KeralaLatest

ഇരിട്ടി മാടത്തിലെ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞ 10 പേർ വീട്ടിലേക്ക് മടങ്ങി

“Manju”

ഹർഷദ്ലാൽ

ഇരിട്ടി : കര്‍ണ്ണാടകയില്‍ നിന്ന് വനത്തിലൂടെ കേരളത്തിലേക്ക് കടന്ന ആദ്യ സംഘത്തിലെ പതിനാല് ദിവസം നിരീക്ഷണകേന്ദ്രത്തിൽ കഴിഞ്ഞ 10 പേർ വീട്ടിലേക്കു മടങ്ങി. ഇരിട്ടി മാടത്തിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞ വരാണ് വീടുകളിലേക്ക് മടങ്ങിയത് . ഇവര്‍ ഇനി 14 ദിവസം വീടുകളിലും നിരീക്ഷണത്തില്‍ തുടരണം .
കര്‍ണ്ണാടകത്തിലെ വീരാജ്‌പേട്ടയില്‍ കൃഷിപണിക്കായി പോയി കര്‍ണ്ണാടകത്തില്‍ കുടുങ്ങിയവര്‍ കര്‍ണ്ണാടക വനത്തിലൂടെ കേരളത്തിലേക്ക് എത്തിയ ആദ്യ സംഘത്തിൽ പെട്ടവരാണിവർ. ഇവരെ ഉളിക്കല്‍ പഞ്ചായത്തിലെ മാട്ടറയില്‍ വച്ച് റവന്യൂ ആരോഗ്യവകുപ്പും പോലീസും ചേര്‍ന്ന് കണ്ടെത്തുകയും ഇരിട്ടി മാടത്തിലെ സെറോന ഹോട്ടലില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.14 ദിവസം നിരീക്ഷണം പൂര്‍ത്തിയായതോടെയാണ് ഇവരെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിച്ചത് . ഇവര്‍ക്കായി ആരോഗ്യവകുപ്പും റവന്യു വകുപ്പുും പഞ്ചായത്തും ഇവിടെഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് ഇവരെ വീടുകളിലേക്ക് അയച്ചത്. ഇരിട്ടി തഹസില്‍ദാര്‍ കെ. കെ. ദിവാകരന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് പി. പി. രവീന്ദ്രന്‍, ഇരിട്ടി ജോയിന്റ് ആര്‍ ടി ഒ ഡാനിയേല്‍ സറ്റീഫന്‍, നോഡല്‍ ഓഫീസര്‍ മനോജ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗിരിജ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇവരെ യാത്രയയച്ചത്. ജോയിന്റ് ആര്‍ ടി ഒ യുടെ നേതൃത്വത്തിലാണ് വീടുകളിലേക്ക് പോകാന്‍ ഇവര്‍ക്ക് വാഹനം ഏര്‍പ്പെടുത്തിയത്.

നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയാണ് മടങ്ങിയത്. പത്തുപേരും ചേർന്ന് സമാഹരിച്ച തുക ഇവർ ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരന് കൈമാറുകയായിരുന്നു. നിരീക്ഷണ കാലാവധി കഴിഞ്ഞ ശേഷം വീട്ടിലേക്ക് പോവുന്നതിനിടയിലാണ് ഇവരുടെ മാതൃകാപരമായ പ്രവര്‍ത്തനം. മാലൂര്‍, മട്ടന്നൂര്‍, വെളിയമ്പ്ര തുടങ്ങിയ പ്രദേശങ്ങളില്‍ ഉള്ളവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നവർ .

Related Articles

Leave a Reply

Back to top button