KeralaLatest

സിനിമയില്ലെങ്കിലും വിഷമിക്കണ്ട. കേള്‍ക്കാം കിടിലന്‍ പഞ്ചിംഗ് ഡൈലോഗ്സ്

“Manju”

വി.ബി.നന്ദകുമാര്‍

ഞാനിപ്പോള്‍ കളിക്കാത്തത് രാഷ്ട്രീയം മാത്രം. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ പഞ്ചിംഗ് ഡൈലോഗാണ്. ഇതിലെന്ത് പഞ്ചിംഗ് ഇരിക്കുന്നു എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. എന്നാല്‍ ഉണ്ട്. ഇത് പറഞ്ഞത് പിണറായി എന്ന രാഷ്ട്രീയ തലവന്‍ ആണ് എന്നതുതന്നെ. ഇപ്പോള്‍ നിങ്ങളും സമ്മതിക്കും ഇത് പഞ്ചിംഗ് ഡൈലോഗ് തന്നെയെന്ന്. ഒന്നല്ല കഴിഞ്ഞ ആഴ്ച പഞ്ചിംഗ് ഡൈലോഗുകളുടെ ആഴ്ചയായിരുന്നു എന്നു പറയണം. സിനിമാശാലകളൊക്കെ അടഞ്ഞുകിടക്കുകയല്ലേ. അതുകൊണ്ട് നമുക്ക് ഇപ്പോള്‍ പഞ്ചിംഗ് ഡൈലോഗ് കേള്‍ക്കാന്‍ കഴിയുന്നില്ല എന്ന് സങ്കടപ്പെടണ്ട. പഞ്ചിംഗ് ഡൈലോഗുകളുടെ പൊടിപൂരമായിരുന്നു കഴിഞ്ഞ ആഴ്ച. അതില്‍ ആദ്യം കേട്ട് ഞെട്ടിപ്പോയ ഡൈലോഗ് ഇതാണ്. ഞാനിപ്പോള്‍ കളിക്കാത്തത് രാഷ്ട്രീയം മാത്രം ന്താ… നമ്മുടെ മുഖ്യന്‍ ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്. പഞ്ചിംഗ് ഡൈലോഗുകള്‍ക്കൊക്കെ മാറ്റം വരുത്തിയിരിക്കുന്നു. ആളാകെ മാറിയെന്നേ… പണ്ട് ചില തിരഞ്ഞെടുപ്പ് യോഗത്തിലൊക്കെ മറ്റ് ചില പ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. അന്ന് ഇരുതലമൂര്‍ച്ചയായിരുന്നു അതിന്. കിടത്തേണ്ടവനെ കിടത്താനും കുത്തേണ്ടവനെ കുത്താനും. ആണ് അന്ന് പ്രയോഗങ്ങള്‍. പാര്‍ട്ടിയില്‍ നിന്ന് പുറത്ത് കടന്നവരെ ക്കുറിച്ചും എന്തോ കുത്തികള്‍ എന്നൊക്കെ ഡയലോഗ് അടിച്ചിട്ടുണ്ട്. അതിലൊക്കെ ഒരു രാഷ്ട്രീയ കളിയുണ്ടായിരുന്നു. ഇതൊക്കെ പഴയകഥ. ഇന്നിപ്പോള്‍ ദേ.. അദ്ദേഹം രാഷ്ട്രീയം കളിക്കില്ലെന്ന് വച്ചങ്ങ് കാച്ചികഴിഞ്ഞു. ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലേക്ക് എത്തിക്കുന്നതില്‍ മുഖ്യമന്ത്രി രാഷ്ടീയം കളിക്കുകയാണെന്ന് പ്രതിപക്ഷപാര്‍ട്ടിയിലെ ചില എം.പി.മാര്‍ അങ്ങ് താങ്ങി. കളി പിണറായിയോടാണോ. അപ്പോഴാണ് മുഖ്യന്‍ ഈ പഞ്ചിംഗ് ഡൈലോഗ് കാച്ചിയത്. ഹേ..പ്രതിപക്ഷ എം.പി.മാരെ ജാഗ്രതൈ. ഇനിയും വരും കേരളരാജ്യത്തിന്റെ ഭരണതലവനില്‍ നിന്നും ഇടിവെട്ടും പഞ്ചിംഗ് ഡൈലോഗ്സ്. താങ്ങാന്‍ സജ്ജരായി ഇരുന്നുകൊള്‍ക.

പഞ്ചിംഗ് ഡൈലോഗുപോലെതന്നെ വാണിംഗ് ഡാലോഗും ഇപ്പോള്‍ സദാ തൊടുത്തിവിടുകയാണ് മുഖ്യന്‍നിയന്ത്രണം പാളിയാല്‍ കൈവിട്ട്പോകും. ശരിയല്ലേ ഉശിരന്‍ വാണിംഗ് ഡൈലോഗല്ലേ ഇത്. വിദേശത്തുനിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മലയാളികള്‍ ഇങ്ങോട്ടു വരാന്‍ തുടങ്ങിയപ്പോഴാണ് മുഖ്യന്റെ ഈ വാണിംഗ്. ഇവിടെയെല്ലാം സുരക്ഷിതമാണെന്ന അതിരുകടന്ന ആത്മവിശ്വാസം വേണ്ട എന്നാണ് ഇതിന് പിന്നിലെ സാരം. തീര്‍ച്ചയായും മുഖ്യന്‍ പറഞ്ഞതില്‍ കാര്യമുണ്ട്. കോവിഡിനെ ഒരുപരുവത്തില്‍ ഒതുക്കിനിര്‍ത്തിയിരുന്ന പശ്ചാത്തലത്തില്‍ തീര്‍ച്ചയായും നമ്മള്‍ നിയന്ത്രണം പാലിക്കുകതന്നെ വേണം.

ആത്മ നിര്‍ഭര്‍ഭാരത്. ഇതാവന്നു കഴിഞ്ഞ ആഴ്ചകേട്ട മറ്റൊരു ഇടിവെട്ടും പഞ്ചിംഗ് ഡൈലോഗ്. ഇടിവെട്ട് എന്നുപറയാന്‍ കാരണമുണ്ട്. അറിയാമല്ലോ പഞ്ചിംഗ് ഡൈലോഗിന്റെ കാലന്‍ എന്നൊക്കെ സ്നേഹത്തോടെ നമ്മള്‍ ചിലരെ വിശേഷിപ്പിക്കും. അതില്‍ കേമനാണ് ആത്മ നിര്‍ഭര്‍ഭാരത് എന്ന പഞ്ചിംഗ് ഡൈലോഗ് കാച്ചിയത്. ഡൈലോഗടി തുടങ്ങിയാല്‍ നമ്മള്‍ കേട്ടിരുന്നുപോകും. അതാണ് നരേന്ദ്രമോദി. ലോകപ്രയാണമാണ് മുഖ്യവിനോദം. എന്നാല്‍ കോവിഡ് എന്ന കുഞ്ഞന്‍ കുറുകേ കേറിനിന്നതുകൊണ്ട് കുറേക്കാലമായി ലോകപ്രയാണം നടക്കുന്നില്ല. ദോഷം പറയുരുതല്ലോ, ഈ പ്രയാണത്തനിടയിലെ പഞ്ചിംഗ് ഡൈലോഗ് അദ്ദേഹത്തിന് ലോകത്തിന്റെ വിവിധ കോണുകളില്‍ ആരാധകരെ ഉണ്ടാക്കിയിട്ടുണ്ട്. ആത്മ നിര്‍ഭര്‍ഭരത്. ഇതാണ് അദ്ദേഹത്തില്‍ നിന്നുണ്ടായ ഏറ്റവും പുതിയ പഞ്ചിംഗ് ഡൈലോഗ്. സ്വാശ്രയ ഭാരതത്തിന് 20 ലക്ഷം കോടി രൂപ. പ്രദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് ഊന്നല്‍. പ്രാദേശിക ഉല്‍പ്പന്നങ്ങളാണ് ലോക്ഡൗണ്‍ കാലത്തെ പ്രജകളെ സംരക്ഷിച്ചത് എന്ന തിരിച്ചറിവ്. മഹാത്മാഗാന്ധിയുടെ ഗ്രാമസ്വരാജ്, ഗാന്ധിജിക്ക് മാത്രമല്ല ഭാരതത്തന് ഒരു സ്വപ്നമായിരുന്നു. സ്വന്തം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക. രാജ്യത്ത് തന്നെ ആവശ്യമായത് ഉണ്ടാക്കുക. ഇതൊക്കെ 70 വര്‍ഷം കഴിഞ്ഞിട്ടും ഭാരതത്തിന് പൂര്‍ണ്ണമായും സാക്ഷാത്ക്കാരിക്കാന്‍ കഴിഞ്ഞിട്ടില്ല. ആത്മനിര്‍ഭര്‍ ഭരതിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ ഇതേരൂപത്തിലുള്ള മേക്ക് ഇന്‍ ഇന്ത്യ, സ്വച്ഛഭാരത്. എന്നിവയൊക്കെ കൊണ്ടുവന്നതാണ് അതൊന്നും തന്നെ പകുതിപോലും സാക്ഷാത്ക്കരിക്കാനായിട്ടില്ല. എങ്കിലും നാം പ്രതീക്ഷയിലാണ്. കോവിഡ് നല്‍കിയ പാഠം പഠിച്ചതിനാല്‍. കോവിഡ് വ്യാപനത്തില്‍ നിശ്ചലമായ രാജ്യത്തെ ഉണര്‍ത്താനാണ് പ്രധാനമന്ത്രിയുടെ 20 ലക്ഷം കോടിരൂപയുടെ പാക്കേജ്. കോവിഡ് ലോക്ഡൗണ്‍ പ്രഖ്യപിച്ചതിന് പിന്നാലെ 1.70ലക്ഷം കോടിരൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു അതിന് പുറമേയാണ് ഈ പുതിയ പാക്കേജ്. സാധാരണജനങ്ങള്‍ മുതല്‍ സാമ്പത്തിക വിദഗ്ധന്മാര്‍ വരെ ഇത്തരമൊരു പാക്കേജിനായി കാത്തിരിക്കുകയായിരുന്നു. സ്വാശ്രയത്വമാണ് ഈ കാലഘട്ടത്തില്‍ ഭാരതം ഉയര്‍ത്തുന്ന അതിശക്തമായ മുദ്രാവാക്യം. ആഗോളീകരണത്തിന്റെ സ്വാധീനത്താന്‍ ഇതില്‍ മുന്നോട്ടുപോകാനായില്ല.

ലക്ഷ്യം സ്വാശ്രയത്വം തന്നെയാണ് എന്നാണ് ധനമന്ത്രി നിര്‍മലാസീതാരാമന്റെ പഞ്ചിംഗ് ഡൈലോഗ്. പുതിയപാക്കേജിന്റെ ഉദ്ദേശം ഇതുതന്നെയെന്ന് ഇവര്‍ പഞ്ച്ചെയ്തു പറഞ്ഞു. ധനമന്ത്രിയായതിനാല്‍ 20ലക്ഷം കോടി ആര്‍ക്കൊക്കെ എങ്ങനെയൊക്കെ ഏതെല്ലാം തരത്തില്‍ വീതിക്കും എന്നാണ് മൂന്നുദിവസം തുടര്‍ച്ചയായി രാജ്യത്തിനുമുന്നില്‍ വന്ന് നിര്‍മ്മല സീതാരാമന്‍ ഡൈലോഗ് കാച്ചിയത്. ചെറുകിടസംരംഭങ്ങള്‍ക്കാണ് ഊന്നല്‍ കൊടുത്തത്. മൂന്നുലക്ഷം കോടി ചെറുകിട സംരഭങ്ങള്‍ക്ക് നീക്കിവച്ചു.

ഇനിയാണ് പഞ്ചിംഗ് ഡൈലോഗുകളുടെ പ്രളയം സംഭവിച്ചത്. സമ്പത് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിഞ്ജാബദ്ധം. ഈ ഡൈലോഗിന് ഉടമ സാക്ഷാല്‍ അമിത്ഷാ. ഇന്ത്യയുടെ കിടിലന്‍ അഭ്യന്തര മന്ത്രി. സൂക്ഷമ -ചെറുകിട-ഇടത്തരം സംരഭങ്ങളെ സഹായിക്കാന്‍ മുമ്പില്ലാത്തവിധം ശക്തമായ നടപടികളെടുക്കുന്ന പ്രധാനമന്ത്രിക്കും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും അദ്ദേഹം നന്ദി പറഞ്ഞു. സ്വന്തം ഗയ്സിന് ഒരു ഹായ്. അതുതന്നെ.

പ്രധാനമന്ത്രി സാമ്പത്തിക പാക്കേജാണല്ലോ പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ പിന്നാലെ ഒരാളിന്റെ പഞ്ചിംഗ് ഡൈലോഗ് വരുമെന്ന് പ്രതീക്ഷിക്കാതിരിക്കാനാവില്ല. ദാ…വന്നു. സാമ്പത്തിക വിദഗ്ധന്‍, കേരളത്തിന്റെ സാമ്പത്തിക മാനേജര്‍ സാക്ഷാല്‍ തോമസ് ഐസക്ക്. ഓ… ഇതെന്താ വെറും കണക്ക്‌കൊണ്ടുള്ള കളി. നിരാശാജനകം. ഇടക്കൊന്ന് പറഞ്ഞോട്ടെ, ഇദ്ദേഹം കണക്കുകൊണ്ട് മാത്രമല്ല നാക്കുകൊണ്ടുകൂടി കളിക്കുന്നവനാണ്. അത് അരിആഹാരം കഴിക്കുന്ന കേരളീയര്‍ക്കെല്ലാം അറിയാം. അനുഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ നമ്മള്‍. പാവം. നിരാശാജനകം എന്നൊക്കെ ഡൈലോഗ് പഞ്ച് ചെയ്യുമ്പോഴും ചെറുകിടസംരംഭങ്ങള്‍ക്ക് ഈടില്ലാത്ത മൂന്നുലക്ഷം കോടി വായ്പ അനുവദിച്ചത് നല്ലതുതന്നെയെന്നാണ് പക്ഷം. എന്നാലും അങ്ങനെയങ്ങോട്ട് സ്വീകരിക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് കൂടെ ഇതുംകൂടി പഞ്ച് ചെയ്തു. പക്ഷേ മോറട്ടോറിയമല്ലേ ആദ്യം ചോദിച്ചത്.അത് ആദ്യം തരാത്തതെന്താണ് എന്നാണ് ഐസക്ക് സാറിന്റെ മറ്റൊരു പഞ്ചിംഗ് ഡൈലോഗ്.

ഇനി പഞ്ചിംഗ് ഡൈലോഗ് പ്രതീക്ഷിക്കുന്നത് എവിടെനിന്നായായിരിക്കും. അതുതന്നെ അവിടന്ന് ഡൈലോഗ് വന്നില്ലെന്ന് നിരാശവേണ്ട. ദാ…വന്നു. ഡൈലോഗ്. ഡല്‍ഹിയിലെ ഇടത് കോണില്‍ നിന്ന്. പ്രഹസന പാക്കേജ്. ഒരുകാലത്ത് ഈ വശത്ത് നിന്നു വരുന്ന ഡൈലോഗുകള്‍ക്ക് കേള്‍വിക്കാരും പിന്തുണക്കാരും കൂടുതലായിരുന്നു. പറയുന്നതെന്തെന്ന് കേല്‍ക്കാനും വിലയിരുത്താനും ആളുണ്ടായിരുന്നു. ഇന്ന് സ്ഥിതി മാറി. ഡൈലോഗുകള്‍ക്ക് പഞ്ചിംഗ് അത്ര ഏല്‍ക്കുന്നില്ല. എങ്കിലും ഡൈലോഗിന് കുറവൊന്നും വരുത്തിയിട്ടില്ല. ഇതെന്ത് വെറും പ്രഹസനം. പോരെ. പാവങ്ങള്‍ തെരുവിലൂടെ പലായനത്തിലാണ് അവര്‍ക്ക് ആദ്യം ഭക്ഷണം നല്‍കൂ എന്നിട്ട് 20ലക്ഷം കോടിയെന്നൊക്കെ പറയൂ എന്നാണ് സീതാറാം യെച്ചൂരിയുടെ ഡൈലോഗ്. ബംഗാളില്‍ പഴയ 33 വര്‍ഷക്കാലം പലായനവും വിശന്ന് തളരുന്നവരും ഇല്ലായിരുന്നോ എന്ന് ചോദിക്കരുത്. അത് ബുദ്ധിയില്ലാത്തവന്റെ ചോദ്യം എന്ന് ശബളം വാങ്ങി അരി ഉണ്ണുന്ന സൈബര്‍ പോരാളികള്‍ പരിഹസിച്ചേക്കാം. . കോവിഡിന് മുന്‍പുതന്നെ സമ്പത് വ്യവസ്ഥയെ നശിപ്പിച്ചവരാണ് മെഗാപാക്കേജുമായി വന്നിരിക്കുന്നതെന്നാണ് ഡി.രാജ എന്ന ഇടതുനേതാവിന്റെ ഡൈലോഗ്. കേരളത്തില്‍ സമ്പത് വ്യവസ്ഥ കോവിഡിന് മുന്‍പ് ഭദ്രമായിരുന്നോ എന്ന് തിരിച്ച് ഡൈലോഗ് കാച്ചാന്‍ നിങ്ങള്‍ക്കാര്‍ക്കെങ്ങിലും തോന്നുന്നെങ്കില്‍ പ്ലീസ്. വേണ്ട. പാവത്താനെ കുഴപ്പിക്കരുത്, എന്നേ ഞാന്‍ ഡൈലോഗ് കാച്ചൂ. ബി.എം.എസ് നേതാവ് സജിനാരായണന്‍ സ്വാഭാവികമായും പറയേണ്ട ഡൈലോഗ് പറഞ്ഞു. ശരിയായ ദിശയിലാണ് കാര്യങ്ങള്‍ .1991മുതല്‍ രാജ്യം പിന്തുടരുന്ന മുതലാളിത്ത പ്രത്യേയശാസ്ത്രത്തോട് വിടപറഞ്ഞുകൊണ്ട് ഭാരതകേന്ദ്രീകൃതമായ സ്വാശ്രയ പ്രത്യേയ ശാസ്ത്രത്തെ ആശ്രയിച്ചുതുടങ്ങുന്നു എന്നസൂചനയാണിത് . ഇതുപറഞ്ഞതിനൊപ്പംതന്നെ തൊഴിലാളികളുടെ അവകാസങ്ങളെ കോവിഡിന്റെ മറവില്‍ കവര്‍ന്നെടുത്തതിനെ വിണര്‍ശിക്കുന്നുമുണ്ട്. ഈ ബി.എം.എസ് നേതാവ്.

പിന്നെ ഒരു പ്രധാന ഡൈലോഗ് വിട്ടുപോയി. ഡൈലോഗുകളെ ക്കുറിച്ചൊക്കെ ഡൈലോഗിക്കുന്നതിനിടയില്‍ ഒരു മെഗാ പഞ്ചിംഗ് ഡൈലോഗിനെക്കുറിച്ച് പറയാതെപോകാനാകില്ല. അതങ്ങ് വിട്ടുപോയി. അതിതാണ്. ലോക്കലിനെക്കുറിച്ച് വോക്കലാകണം. എന്താ പഞ്ചിംഗ് അല്ലേ. ആരുടേതാണെന്ന് പറയേണ്ടതില്ലല്ലോ. അതേ… അദ്ദേഹം തന്നെ. 20ലക്ഷം കോടിരൂപയുടെ പാക്കേജിനെക്കുറിച്ച് ഡൈലോഗടിച്ചപ്പോഴാണ് കൂടെ ഈ മഹാപഞ്ചിംഗ് ഡൈലോഗുകൂടി തട്ടിയത്. കോവിഡ് ലോകഡൗണ്‍ കാലത്ത് രാജ്യത്തിന് രക്ഷയായത് പ്രാദേശിക ഉല്‍പ്പന്നങ്ങളും വിതരണ ശൃംഖലകളുമാണ്. ഇത് ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകത എടുത്ത് കാട്ടികൊണ്ടാണ് ലോക്കലിനെക്കുറിച്ച് വോക്കലാകണം.എന്നു പറഞ്ഞത്. പ്രാദേശിക ഉല്‍പ്പന്നങ്ങളെക്കുറിച്ച് വാചാലരാകണം എന്നാണ് അദ്ദേഹം അര്‍ഥമാക്കിയത്.

Related Articles

Back to top button