KeralaLatest

നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട്ട്‌ ഫോണുകൾ നൽകി

“Manju”

 

അഖിൽ ജെ എൽ

ആലപ്പുഴ : ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥികൾക്ക് സ്മാർട് ഫോൺ നൽകുന്ന കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ പദ്ധതി മാതൃകാപരമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ജൂൺ ഒന്നുമുതൽ സംസ്ഥാനത്ത് ഓൺലൈൻ ക്ലാസിലൂടെ അധ്യയന വർഷത്തിന് തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു. നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ ഫോൺ നൽകുന്ന കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ 45 ലക്ഷം വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നൽകുമ്പോൾ പ്രധാനവെല്ലുവിളിയായിരുന്നത് സ്വന്തം വീടുകളിൽ അതിനുള്ള സൗകര്യമുണ്ടോ എന്നതായിരുന്നു. വിദ്യാഭ്യാസ വകുപ്പ് നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ രണ്ടു ലക്ഷം കുട്ടികൾക്ക് ഇത്തരം സൗകര്യങ്ങൾ ഇല്ലെന്ന് കണ്ടെത്തിയെന്നും അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ 100% ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു.

ഓൺലൈൻ ക്ലാസുകൾ എല്ലാ കുട്ടികൾക്കും എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് സംസ്ഥാനത്ത് ആദ്യമായി ഒരു ഗ്രാമപഞ്ചായത്ത് കുട്ടികൾക്ക് സഹായവുമായി എത്തിയതെന്നും ഇതൊരു തുടക്കമാകണമെന്നും എല്ലാവരും ഈ പദ്ധതി മാതൃകയാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജനകീയ വിദ്യാഭ്യാസത്തിന്റെ ഭാഗമായി എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസ്സ് ലഭിക്കണമെന്നുള്ള നിർബന്ധബുദ്ധിയാണ് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ ഈ പദ്ധതിക്കു പിന്നിലെന്നും മന്ത്രി പറഞ്ഞു.

73 കുട്ടികൾക്കാണ് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത്‌ സ്മാർട്ട്‌ ഫോൺ നൽകുന്നത്. പഞ്ചായത്ത് പരിധിയിലെ സ്കൂളുകൾ കേന്ദ്രീകരിച്ചു നടത്തിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് സ്മാർട്ട്‌ ഫോണുകൾ ഇല്ലാത്ത വിദ്യാർത്ഥികളെ കണ്ടെത്തിയത് തയ്യാറാക്കിയത്. ചാരമംഗലം ഗവണ്മെന്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ശിഖ ശിവദാസിനാണ് ആദ്യ ഫോൺ മന്ത്രി രവീന്ദ്രനാഥ്‌ നൽകിയത്. കോവിഡ് പ്രതിരോധ മാസ്ക് വിറ്റഴിച്ചതിലൂടേ മിച്ചം ലഭിച്ച 4 ലക്ഷം രൂപ വിനിയോഗിച്ചാണ്‌ പഞ്ചായത്ത്‌ സ്മാർട്ട്‌ ഫോൺ നൽകുന്നത്.

ഓൺലൈൻ പഠനം വീടുകൾ കേന്ദ്രീകരിക്കാതെ ഗ്രാമീണ വായനശാലകൾ പഠനമുറികൾ ആക്കണമെന്നും മന്ത്രി സി രവീന്ദ്രനാഥ്‌ പഞ്ചായത്ത് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഭക്ഷ്യപൊതു വിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ, എ എം ആരിഫ് എം. പി, പഞ്ചായത്ത് പ്രസിഡൻ്റ് എം. ജി. രാജു, വൈസ് പ്രസിഡൻ്റ് പി. ലളിത, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി. അക്ബർ, ലജിതാ തിലകൻ, സെക്രട്ടറി എസ്. അനിൽകുമാർ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button