സിന്ധുമോൾ. ആർ
തൃശൂര്‍: കോവിഡിന്റെ പശ്ചാത്തലത്തില്‍ നല്കുന്ന സൗജന്യകിറ്റ് ഗുണഭോക്താക്കള്‍ക്ക് ഡിസംബര്‍ 10നകം നല്കാന് നിര്‍ദേശം. അന്ത്യോദയ, മുന്‍ഗണന വിഭാഗം കാര്‍ഡുകള്‍ക്കാണ് നവംബറിന് പിന്നാലെ ഡിസംബറിലെയും കിറ്റ് നല്കാന് കര്‍ശന നിര്‍ദേശമുണ്ടായത്.
മുന്‍ഗണനേതര (നീല കാര്‍ഡ്), വിഭാഗത്തിനും പൊതുവിഭാഗത്തിനും (വെള്ള കാര്‍ഡ്) നവംബര്‍, ഡിസംബര്‍ കിറ്റുകള്‍ ഒന്നിച്ച് തെരഞ്ഞെടുപ്പിനുശേഷം നല്‍കും. അതേസമയം, ഗുണഭോക്താക്കളില്‍ തന്നെ മുന്‍ഗണന വിഭാഗത്തിന് നവംബറിലെ കിറ്റ് വിതരണം ചില താലൂക്കുകളില്‍ പൂര്‍ത്തിയായില്ല. നിര്‍ദേശം എത്തും മുന്‍പേ തന്നെ കിറ്റ് അന്വേഷിച്ച് റേഷന്‍ കടകളില്‍ വന്ന നീല, വെള്ള കാര്‍ഡുകാര്‍ക്ക് കിറ്റ് നല്‍കുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതോടെയാണ് ഗുണഭോക്താക്കള്‍ക്ക് മാത്രം നല്‍കണമെന്ന നിര്‍ദേശം കര്‍ശനമാക്കിയത്.
നവംബറിലെ മുന്‍ഗണന കിറ്റ് 19നകം നല്‍കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഇത് പൂര്‍ത്തീകരിക്കാനായില്ല. നവംബര്‍ ആദ്യ ആഴ്ചയില്‍ തീര്‍ക്കേണ്ട മുന്‍ഗണന കിറ്റ് വിതരണം പൂര്‍ത്തിയായത് മാസം പകുതിയോടെയാണ്. ഈ സാഹചര്യത്തില്‍, ക്രിസ്മസ് കിറ്റ് ഡിസംബര്‍ 10നകം നല്‍കാനുള്ള സാധ്യത വിരളമാണ് എന്നാണ് സൂചന. 10നകം അന്ത്യോദയ വിഭാഗത്തിന് കിറ്റ് നല്‍കാനാവുമെന്നാണ് സിവില്‍ സപ്ലൈസ് അധികൃതരുടെ നിലപാട് എങ്കിലും ഏറെ കാര്‍ഡുകളുള്ള മുന്‍ഗണന വിഭാഗത്തിന് ഈ സമയത്തിനകം നല്‍കാനാവില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വെളിച്ചെണ്ണ, ഗോതമ്പ് നുറുക്ക് അടക്കം സാധനങ്ങള്‍ ഇല്ലാത്തതാണ് കിറ്റ് ഒരുക്കാന്‍ തടസ്സം.