KeralaLatest

തദ്ദേശസ്ഥാപനങ്ങള്‍ രണ്ട് ദിവസത്തിനകം നിര്‍ദേശങ്ങള്‍ നല്‍കണം

“Manju”

പ്രജീഷ് വള്ള്യായി

കണ്ണൂർ:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് രണ്ട് ദിവസത്തിനകം നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ജില്ലാ ആസൂത്രണ സമിതി നിര്‍ദ്ദേശിച്ചു. കൃഷി, മൃഗസംരക്ഷണം, ക്ഷീരം, മത്സ്യകൃഷി എന്നീ മേഖലകളെ ഉള്‍ക്കൊള്ളിച്ചാണ് ജില്ലയില്‍ സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുന്നത്.

തദ്ദേശ തലത്തില്‍ തരിശുഭൂമി കണ്ടെത്തി കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ വിളകള്‍ കൃഷി ചെയ്യുകയാണ് നല്ലതെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. തദ്ദേശസ്ഥാപന അധ്യക്ഷന്‍, സെക്രട്ടറി, കൃഷി ഓഫീസര്‍ എന്നിവരടങ്ങുന്ന സംഘം അതത് പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. കാര്‍ഷിക പ്രവൃത്തികളില്‍ 25 ശതമാനം യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണം. വീടുകള്‍ കേന്ദ്രീകരിച്ചുള്ള കൃഷിക്ക് പ്രോത്സാഹനം നല്‍കണം. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ കൃഷി ചെയ്യുകയും പ്രാദേശികമായി സംഭരണവും ഉറപ്പാക്കുകയും വേണം. കൃഷിക്ക് ആവശ്യമായ വളവും മറ്റ് ആവശ്യങ്ങളും ഉറപ്പാക്കുന്നതിന് കാര്‍ഷിക സേവന കേന്ദ്രങ്ങളും ആരംഭിക്കും.
പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, സഹകരണ മേഖല എന്നിവ സംയുക്തമാണ് സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കുക.

തദ്ദേശസ്ഥാപന അധ്യക്ഷന്‍ ചെയര്‍മാനായും സഹകരണ ബാങ്ക് പ്രസിഡണ്ട് കോ ചെയര്‍മാനായും കൃഷി ഓഫീസര്‍ കണ്‍വീനറായും രൂപീകരിക്കുന്ന കമ്മിറ്റിയില്‍ എം എല്‍ എ, ജില്ലാ പഞ്ചായത്തംഗം, ബ്ലോക്ക് പഞ്ചായത്തംഗം, വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍, വില്ലേജ് ഓഫീസര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍, തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. കൃഷിയ്ക്ക് ആവശ്യമായ സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതിന് മതപുരോഹിതര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായം ഉറപ്പാക്കും.
ജില്ലാ പ്ലാനിങ്ങ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി ജയബാലന്‍, വി കെ സുരേഷ് ബാബു, ജില്ലാ പഞ്ചായത്തംഗം അജിത് മാട്ടൂല്‍, ആസൂത്രണ സമിതി അംഗം കെ വി ഗോവിന്ദന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു

 

Related Articles

Back to top button