Article

തിരിച്ചറിവ്

“Manju”

സ്വാമി ചന്ദ്രദീപ്തന്‍ ജ്ഞാനതപസ്വി

 

നമ്മള്‍ പ്രായത്തിലും അനുഭവത്തിലും അറിവിലുമെല്ലാം ചെറുതെന്ന് കരുതുന്ന പലരും ജീവിതത്തിലെ ചില പ്രത്യേക മുഹൂര്‍ത്തങ്ങളില്‍ നമ്മെ വളരെയേറെ അദ്ഭുതപ്പെടുത്താറുണ്ട്. അങ്ങനെയുള്ള  അനുഭവങ്ങള്‍ എന്റെ ജീവിതത്തില്‍ എത്രയോ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും ആശ്രമജീവിതം ആരംഭിച്ചതിന് ശേഷം.
അങ്ങനെയുള്ള മുഹൂര്‍ത്തങ്ങളില്‍ എന്റെ എല്ലാമായ ഗുരുവിന്റെ ഈ അമൃതവാണികള്‍ ഞാന്‍ ഓര്‍ത്തുപോകും.
”ഒരു ചെറിയ ജീവിയില്‍ നിന്നുപോലും
പഠിക്കാനുണ്ട്. അങ്ങനെ എല്ലാറ്റില്‍ നിന്നും
പഠിച്ച് ഒരാളെയെങ്കിലും നന്നാക്കും എന്ന വാശിപുലര്‍ത്തണം”.
ഈയടുത്ത കാലത്തും അങ്ങനെയുള്ള ഒരനുഭവമുണ്ടായി. ശാന്തിഗിരി ആശ്രമത്തിന്റെ സ്ത്രീകളുടെ യുവജന സംഘടനയായ ശാന്തിഗിരി ഗുരുമഹിമയുടെ ഒരു ഏകദിന ക്യാമ്പില്‍ സംസാരിക്കാനായി പോയപ്പോഴാണ് സംഭവം. ക്യാമ്പില്‍ എല്ലാവരും സ്വന്തം അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടയില്‍ അവിടെ ഉള്ളവരില്‍ പ്രായത്തില്‍ ചെറുതായ ഒരുപത്താം ക്ലാസുകാരി അനുഭവം പങ്കുവെയ്ക്കുകയുണ്ടായി.
അവള്‍ പറഞ്ഞതിന്റെ ഒരേകദേശരൂപം ഇങ്ങനെയാണ്.,
”ഞങ്ങള്‍ പത്താം ക്ലാസിലെ കുട്ടികളെ എല്ലാവരെയും കഴിഞ്ഞ മാസം തിരുവനന്തപുരത്ത് ഒരു വിനോദയാത്രയ്ക്ക് കൊണ്ടുപോയിരുന്നു. തിരുവനന്തപുരവും കന്യാകുമാരിയുമാണ് പോകാന്‍ ഉദ്ദേശിച്ചിരുന്നത്.
”തിരുവനന്തപുരത്ത് എത്താന്‍ വൈകിയതും വാഹനതടസ്സം നേരിട്ടതിനാലും നേരത്തെ കരുതിയതുപോലെ എല്ലായിടത്തും സമയത്ത് എത്താന്‍ കഴിഞ്ഞില്ല. വൈകീട്ട് കന്യാകുമാരി കടല്‍ത്തീരത്ത് പോകാനാണ് ഉദ്ദേശിച്ചത്. പക്ഷെ, വൈകിയതിനാല്‍ യാത്രയുടെ ഉത്തരവാദിത്തമുള്ള അധ്യാപകന്‍ എന്നോട് പറഞ്ഞു,
”നീ പോകുന്ന ആശ്രമം ഇവിടെയെവിടെയോ ആണല്ലോ, നമുക്കങ്ങോട് പോകാം.” എന്ന്.
”അങ്ങനെ വഴി പറഞ്ഞുകൊടുത്തു. ഏകദേശം ഒരു മണിക്കൂറോളം സഞ്ചരിച്ച് ഏഴു മണിക്ക് ആശ്രമത്തിലെത്തി. അരമണിക്കൂറുകൊണ്ട് ആശ്രമമെല്ലാം ചുറ്റിക്കണ്ടു. പക്ഷെ, പുറത്തിറങ്ങിയപ്പോള്‍ സഹപാഠികളായ പല കുട്ടികളും എന്നോട് ചോദിച്ചു,
”നിനക്ക് ആശ്രമത്തില്‍ പോകണമെങ്കില്‍ അച്ഛന്റെയും അമ്മയുടെയും കൂടെ പോയാല്‍ പോരെ.ഞങ്ങളെ ബുദ്ധിമുട്ടിക്കണോ?”
”എനിക്കാകെ വിഷമമായി. അവര്‍ക്ക് ബീച്ചില്‍ പോകാന്‍ കഴിയാത്തതിന്റെ വിഷമത്തില്‍ പറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായി. ഞങ്ങള്‍ അന്ന് രാത്രി തിരിച്ചുപോന്നു. പക്ഷെ, എനിക്ക് ഇപ്പോള്‍ വിഷമമില്ല. ആ യാത്ര എനിക്ക് നല്‍കിയത് വളരെ വലിയ തിരിച്ചറിവുകളാണ്.
ഒന്നാമതായി എന്റെ ഏറ്റവും അടുത്ത സുഹ്യത്തുക്കള്‍ എന്ന് ഞാന്‍ കരുതിയവരാണ് എന്നെയന്ന് ഏറ്റവും കൂടുതല്‍ ഒറ്റപ്പെടുത്തിയത്. എന്നാല്‍ അത്രയൊന്നും സൗഹൃദമില്ലാത്ത പലരെയും അന്നെനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. അവര്‍ എന്നോട് പറഞ്ഞു,
”ഞങ്ങള്‍ക്ക് നിന്നോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാകില്ല. കാരണം ഇത്ര മനോഹരമായ ഒരു സ്ഥലത്ത്
വരാന്‍ കഴിഞ്ഞത് എത്ര ഭാഗ്യമാണ്.”
”രണ്ടാമതായി അന്നത്തെ യാത്ര കഴിഞ്ഞതിന് ശേഷം എന്നോട് വളരെ അടുപ്പം പുലര്‍ത്തിയ പല സുഹൃത്തുക്കളും ഇപ്പോഴും എന്നെ ഒറ്റപ്പെടുത്തുകയാണ്. പക്ഷെ, എനിക്ക് വിഷമമില്ല. കാരണം ജീവിതത്തില്‍ നാമെപ്പോഴും ഒറ്റയ്ക്കു തന്നെയാണ്.അച്ഛനോ അമ്മയോ സഹോദരങ്ങളോ സുഹൃത്തുക്കളോ സഹപാഠികളോ എപ്പോഴും നമ്മുടെ കൂടെ കാണില്ല.
നാം ഈ ഭൂമിയില്‍ നിന്നും തിരിച്ചു പോകുന്നതും ഒറ്റയ്ക്കാണ്. ജീവിതത്തിലുടനീളം നമ്മുടെ കൂടെയുണ്ടാകുന്നത് ദൈവസ്‌നേഹം മാത്രം. അതെനിക്ക് നല്‍കുന്നത് എന്റെ ഗുരുവാണ്. ഗുരു എന്നും എന്റെ കൂടെയുണ്ടാകും. എനിക്കതുമതി. ഇങ്ങനെയൊരു യാത്ര പോകാന്‍ ഒരവസരം കിട്ടിയതും തികഞ്ഞ ഗുരുകാരുണ്യമായി കരുതുന്നു.”
ആ പത്താം ക്ലാസുകാരി സംസാരിച്ച് പകുതിയായപ്പോള്‍ ഒരു കരച്ചിലാണ് പ്രതീക്ഷിച്ചതെങ്കിലും അവസാനിപ്പിച്ചപ്പോള്‍ ആ മുഖത്ത് കണ്ട ആത്മവിശ്വാസത്തിന്റെ തിളക്കം അത് കേട്ടുകൊണ്ടിരുന്ന ഞങ്ങള്‍ മുതിര്‍ന്നവരിലേക്കും ആ വാക്കുകള്‍ വിശ്വാസദാര്‍ഢ്യത്തിന്റെ പ്രകാശകിരണങ്ങളായി ഒഴുകാന്‍ തുടങ്ങിയിരുന്നു.
ദൈവസ്‌നേഹത്താല്‍ ഹൃദയം ത്രസിക്കുന്ന ആ മുഹൂര്‍ത്തത്തില്‍ ഞാനെന്റെ ഗുരുവിന്റെ മറ്റൊരു വചനം മന്ത്രിക്കുന്നുണ്ടായിരുന്നു,
”അവസാനം കൂടെ വരാന്‍ ആരും ഇല്ലാത്തപ്പോള്‍ കൂടെ വരുന്നത് ആ സത്യം മാത്രം. ഈ സത്യം പറയാനാണ്
ഞാന്‍ വന്നത്.”

ഒരു ദിവസം വൈകീട്ട് രണ്ട് യുവാക്കള്‍ ആശ്രമം കാണാനായി എത്തി. വിശേഷങ്ങള്‍ തിരക്കുന്നതിനിടയില്‍        രണ്ടുപേരും സമാനമായ ഒരു വിഷമം പങ്കുവെക്കുകയുണ്ടായി. രണ്ടുപേരും പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയവരാണ്. കുടുംബത്തിലെ പ്രാരാബ്ധങ്ങള്‍ കാരണം ദിവസവേതനത്തിന് ജോലിക്ക് പോകാന്‍ തുടങ്ങി.ഇപ്പോള്‍ മുപ്പതിന് മുകളില്‍ പ്രായമായി.
സ്വന്തമായി വീടും വാഹനവും എല്ലാമുണ്ട്. എങ്കിലും വിവാഹം നടക്കുന്നില്ല. എത്രയോ പെണ്‍കുട്ടികളെ കാണാന്‍ പോയിട്ടുണ്ട്. പക്ഷെ, എല്ലാം പഠിപ്പ് കുറവായതിന്റെ പേരിലും ജോലിക്ക് ഗമയില്ലെന്നും പറഞ്ഞ് നടന്നില്ല. രണ്ടുപേരും ശരിക്കും നിരാശയിലായിരുന്നു.
അവര്‍ സംസാരിക്കുമ്പോള്‍ നിരാശയില്‍ ദീര്‍ഘമായി നിശ്വസിക്കുന്നുണ്ടായിരുന്നു. അവര്‍  സ്വന്തം ജീവിതത്തെക്കുറിച്ചുള്ള ആശങ്കയിലായിരുന്നെങ്കില്‍ എന്റെ ആശങ്ക മുഴുവന്‍ പഠിപ്പ് ,ജോലി , സൗന്ദര്യം സമ്പത്ത് തുടങ്ങിയ കാര്യങ്ങള്‍ പ്രധാന മാനദണ്ഡമാക്കി വിവാഹം ചെയ്യുന്ന ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതിയെ കുറിച്ചോര്‍ത്തായിരുന്നു.
ഇന്നത്തെ സാമൂഹിസ്ഥിതി ഇങ്ങനെ ആയിരിക്കുമ്പോള്‍ വളരെ ചിന്തനീയമായ ഒന്നായിത് മാറുന്നു. ഈയടുത്ത കാലത്ത് എന്റെയൊരു സുഹൃത്ത് അവര്‍ നിര്‍മ്മിക്കാന്‍ പോകുന്ന ഒരു സിനിമയെ കുറിച്ച് പറയുകയുണ്ടായി. അതിന്റെ പേര് ‘സുരേഷിന് പെണ്ണ് കിട്ടുന്നില്ല’എന്നായിരുന്നു.
ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ കുടുംബത്തെ രക്ഷിക്കാനായി ചെറുപ്രായത്തില്‍ തന്നെ ജോലി ചെയ്യാനിറ
ങ്ങി, കുടുംബത്തിന്റെ ഉത്തരവാദിത്ത്വങ്ങള്‍ നിറവേറ്റിയ വളരെ സത്സ്വഭാവികളായ യുവാക്കള്‍ക്ക് പഠിപ്പിന്റെ പേരിലും ജോലിയുടെ പേരിലും മറ്റും വിവാഹം നടക്കാതെ നില്‍ക്കുന്ന ഒരവസ്ഥ. ഈ വിഷയത്തില്‍ സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കുകയാണ് ആ സിനിമയിലൂടെ ഉദ്ദേശിക്കുന്നതെന്നും അവര്‍ പറയുകയുണ്ടായി.
ഈ വിഷയവും ആശ്രമം സന്ദര്‍ശിച്ച ആ യുവാക്കള്‍ പങ്ക് വെച്ച നിരാശയും കൂട്ടി വായിച്ചാല്‍ എത്ര സങ്കീര്‍ണ്ണമായ ഒരു പ്രശ്‌നമാണിതെന്ന് മനസ്സിലാക്കാന്‍ കഴിയും. ഒരിക്കല്‍ ഒരമ്മ മക്കളുടെ വിവാഹം നടക്കുന്നില്ലെന്ന വിഷമം എന്നോട് പങ്കുവെയ്ക്കുകയുണ്ടായി. മൂത്തത് മകനാണ്.മുപ്പത് വയസ്സ് കഴിഞ്ഞ ദിവസവേതനക്കാരന്‍ രണ്ടാമത്തേത് മകള്‍. ഡിഗ്രി കഴിഞ്ഞ് നില്‍ക്കുന്നു.
ഞാന്‍ അമ്മയോട് ചോദിച്ചു, ”മകള്‍ക്ക് ഒരു ദിവസവേതനക്കാരന്‍ പയ്യന്റെ ആലോചന വന്നാല്‍ കെട്ടിച്ചുകൊടുക്കുമോ?” അപ്പോള്‍ അമ്മ പറഞ്ഞു, ”അയ്യോ, സ്വാമീഅവള്‍ ഡിഗ്രിവരെ പഠിച്ചതല്ലേ?” ഇതാണ് മാതാപിതാക്കളുടെവരെ ചിന്താഗതി.
അവനാണ് ജോലി ചെയ്ത് ചെറുപ്പം മുതല്‍ കുടുംബം നോക്കിയത്. അവനാണ് അവളെ പഠിപ്പിച്ച് ഡിഗ്രിക്കാരി ആക്കിയത്. എന്നിട്ടും വിവാഹം വരുമ്പോള്‍ അവന്‍ രണ്ടാം കിടക്കാരന്‍. പിന്നെങ്ങനെയാണ് അവന്റെ വിവാഹം നടക്കുന്നത് ? ഞാനമ്മയോട് ചോദിച്ചു. അമ്മ തലകുമ്പിട്ടിരുന്നു.
ഇത് ചില അമ്മമാര്‍ മകളെയും മരുമകളെയും കുറിച്ച് പറയുന്നതുപോലെയാണ്. മകള്‍ കല്യാണം കഴിച്ച് കൊണ്ടുപോയ വീട്ടിലെ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അമ്മ പറയും, അവളെ അവിടെ കഷ്ടപ്പെടുത്തുകയാണ് എന്ന്. എന്നാല്‍ മരുമകള്‍ വീട്ടിലെ ജോലി ചെയ്ത് ഒന്നു വിശ്രമിച്ചാല്‍ പറയും, അവളൊരു ജോലിയും ചെയ്യില്ലയെന്ന്.
എന്താണ് ഒരു വിവാഹ ജീവിതത്തില്‍ ഏറ്റവും പ്രധാനം ? വിദ്യാഭ്യാസ യോഗ്യതയാണോ ? കുടുംബത്തില്‍ വൈഷമ്യങ്ങളൊന്നുമറിയാതെ ഉത്തരവാദിത്തങ്ങളൊന്നുമേറ്റെടുക്കാതെ പുസ്തകപ്പുഴുവായി ജീവിച്ച ഒരാള്‍ക്ക് എത്രത്തോളം ജീവിതത്തില്‍ വിജയിക്കാന്‍ കഴിയും ? സൗന്ദര്യമാണോ ? സമ്പത്താണോ ? ജോലിയാണോ? ഒരാളുടെ സൗന്ദര്യത്തിനോ സമ്പത്തിനോ ജോലിക്കോ എത്ര കാലത്തെ ഉറപ്പാണുള്ളത്, എപ്പോഴും എന്തും സംഭവിക്കാവുന്ന നൈമിഷികമായ ഈ ജീവിതത്തില്‍ ?
വിവാഹം കഴിഞ്ഞ് ശാരീരികമോ മാനസികമോ ആയ ഏതെങ്കിലും രോഗാവസ്ഥ വന്നാല്‍ ഈ സൗന്ദര്യത്തിനും സമ്പത്തിനും ജോലിക്കും വിദ്യാഭ്യാസത്തിനുമെല്ലാം എന്ത് വിലയാണുള്ളത് ? ഇതുതന്നെയായിരിക്കണം സമൂഹത്തില്‍ വിവാഹമോചനങ്ങള്‍ വര്‍ദ്ധിക്കാനും കാരണം. ഈ വ്യവസ്ഥിതിയുടെ ദൂഷ്യ ഫലങ്ങളെ കുറിച്ച് പല മഹാത്മാക്കളും പലപ്പോഴും ഉദ്‌ബോദിപ്പിച്ചിട്ടുള്ളതാണ്.
വളരെ സമ്പന്നനായ ഒരു പ്രഭുവിനോട് അയാളുടെ മകളെ സാധാരണക്കാരനായ ഒരാള്‍ക്ക് വിവാഹം കഴിച്ചുകൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. ”അവര്‍ക്ക് വേണ്ടതെല്ലാം ഉണ്ടായിക്കൊള്ളും” എന്ന് പ്രവാചകന്‍ പറഞ്ഞതായി ചരിത്രം പറയുന്നു. ഇതുതന്നെയാണ് ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു, നവജ്യോതി ശ്രീകരുണാകരഗുരു അരുളിചെയ്തതും.
ജാതിയ്ക്കും മതത്തിനും വര്‍ഗ്ഗവര്‍ണ്ണ ചിന്തകള്‍ക്കും സമ്പത്തിന്നും പഠിപ്പിനും മറ്റ് ഭൗതിക വേര്‍തിരിവുകള്‍ക്കുമപ്പുറം സ്വഭാവശുദ്ധിയും ഭക്തിയും ഭാഗ്യനിലയും നോക്കിയുള്ള വിവാഹം. അങ്ങനെയൊരു സാമൂഹ്യ വ്യവസ്ഥിതി മാത്രമാണ് ഇതിന് പരിഹാരം. ഇതൊരു തിരിച്ചറിവായി എല്ലാ കുടുംബങ്ങള്‍ക്കും വെളിച്ചം വീശുമെന്ന
പ്രത്യാശയോടെ,…

Related Articles

Back to top button