KeralaLatest

സുഭിക്ഷകേരളം പദ്ധതി ജില്ലാതല ഉദ്ഘാടനം ജൂൺ അഞ്ചിന്

“Manju”

അഖിൽ ജെ എൽ

 

തൃശൂർ : കോവിഡ് അനന്തര കാർഷിക സ്വയംപര്യാപ്തതയുടെ ഭാഗമായി നടപ്പിലാക്കുന്ന സുഭിക്ഷകേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജൂൺ അഞ്ചിന് രാവിലെ പത്തിന് എസ്.എൻ പുരം പഞ്ചായത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും. ഓരോ കൃഷിഭവന്റെയും പരിധിയിൽ സ്വകാര്യ വ്യക്തികൾ, സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ, തുടങ്ങിയവയുടെ കൈവശമുള്ള തരിശുകിടക്കുന്ന പാടങ്ങളിലും പറമ്പുകളിലും കൃഷി ചെയ്യുകയാണ് കൃഷി വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയുടെ മുഖ്യലക്ഷ്യം.

നെല്ല്, ചെറുധാന്യങ്ങൾ, പയറിനങ്ങൾ, കിഴങ്ങ് വർഗ വിളകൾ, വാഴ, പപ്പായ എന്നിവയ്ക്ക് മുൻഗണന നൽകി ഓരോ പ്രദേശത്തിന്റെ കാർഷിക കാലാവസ്ഥയ്ക്ക് ഇണങ്ങുന്നതും വിപണിയിൽ ആവശ്യമുള്ളതുമായ വിളകൾ കൃഷി ചെയ്യാൻ വാർഷിക പദ്ധതികൾ പുനഃക്രമീകരിച്ച് അനുമതി നേടാനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയ നിർദേശം. ജില്ലയിൽ നെല്ല്, വാഴ, പച്ചക്കറി എന്നിവ 250 വീതം ഹെക്ടറിലും കിഴങ്ങ് 150 ഹെക്ടറിലും പയർ 20 ഹെക്ടറിലും ചെറുധാന്യം 10 ഹെക്ടറിലുമടക്കം 930 ഹെക്ടറിൽ തരിശ് കൃഷി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. തരിശുകൃഷിക്ക് സബ്സിഡി ലഭ്യമാക്കും.
ഇതോടൊപ്പം സംസ്ഥാനത്ത് ഒരു കോടി ഫലവർഗ വിളകളുടെ നടീൽ വസ്തുക്കളുടെ വിതരണം ജൂൺ അഞ്ച് മുതൽ നടത്തും. ജില്ലയിൽ ഏകദേശം 13.51 ലക്ഷം തൈകൾ വിതരണം ചെയ്യും. കൃഷി ഫാമുകൾ, വി.എഫ്.പി.സി.കെ, കാർഷിക സർവകലാശാല, സോഷ്യൽ ഫോറസ്ട്രി, എം.ജി.എൻ.ആർ.ഇ.ജി, അഗ്രോ സർവീസ് സെൻറർ, കാർഷിക കർമ്മസേന, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലാണ് തൈകൾ ഉൽപാദിപ്പിച്ച് നൽകുന്നത്. തൈകൾ നടീൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായും നടപ്പിലാക്കും. ഫിഷറീസ് വകുപ്പ് പടുതാ കുളങ്ങളിലെ മത്സ്യകൃഷി, കരിമീൻ കൃഷി തുടങ്ങിയവയും മൃഗസംരക്ഷണ വകുപ്പ് വിവിധ പദ്ധതികളും നടപ്പിലാക്കും.

പദ്ധതിയുടെ ജില്ലാതല സാങ്കേതിക സമിതി യോഗം എ.ഡി.എം റെജി പി. ജോസഫിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ. രാധാകൃഷ്ണൻ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.ആർ. നരേന്ദ്രൻ, നബാർഡ്, കേരള ബാങ്ക് പ്രതിനിധികൾ, മൃഗസംരക്ഷണം, ഡെയറി ഡവലപ്മെൻറ്, ഫിഷറീസ്, ദേശീയ തൊഴിലുറപ്പ് പദ്ധതി, കേരള കാർഷിക സർവകലാശാല പ്രതിനിധികൾ പങ്കെടുത്തു.

Related Articles

Back to top button