KeralaLatest

മിഠായി തെരുവില്‍ നാളെ മുതല്‍ എല്ലാ കടകളും തുറക്കും

“Manju”

ശ്രീജ. എസ്

കോഴിക്കോട്: അടഞ്ഞ് കിടന്നിരുന്ന മിഠായി തെരുവില്‍ നാളെ മുതല്‍ കടകള്‍ തുറക്കും. എല്ലാ കടകളും തുറക്കാന്‍ അനുവദം നല്‍കി. ഇന്ന് ജില്ലാകളക്ടറേറ്റില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. കടകളുടെ വലിപ്പം സംബന്ധിച്ചും ഒരു കടയില്‍ ഒരേ സമയം എത്ര പേരെ കയറ്റാന്‍ കഴിയും എന്നതും കടയുടമകള്‍ സത്യവാങ്മൂലം നല്‍കണം. സാധനങ്ങള്‍ വാങ്ങിക്കാനല്ലാതെ ആരേയും മിഠായി തെരുവിലേക്ക് പ്രവേശിപ്പിക്കുകയില്ല. തെരുവ് കച്ചവടം പോലുള്ളവയും ഉണ്ടാവില്ല. അങ്ങനെയുണ്ടായാല്‍ പിഴ ശിക്ഷയടക്കമുള്ളവ ചുമത്താനും ചര്‍ച്ചയില്‍ തീരുമാനമുണ്ടായി. മറ്റെല്ലായിടങ്ങളിലും കടകളില്‍ തുറക്കാന്‍ അനുവദിച്ചിട്ടും മിഠായി തെരുവില്‍ അനുവാദമില്ലാത്തതില്‍ വ്യാപാരികള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് കോഴിക്കോട് ടൗണ്‍ സ്‌റ്റേഷന് മുമ്പിലടക്കം പ്രതിഷേധ പരിപാടികളും നടന്നിരുന്നു. തുടര്‍ന്നാണ് കടകള്‍ തുറക്കാന്‍ തീരുമാനമായത്.

കോവിഡ് മൂലം പ്രതിസന്ധിയിലായ കച്ചവടക്കാര്‍ക്ക് ഈ പെരുന്നാള്‍ കാലത്തും തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് വലിയ തിരിച്ചടിയാവുമെന്ന് വ്യാപാരികള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. പ്രതിഷേധമെന്നോണം വ്യാപാരി വ്യവസായി ഏകോപന സമതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ അനുവാദമില്ലാതെ തന്റെ കട തുറക്കാന്‍ കഴിഞ്ഞ ദിവസം ശ്രമിച്ചെങ്കിലും അത് പോലീസെത്തി തടഞ്ഞിരുന്നു. അഞ്ചു പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് കളക്ടറേറ്റില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടന്നത്.

Related Articles

Back to top button