InternationalLatest

ചൈന തര്‍ക്കത്തില്‍ മധ്യസ്ഥനാകാമെന്ന് ആവര്‍ത്തിച്ച്‌ ട്രംപ്

“Manju”

സിന്ധുമോള്‍ ആര്‍

വാഷിങ്ടണ്‍: ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തിത്തര്‍ക്കത്തില്‍ മധ്യസ്ഥനാകാമെന്ന് ആവര്‍ത്തിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രശ്‌നത്തില്‍ താന്‍ ഇടനിലക്കാരനാകാമെന്ന കാര്യം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചെന്നും ട്രംപ് പറഞ്ഞു. പക്ഷേ, മോദി നല്ല മൂഡിലല്ലെന്നും ഇരുരാജ്യങ്ങളും തമ്മില്‍ അതിര്‍ത്തിയില്‍ ഉടലെടുത്ത സംഘര്‍ഷമാണ് അതിന് കാരണമെന്നും ട്രംപ് കൂട്ടിചേര്‍ത്തു. ഇന്ത്യയും ചൈനയും തമ്മില്‍ വലിയ സംഘര്‍ഷമാണ് നടക്കുന്നതെന്നും അദ്ദേഹം വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

‘എന്നെ ഇഷ്ടമാണ് ഇന്ത്യക്കാര്‍ക്ക്. ഈ രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ എന്നെ ഇഷ്ടപ്പെടുന്നതിനേക്കാള്‍ ഇന്ത്യക്കാര്‍ എന്നെ ഇഷ്ടപ്പെടുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് മോദിയെ ഇഷ്ടമാണ്. എനിക്ക് നിങ്ങളുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വലിയ ഇഷ്ടമാണ്. നിങ്ങളുടെ പ്രധാനമന്ത്രിയോട് എനിക്ക് വലിയ സ്‌നേഹമുണ്ട്. അദ്ദേഹം മഹാനായ മനുഷ്യനാണ്’- ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും ചൈനയും തമ്മില്‍ ഉള്ള അതിര്‍ത്തി തര്‍ക്കത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍, ‘ഇന്ത്യയും ചൈനയും തമ്മില്‍, വലിയൊരു ഭിന്നതയുണ്ട്. 1.4 ബില്യണ്‍ ജനസംഖ്യ വീതമുണ്ട് രണ്ട് രാജ്യങ്ങളിലും. രണ്ട് രാജ്യങ്ങള്‍ക്കും ശക്തമായ സൈന്യവുമുണ്ട്. ഇന്ത്യയ്ക്ക് അതൃപ്തിയുണ്ട്, ചൈനയ്ക്കും അതൃപ്തിയുണ്ട്’ എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതികരണം.

‘ഒരു കാര്യം ഞാന്‍ പറയാം. ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചു. അദ്ദേഹം നല്ല മൂഡിലായിരുന്നില്ല. ചൈനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രത്യേകിച്ചു’ ട്രംപ് പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി ഭിന്നതയില്‍ മധ്യസ്ഥനാകാമെന്ന് നേരത്തേയും ട്രംപ് അറിയിച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ട്രംപ് ഇക്കാര്യം അറിയിച്ചിരുന്നത്. എന്നാല്‍ അതിര്‍ത്തിത്തര്‍ക്കം സമാധാനപരമായിത്തന്നെ പരിഹരിക്കുമെന്നായിരുന്നു ട്രംപിന്റെ വാഗ്ദാനത്തോട് ഇന്ത്യയുടെ പ്രതികരണം.

Related Articles

Back to top button