എആര്‍ഡി 44 റേഷന്‍കടയുടെ സെയില്‍സ്‌മാനാണ് സംഭരണകേന്ദ്രം നടത്തുന്നതെന്നതിനാല്‍ ചൊവ്വാഴ്ച റേഷന്‍കടയില്‍ റേഷനിങ് അധികൃതരും പൊലീസും പരിശോധന നടത്തി. കടയില്‍ അധിക സ്റ്റോക്കുണ്ടെന്ന് കണ്ടെത്തി. 2928 കിലോഗ്രാം കുത്തരി, 496 കിലോഗ്രാം ഗോതമ്ബ്, 904 കിലോഗ്രാം പുഴുക്കലരി എന്നിവയാണ് അധികമായി കണ്ടെത്തിയത്.
ഉസ്‌മാന്റെ പേരിലാണ്‌ ലൈസന്‍സ്‌ എങ്കിലും സുനില്‍ ബാബുവാണ് റേഷന്‍കട നടത്തിയിരുന്നത്. മറ്റ് ചില ലൈസന്‍സികളുടെ കടകൂടി ഏറ്റെടുത്തുനടത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
റേഷന്‍ധാന്യങ്ങള്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്ന്‌ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞ് കൊച്ചി സിറ്റി റേഷനിങ് ഓഫീസ് പരിധിയിലെ റേഷന്‍കടകളില്‍ ചൊവ്വാഴ്ച ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പെരുമ്ബാവൂര്‍, പറവൂര്‍, കണയന്നൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെയും എറണാകുളം സിറ്റി റേഷനിങ് ഓഫീസറുടെയും നേതൃത്വത്തിലായിരുന്നു പരിശോധന.

Related Articles

Back to top button