KeralaLatest

രാജന്‍ ഓട്ടോ ഓടിച്ചെത്തിയത് പുതുജീവിതത്തിലേയ്ക്ക്

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

 

തിരുവനന്തപുരം: ഏപ്രില്‍ 17 വെളുപ്പിന് അഞ്ചുമണിയ്ക്ക് പാറശാല മുറിയത്തോട്ടം തോട്ടത്തുവിള പുത്തന്‍വീട്ടില്‍ രാജന്‍ അവശതകള്‍ വകവയ്ക്കാതെ ഭാര്യയെയും കൂട്ടി മെഡിക്കല്‍ കോളേജിലേയ്ക്ക് ഓട്ടോറിക്ഷ ഓടിച്ചെത്തുകയായിരുന്നു. യോജിച്ച വൃക്ക ലഭ്യമായിട്ടുണ്ട്; താത്പര്യമുണ്ടെങ്കില്‍ എത്രയും വേഗമെത്തുക. പ്രതീക്ഷയോടെ കാത്തിരുന്ന ഫോണ്‍ സന്ദേശം മൃതസഞ്ജീവനി നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസ് കൈമാറിയപ്പോള്‍ മറുപടി പോലും പറയാന്‍ സമയം കളയാതെ രാജന്‍ ഭാര്യയുമൊത്ത് ആശുപത്രിയിലെത്തി.

രോഗം തകര്‍ത്ത ജീവിതം തിരിച്ചുപിടിക്കാന്‍ ആകെയുള്ള പോംവഴി വൃക്ക മാറ്റിവയ്ക്കലാണ്. അതിനാണ് അവസരം ലഭിച്ചത്. ദാതാവിൻെറയും സ്വീകർത്താവിന്റെയും കോവിഡ് പരിശോധനകൾക്കൊപ്പം മറ്റു നടപടികളും പൂര്‍ത്തിയാക്കി ശസ്ത്രക്രിയയും നടന്നു.

യൂറോളജി വിഭാഗം മേധാവിയായിരുന്ന ഡോ വേണുഗോപാലിന്‍റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. കോവിഡ് 19 ന്‍റെ ഭാഗമായുള്ള ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ തരണം ചെയ്താണ് ശസ്ത്രക്രിയ നടന്നത്. അതിനായി ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഇടപെട്ട് സാങ്കേതിക തടസങ്ങളെല്ലാം നീക്കി അടിയന്തരമായി ചികിത്സ ലഭ്യമാക്കുകയായിരുന്നു. ഓട്ടോറിക്ഷത്തൊഴിലാളിയായ രാജന്‍ 25 വര്‍ഷം മുമ്പ് രക്താദിസമ്മര്‍ദത്തിനും പ്രമേഹത്തിനും പാറശാല ഗവ. ആശുപത്രിയിലും തുടര്‍ന്ന് കാരക്കോണം മെഡിക്കല്‍ കോളേജിലും ചികിത്സ നടത്തി. ചികിത്സയുടെ ഭാഗമായുള്ള പരിശോധനകളില്‍ ഇരുവൃക്കകളും തകരാറിലാണെന്ന് കണ്ടെത്തി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടര്‍ ചികിത്സയ്ക്കെത്തി. എന്നാല്‍ വൃക്കകള്‍ പൂര്‍ണമായി പ്രവര്‍ത്തനരഹിതമായതിനാല്‍ വൃക്ക മാറ്റിവയ്ക്കല്‍ മാത്രമായിരുന്നു ഏക പോംവഴി.

അതിന് ലഭിച്ച അവസരം ജീവിതത്തിലൊരിക്കലും മറക്കാനാവില്ലെന്ന് രാജനും ഭാര്യ സിന്ധുവും പറയുന്നു. സിന്ധു അര്‍ബുദ രോഗത്തിന് ചികിത്സയിലാണ്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ മകളെ നോക്കാന്‍ ഭര്‍ത്താവുണ്ടല്ലോയെന്ന സമാധാനമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിനും രോഗം ബാധിച്ചപ്പോള്‍ പ്രതീക്ഷകളെല്ലാം അസ്തമിച്ചതായിരുന്നു. ഇപ്പോള്‍ സമാധാനമുണ്ട്. സംസ്ഥാനസര്‍ക്കാരിന്‍റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി യഥാര്‍ത്ഥത്തില്‍ പുനര്‍ജന്മമേകുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് 21-ാം ദിവസമായ മേയ് എട്ട് വെള്ളിയാഴ്ച ആശുപത്രി വിട്ട രാജന് ആരോഗ്യവകുപ്പുമന്ത്രി ആശംസകള്‍ നേര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജ ടീച്ചര്‍, മൃതസഞ്ജീവനിയുടെ അമരക്കാരായ ഡി എം ഇ ഡോ എ റംലാബീവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എം കെ അജയകുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ്, നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസ്, കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ക്കെല്ലാം നന്ദിയും കടപ്പാടുമുണ്ടെന്ന് രാജനും കുടുംബവും പറഞ്ഞു.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എം കെ അജയകുമാറിന്‍റെ നേതൃത്വത്തില്‍ ആശുപത്രി അധികൃതരും ജീവനക്കാരും ചേര്‍ന്നാണ് രാജനെ യാത്രയാക്കിയത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊറോണചികിത്സയുടെ തിരക്കുകള്‍ക്കിടയിലും വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയകരമായി പൂര്‍ത്തീകരിച്ച് രോഗിയെ പൂര്‍ണ ആരോഗ്യത്തോടെ വീട്ടിലേയ്ക്കയച്ചിരിക്കുകയാണ്. വിശ്രമരഹിതമായ സേവനത്തിനിടെയും ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും മറ്റുജീവനക്കാരുടെയും കൂട്ടായ്മയുടെ ഉദാഹരണം കൂടിയാണ് ഈ വിജയം.

Related Articles

Back to top button