KeralaLatest

തൂണേരി കോവിഡ്: 150 ലധികം പേര്‍ ക്വാറന്റൈനില്‍

“Manju”

വി.എം സുരേഷ് കുമാർ

വടകര : തൂണേരി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ വെള്ളൂര്‍ സ്വദേശിയായ മത്സ്യ മൊത്തവിതരണക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശത്ത് അതീവ ജാഗ്രതാനിര്‍ദേശം. യുവാവുമായി അടുത്തിടപഴകിയ വീട്ടുകാരും സുഹൃത്തുക്കളും ഉള്‍പ്പെടെ 150 ല്‍ അധികം പേര്‍ ക്വാറന്റൈനിലായി. വെള്ളൂര്‍ സൗത്ത് എല്‍ പി സ്‌ക്കൂള്‍ പരിസരത്തെ 38 കാരനാണ് ബുധനാഴ്ച്ച രാത്രിയോടെ കോവിഡ് 1സ്ഥിരീകരിച്ചത്.യുവാവിന്റെ റൂട്ട്മാപ്പ് തയ്യാറായി വരികയാണെന്ന് അധികൃതര്‍ പറഞ്ഞു. യുവാവ് മത്സ്യവില്‍പ്പന നടത്തിയ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ അഞ്ച് പഞ്ചായത്തുകളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വളയം, പുറമേരി, കുന്നുമ്മല്‍ പഞ്ചായത്തുകളിലെ മത്സ്യമാര്‍ക്കറ്റുകളില്‍ ഇയാളെത്തിയതിനെ തുടര്‍ന്ന് രണ്ട് മാര്‍ക്കറ്റുകളും അടച്ച് പൂട്ടുകയും ഇയാളുമായി ഇടപഴകിയ മാര്‍ക്കറ്റിലെ തൊഴിലാളികളോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
കല്ലാച്ചി, നാദാപുരം മത്സ്യമാര്‍ക്കറ്റും സിപിഎം ഓഫീസ് പരിസരത്തെ സ്വകാര്യ വ്യക്തിയുടെ ബൂത്തും അടച്ച് പൂട്ടി. തൂണേരി ഗ്രാമപഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവ് യുവാവുമായി ഇടപഴകിയതിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫീസ് വ്യാഴാഴ്ച്ച ഉച്ചവരെ പൂട്ടിയിട്ടു. ഫയര്‍ഫോഴ്സെത്തി അണുവിമുക്തമാക്കിയതിന് ശേഷമാണ് പഞ്ചായത്ത് ഓഫീസ് തുറന്നത്. പുറമേരി വെള്ളൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യബൂത്തുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് ടൗണില്‍ രാവിലെ തന്നെ ആരോഗ്യവകുപ്പ് ജീവനക്കാരെത്തി കടകള്‍ പൂട്ടിച്ചു. പുറമേരിയില്‍ ഇയാളില്‍ നിന്ന് മത്സ്യം ശേഖരിച്ച് വില്‍പ്പന നടത്തിയ വില്‍പനക്കാരും ക്വാറന്റൈനില്‍ പോയി. യുവാവിന്റെ വീട്ടിലേക്കുള്ള റോഡും സമീപത്തെ റോഡുകളും പോലീസും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് അടച്ചു.
ശാരീരികമായ അസ്വസ്ഥതകളെ തുര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് ഇയാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ സ്രവം പരിശോധനയ്ക്ക് നല്‍കിയത്. ഈ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഡിഎംഒ യുടെ നിര്‍ദ്ദേശ പ്രകാരം ബുധനാഴ്ച്ച രാത്രി പതിനൊന്നരയോടെ ആരോഗ്യ പ്രവര്‍ത്തകരെത്തി യുവാവിനെ 108 ആംബുലന്‍സില്‍ കോഴിക്കോട് ലക്ഷദ്വീപം റസ്റ്റ് ഹൗസിലെ പ്രത്യേക കോവിഡ് വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തലശ്ശേരിയില്‍ നിന്ന് മത്സ്യം ശേഖരിച്ച് പുറമേരി, തൂണേരി, കല്ലാച്ചി, വളയം, കക്കട്ട് തുടങ്ങി വയനാട് നിരവില്‍പുഴയില്‍ വരെ ഈ യുവാവാണ് മത്സ്യം വിതരണം നടത്തുന്നത്. ജില്ലാ ആരോഗ്യവകുപ്പിലെ കെ.ടി.മോഹനന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം വെള്ളൂരിലും തൂണേരിയുമെത്തി പരിശോധനനടത്തുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു..

Related Articles

Back to top button