Thiruvananthapuram

വ്യാജ പ്രചാരണം: നടപടിയ്ക്കൊരുങ്ങി ‘ബിരിയാണി’യിലെ നടൻ

“Manju”

തിരുവനന്തപുരം : സജി ബാബു സംവിധാനം ചെയ്ത് നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ‘ബിരിയാണി’ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തത് ഇക്കഴിഞ്ഞ ഏപ്രിൽ അവസാനമാണ് . എന്നാൽ അതിനു പിന്നാലെ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തിയ നടന്‍ തോന്നയ്ക്കല്‍ ജയചന്ദ്രന്‍.

ചിത്രത്തിൽ കനി കുസൃതി അവതരിപ്പിച്ച പ്രധാന കഥാപാത്രമായ ഖദീജയുടെ ഭര്‍ത്താവായ ‘നാസര്‍’ എന്ന റോളിലാണ് ജയചന്ദ്രന്‍ എത്തിയത്. എന്നാല്‍ ചിത്രം ഒടിടി റിലീസ് ആയതിന് പിന്നാലെ, ചിത്രത്തിലെ ചില രംഗങ്ങള്‍ മാത്രം ചിലര്‍ സോഷ്യല്‍ മീഡിയ വഴിയും, വാട്ട്സ്ആപ്പ് വഴിയും പ്രചരിപ്പിക്കാന്‍ ആരംഭിച്ചെന്ന് ജയചന്ദ്രന്‍.

ഇരുപത്തിയഞ്ച് വര്‍ഷമായി അഭിനയ രംഗത്തുള്ള ജയചന്ദ്രന് ഇതാദ്യമായാണ് ഇത്തരമൊരു അനുഭവം . സിനിമയിലെ കിടപ്പറ രംഗങ്ങൾ ലൈംഗിക ദൃശ്യങ്ങള്‍ എന്ന നിലയിലാണ് മോശം കമന്‍റുകളോടെ പ്രചരിപ്പിക്കുന്നത്. സിനിമ സംബന്ധിച്ച പോസ്റ്റുകള്‍ക്ക് അടിയില്‍ പോലും ഇത്തരം പ്രചാരണം നടത്തുന്നു . ഇതോടെ ധർമ്മസങ്കടത്തിലായി ജയചന്ദ്രൻ .

ഖദീജയും നസീറും തമ്മിലുള്ള കിടപ്പറ രംഗങ്ങൾ സിനിമയുടെ ഒഴിവാക്കാൻ പറ്റാത്ത രംഗങ്ങളായിരുന്നു. നഗ്നത പ്രദർശിപ്പിക്കുന്ന ഈ രംഗങ്ങളാണു സിനിമാദൃശ്യങ്ങളിൽ നിന്നു വെട്ടിമാറ്റി ചിലർ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.

ബിരിയാണി എന്ന ചിത്രം കണ്ടവര്‍ക്ക് ഈ രംഗങ്ങള്‍ എന്താണ് എന്ന് അറിയാം, ശരിക്കും ഈ ചിത്രം കാണാത്ത വലിയൊരു വിഭാഗം ജനങ്ങളുണ്ട്. അവരിലേക്കാണ് ഈ രംഗങ്ങള്‍ എത്തിയത്. അതില്‍ എന്‍റെ നാട്ടുകാരും ബന്ധുക്കളും അടക്കമുണ്ട്’ – ജയചന്ദ്രന്‍ പറയുന്നു.

ഏതോ ‘ ബ്ലൂ ഫിലിമിൽ’ അഭിനയിച്ചുവെന്നു നാട്ടുകാർ പറഞ്ഞു തുടങ്ങിയതോടെയാണു ജയചന്ദ്രനും കാര്യം മനസ്സിലാക്കിയത് .

‘ നാട്ടിന്‍പുറത്താണ് ഞാന്‍ ജീവിക്കുന്നത്. അവിടുത്തെ പലർക്കും ഞാന്‍ സിനിമയില്‍ അഭിനയിച്ചതാണ് എന്നത് അറിയില്ല. ഇത്തരം രംഗങ്ങള്‍ ലഭിച്ചവര്‍ ആ രീതിയില്‍ അതിനെ കാണുന്നുമില്ല. ഞാന്‍ എന്തോ കെണിയില്‍ പെട്ടു, അത് ചിത്രീകരിക്കപ്പെട്ടുവെന്നാണ് സംസാരം, ശരിക്കും സങ്കടകരമാണിത് . ‘ അദ്ദേഹം പറയുന്നു .

ബിരിയാണി എന്ന സിനിമയിലെ ദൃശ്യങ്ങൾ എന്ന പേരിലല്ലാതെ ഈ ദൃശ്യങ്ങൾ ആരെങ്കിലും പ്രചരിപ്പിച്ചാൽ അവർക്കെതിരെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന തീരുമാനത്തിലാണു ജയചന്ദ്രൻ. മുസ്ലിം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് സിനിമ ചർച്ച ചെയ്യുന്നത്. മതപരമായ ദുരാചാരങ്ങൾക്കെതിരെ പോരാടുന്ന ഖദീജയെന്ന സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്.

2020 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം കനി കുസൃതി നേടിയതു ബിരിയാണി എന്ന സിനിമയിലൂടെയാണ്. ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച സംവിധായകനുള്ള സ്പെഷൽ ജൂറി പുരസ്കാരം സംവിധായകന്‍ സജി ബാബു നേടിയിരുന്നു.

Related Articles

Back to top button