KeralaLatest

എറണാകുളം ജില്ലയിലെ പ്രധാന ചികിത്സാകേന്ദ്രം മെഡിക്കല്‍ കോളേജ് ആയിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി

“Manju”

 

എറണാകുളം – കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നത് വരെ ജില്ലയിലെ പ്രധാന ചികിത്സാകേന്ദ്രം എറണാകുളം മെഡിക്കല്‍ കോളേജ് ആയിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കോവിഡ് ആശുപത്രിയായി മെഡ‍‍ിക്കല്‍ കോളേജിനെ സംസ്ഥാന സര്‍ക്കാര്‍ തന്നെ വിജ്ഞാപനം ചെയ്തിരിക്കെ നിലവിലുള്ള സാഹചര്യത്തെ കുറിച്ച് അടിസ്ഥാന രഹിതമായ പ്രചാരണം നടത്തുന്നത് ഖേദകരമാണെന്ന് പ്രിന്‍സിപ്പലിന്‍റെ ചുമതല വഹിക്കുന്ന വൈസ് പ്രിന്‍സിപ്പല്‍ ഡോ. എ. ഫത്താഹുദ്ദീന്‍ പറഞ്ഞു. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നത് വരെ കോളേജിന്‍റെ പ്രവര്‍ത്തനം എറണാകുളം ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ചായിരിക്കും. സംസ്ഥാനം നേരിടുന്ന സവിശേഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു പ്രവര്‍ത്തന ക്രമീകരണം സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടം നടപ്പാക്കിയിരിക്കുന്നത്.

കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ മൂലം മെ‍ഡിക്കല്‍ കോളേജില്‍ ക്ലാസുകള്‍ ഇപ്പോള്‍ നടക്കുന്നില്ല. ഹൗസ് സര്‍ജന്‍മാര്‍ക്കും ഇത് ബാധകമാണ്. ഹൗസ് സര്‍ജന്‍സിക്ക് ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ മെഡിക്കല്‍ കോളേജ് സന്നദ്ധമായെങ്കിലും കോവിഡ് ചികിത്സാരംഗത്ത് സേവനം നല്‍കാന്‍ ഹൗസ് സര്‍ജന്‍മാര്‍ തയാറായ സാഹചര്യത്തില്‍ അവരെ അതിന് പ്രയോജനപ്പെടുത്തുകയായിരുന്നു. ഇക്കാര്യത്തിലുള്ള തുടര്‍ തീരുമാനം ആരോഗ്യ സര്‍വകലാശാല കൈക്കൊള്ളും. മെഡിക്കല്‍ കോളേജില്‍ കോവിഡ് ഡ്യൂട്ടിയിലുള്ള ഹൗസ് സര്‍ജന്‍മാര്‍ക്ക് സ്റ്റൈപ്പന്‍റും ഭക്ഷണ, താമസ സൗകര്യങ്ങളും മെഡിക്കല്‍ കോളേജ് ലഭ്യമാക്കിയിട്ടുണ്ട്.

കോവിഡ് ആശുപത്രികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ലോകാരോഗ്യ സംഘടനയും ഐ.സി.എം.ആറും സംസ്ഥാന ആരോഗ്യ വകുപ്പും നല്‍കിയിട്ടുള്ള പ്രോട്ടോകോള്‍ നിലവിലുണ്ട്. അതിന് വിധേയമായി മാത്രമേ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനവും ക്രമീകരിക്കാന്‍ കഴിയൂ. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ മറ്റെല്ലാ രംഗത്തേയും പോലെ മെഡിക്കല്‍ കോളേജിനെയും ബാധിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഘട്ടം ഘട്ടമായി വരുത്തുന്ന ഇളവുകള്‍ക്ക് അനുസൃതമായി മാത്രമേ ഔട്ട് പേഷ്യന്‍റ് വിഭാഗം അടക്കമുള്ളവയുടെ പ്രവര്‍ത്തനം ജനറല്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ കഴിയൂ – വൈസ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

ആശുപത്രി വികസന സമിതികള്‍ ലാഭമുണ്ടാക്കാനായി പ്രവര്‍ത്തിക്കുന്ന സംവിധാനമല്ലെന്നും വൈസ് പ്രിന്‍സിപ്പല്‍ പറഞ്ഞു. അതേസമയം കോവിഡുമായി ബന്ധപ്പെട്ട് ചികിത്സാ സംവിധാനങ്ങള്‍ നവീകരിക്കുന്നതിനും ഡോക്ടര്‍മാരടക്കം കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിനുമായി 4.27 കോടി രൂപ ഇതിനകം ലഭ്യമായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ ധനസഹായവും ഹൈബി ഈഡന്‍, പി.ടി. തോമസ്, ജോണ്‍ ഫെര്‍ണാണ്ടസ് എന്നീ എം.എല്‍.എമാരുടെ വികസന ഫണ്ടും പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടും പ്രയോജനപ്പെടുത്തി കോവിഡ് പരിശോധനാ ലാബറട്ടറി അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞു. കോവിഡ് പരിശോധനാ ലാബറട്ടറി സ്ഥാപിക്കുന്നതിനായി ഒരു കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ദേശീയാരോഗ്യ ദൗത്യം മുഖേന ആശുപത്രിയിലേക്ക് കൂടുതല്‍ ‍ഡോക്ടര്‍മാരെയും നഴ്സുമാരടക്കമുള്ള മറ്റ് ജീവനക്കാരെയും നിയമിച്ചിട്ടുണ്ടെന്നും ഡോ. ഫത്താഹുദ്ദീന്‍ പറ‍ഞ്ഞു.

രാജ്യത്തിന് തന്നെ മാതൃകയായി വാക്ക് ഇന്‍ സാമ്പിള്‍ കിയോസ്ക് വികസിപ്പിച്ചെടുത്തതും എറണാകുളം മെഡിക്കല്‍ കോളേജാണ്. മെഡിക്കല്‍ കോളേജുമായി സഹകരിച്ച് ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍ വിവിധ സേനാവിഭാഗങ്ങള്‍ക്കായി കിയോസ്കിന്‍റെ പോര്‍ട്ടബിള്‍ പതിപ്പുകള്‍ക്കും രൂപം നല്‍കി. അതീവഗുരുതരാവസ്ഥയിലുള്ള വിദേശികള്‍ക്കടക്കം കോവിഡ് രോഗമുക്തി ലഭിച്ചത് രാജ്യാന്തരതലത്തില്‍ തന്നെ മെഡിക്കല്‍ കോളേജിനെ ശ്രദ്ധേയമാക്കി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ബാഗേജുകള്‍ സ്ക്രീനിംഗിനിടെ അണുവിമുക്തമാക്കുന്നതിനുള്ള അള്‍ട്രാ വയലറ്റ് സംവിധാനം വികസിപ്പിച്ചെടുത്തതും മെഡിക്കല്‍ കോളേജിന്‍റെ സാങ്കേതിക സഹകരണത്തോടെയാണ്.

ഇതാണ് വസ്തുതയെന്നിരിക്കെ മെഡിക്കല്‍ കോളേജിലെ ഔട്ട്പേഷ്യന്‍റ് വിഭാഗം, ഹൗസ് സര്‍ജന്‍സി, ആശുപത്രി വികസന സമിതി എന്നിവ സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ പ്രചരണം നിക്ഷിപ്ത താല്‍പര്യത്തോടെ ചില കേന്ദ്രങ്ങള്‍ നടത്തുന്നത് ഖേദകരമാണെന്ന് വൈസ് പ്രിന്‍സിപ്പല്‍ പറഞ്ഞു.

കാന്‍സര്‍ സെന്‍‍റര്‍
കോവിഡ് ചികിത്സാകേന്ദ്രമായി എറണാകുളം മെഡിക്കല്‍ കോളേജിനെ നിശ്ചയിച്ച സാഹചര്യത്തിലാണ് കാന്‍സര്‍ രോഗികളുടെ ചികിത്സയും സുരക്ഷിതത്വവും കണക്കിലെടുത്ത് ഈ ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍ററിന്‍റെ പ്രവര്‍ത്തനം ജനറല്‍ആശുപത്രിയിലേക്ക് മാറ്റിയതെന്ന് സൂപ്രണ്ട് ഡോ പി.ജി. ബാലഗോപാല്‍ വ്യക്തമാക്കി.

സെന്‍ററിലെ ഔട്ട് പേഷ്യന്‍റ് വിഭാഗം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാന്‍സര്‍ സെന്‍ററിലെ ഡോക്ടര്‍മാരുടെ സേവനം അവിടെ ലഭ്യമാണ്. ശസ്ത്രക്രിയകള്‍ നടത്തുന്നതിന് ജനറൽ ഹോസ്പിറ്റലിന് പുറമെ കടവന്ത്രയിൽ ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിലും സൗകര്യമൊരുക്കിയിട്ടുണ്ട്. കളമശ്ശേരിയിലെ കാൻസർ സെന്ററിൽ തുടർപരിചരണത്തിലുള്ള രോഗികൾക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.

കാൻസർ സെന്ററിൽ ചികിത്സ ആഗ്രഹിക്കുന്ന രോഗികൾക്ക് 0484 2870287 എന്ന നമ്പറിൽ വിളിച്ചു മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡോ. ബാലഗോപാല്‍ അറിയിച്ചു.

Related Articles

Back to top button