IndiaLatest

അടച്ചിടൽ നീട്ടണം; പ്രധാനമന്ത്രിയോട്‌ ആറുസംസ്ഥാനങ്ങൾ

“Manju”

ശ്രീജ. എസ്

ന്യൂഡൽഹി: മേയ് 17-ന് അവസാനിക്കുന്ന ദേശീയ അടച്ചിടൽ നീട്ടണമെന്ന് ആറു സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച നടത്തിയ വീഡിയോ കോൺഫറൻസിലാണ് മഹാരാഷ്ട്ര, പഞ്ചാബ്, ബംഗാൾ, ബിഹാർ, തെലങ്കാന, അസം മുഖ്യമന്ത്രിമാർ ഈ ആവശ്യമുന്നയിച്ചത്.

തീവണ്ടി സർവീസുകളും വിമാന സർവീസുകളും ഈ മാസം 31 വരെ തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് പാടില്ലെന്ന് തമിഴ്‌നാടും തെലങ്കാനയും ആവശ്യപ്പെട്ടു. അടച്ചിടൽ മാർഗനിർദേശങ്ങളിൽ മാറ്റംവരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്കു നൽകണമെന്ന് കേരളം ഉൾപ്പടെ പ്രതിപക്ഷം ഭരിക്കുന്നസംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. അടച്ചിടൽ നീട്ടേണ്ടതില്ലെന്ന നിലപാടാണ് ഗുജറാത്ത് സ്വീകരിച്ചത്.

എന്നാൽ, രോഗവ്യാപനമില്ലാത്ത മേഖലകളിൽ കൂടുതൽ ഇളവുകൾ വേണമെന്നും സാമ്പത്തിക പ്രവർത്തനങ്ങൾ അനുവദിക്കണമെന്നും ഡൽഹി ഉൾപ്പടെ ഭൂരിപക്ഷം സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തരമായി സാമ്പത്തികപാക്കേജ് അനുവദിക്കണമെന്ന് സംസ്ഥാനങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ടു. സാമ്പത്തികപ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതു സംബന്ധിച്ച് ഈ മാസം 15-നകം നിർദേശങ്ങൾ സമർപ്പിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.

കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ സന്തുലിതമായ സമീപനമാണ് വരും ദിവസങ്ങളിൽ നടപ്പാക്കേണ്ടതെന്ന് ആമുഖപ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചു. ഇളവുകൾമൂലം രോഗം ഗ്രാമങ്ങളിലേക്കു പടരുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് രോഗവ്യാപനത്തിനുശേഷം അഞ്ചാംവട്ടമാണ്‌ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തുന്നത്.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. വൈകീട്ട് നാലിനുതുടങ്ങിയ യോഗം രാത്രി വൈകിയാണ് അവസാനിച്ചത്. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് സംസാരിക്കാൻ അവസരം നൽകി.

ജനങ്ങളുടെ ഉപജീവനപ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടണമെന്ന് വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. റെയിൽ, റോഡ്, വ്യോമയാത്ര അനുവദിക്കുമ്പോൾ കർക്കശമായ മുൻകരുതലും നിയന്ത്രണങ്ങളും വേണം. സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായമേഖലയ്ക്കും അസംഘടിതമേഖലയിലെ തൊഴിലാളികൾക്കുമുള്ള സഹായപദ്ധതികൾ ഉടൻ പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Related Articles

Back to top button