ArticleLatest

കമലാദാസ് – നമ്മുടെ മാധവിക്കുട്ടി ചിലരുടെ സുരയ്യ

“Manju”

 

സ്നേഹം തേടിയുള്ള യാത്രയായിരുന്നു കമലയുടെ ജീവിതം;അതുപോലെ കഥകളും സ്നേഹാന്വേഷണങ്ങൾ ആയിരുന്നു.. ഇംഗ്‌ളീഷിലെ വിഖ്യാതയായ ഇന്ത്യൻ കവിയും എഴുത്തുകാരിയുമായ കമലാ ദാസ് പക്ഷെ, മലയാളികൾക്കെല്ലാം പ്രിയപ്പെട്ട കഥാകാരിയായിരുന്നു..ജീവിതത്തിന്റെ അവസാനകാലത്ത് അവർ ചിലർക്കെല്ലാം കമലാ സുരയ്യയായി മാറി.മാധവിക്കുട്ടി എന്ന ആമി കഥകളുടെ നറുമണം മാത്രമാക്കി യാത്രയായിട്ട് ഇന്ന് 11 വർഷമാവുന്നു 2009 മെയ് 31 നു പുണെ യിൽ ആയിരുന്നു അന്ത്യം. മൃതദേഹം തിരുവനന്തപുരത്താണ് സംസ്കരിച്ചത്.

സ്ത്രീമനസ്സിനെ സാഹിത്യലോകത്ത് മറയില്ലാതെ അവർ തുറന്നുവച്ചു .അവളുടെ കാമനകൾ ആതുരതകൾ സ്വപ്നങ്ങൾ, ദാഹങ്ങൾ ഉൾപ്രേരണകൾ ,വിഹ്വലതകൾ വ്യഥകൾ ധീരതകൾ സങ്കടങ്ങൾ എല്ലാം കൊച്ചുകൊച്ചു കവികഥകളുടെ ചിമിഴിൽ അവർ അടച്ചുവച്ചു .മാറ്റത്തിന്‍റെ വഴികളില്‍ സ്വയം പ്രതിഷ്ഠിച്ച ജീവിതമായിരുന്നു അവരുടേത്.

ചെറുകഥകളായിരുന്നു കമലയുടെ ഇഷ്‌ടമേഖല. ഇടയ്ക്ക് നോവലുകളില്‍ കൈവെച്ചെങ്കിലും തനിക്ക് പറ്റുന്നിടം ചെറുകഥയുടെ വലിയ ലോകമാണെന്ന് അവര്‍ മനസ്സിലാക്കി. ജീവിതഗന്ധിയുള്ള രചനകള്‍ അവരുടെ തൂലികയില്‍ നിന്നു വിടര്‍ന്നപ്പോഴൊക്കെ കപട സദാചാരത്തിന്‍റെ മലയാളിക്കണ്ണ് അവിടെയെല്ലാം എത്തിനോക്കി.

ഇംഗ്ലീഷില്‍ എഴുതുന്ന ഇന്ത്യന്‍ സ്ത്രീ പക്ഷ എഴുത്തുകാരുടെ പുരോഗാമിയായിരുന്ന കമലാദാസ് സ്ത്രീകള്‍ക്കു വിധിക്കപ്പെട്ട ജീവിതാവസ്ഥകളില്‍ ഗാഢമായ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. സാഹിത്യ രചനാപാതയിലെ നീണ്ട യാത്രയ്ക്ക് തിളക്കമാര്‍ന്ന തുടക്കം കുറിച്ചത് ‘സമ്മര്‍ ഇന്‍ കല്‍ക്കത്ത’ എന്ന കൃതിയിലൂടെയായിരുന്നു. സ്ത്രീ മനസ്സിന്റെ നിഗൂഢവും സങ്കീര്‍ണ്ണവുമായ ഭാവതലങ്ങള്‍ തന്റെ രചനകളില്‍ ആവിഷ്ക്കരിച്ച മാധവിക്കുട്ടിയുടെ ഒട്ടേറെ മലയാള കഥകള്‍ സവിശേഷ വ്യക്തിത്വം കൈവരിക്കുവാന്‍ അധിക കാലമെടുത്തില്ല.

ഇന്ത്യയിലെ സ്ത്രീകളായ കവികള്‍ കൗമാര ദിവാ സ്വപ്നങ്ങളെയും തിരിച്ചു കിട്ടാത്ത അനശ്വര പ്രേമത്തെയും കുറിച്ചെല്ലാം ജല്പനം നടത്തുന്ന കവിതകളില്‍ അഭിരമിക്കുമ്പോള്‍ മാധവിക്കുട്ടിയാകട്ടെ മനസ്സിനെയും ശരീരത്തെയും ബന്ധിച്ചിരുന്ന വിലക്കുകളെ തകര്‍ത്ത് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയായിരുന്നു, തന്റെ രചനകളിലൂടെ. തല്‍ഫലമായി യാഥാര്‍ത്ഥ്യത്തിന്റെ തീക്ഷണതയും കവിതയുടെ സാന്ദ്രതയും സമന്വയിക്കപ്പെട്ട അപൂര്‍വ്വ രചനകള്‍ അവരുടെ തൂലികയിലൂടെ കൈരളിക്കു ലഭിച്ചു.

സ്ത്രീ രചന സ്ത്രീ പക്ഷ സാഹിത്യം എന്നൊക്കെ ഇന്നു ചില പെണ്ണുങ്ങൾ മുറവിളി കൂട്ടുന്നതിന് എത്രയോ മുൻപ് ആണുങ്ങളേക്കാൾ കേമമായി സധൈര്യം സ്ത്രീകൾക്ക് വേണ്ടിയും എല്ലാവർക്കുമായും എല്ലാം മാധവിക്കുട്ടി കഥയെഴുതി. .എന്റെ കഥ എന്ന ആത്മകഥാപരമായ നോവൽ ഒരു പൊളിച്ചെഴുത്തായിരുന്നു.പരുഷന്റെ സർവ്വമേധാവിത്തത്തിനു എതിരെയുള്ള കാഹളമായിരുന്നു.

കമല, കമലാദാസ് ആയതും മാധവിക്കുട്ടിയായതും കമല സുരയ്യ ആയതും മലയാള മണ്ണിലായിരുന്നു. കമലസുരയ്യ എന്ന പേരിനൊപ്പം ലഭിച്ച വിമര്‍ശനങ്ങളും നോവുകളും ഉള്ളിലടക്കി ജീവിച്ചു .രാഷ്ട്രീയത്തിൽ മുമ്പ് പ്രവർത്തിച്ചിട്ടില്ലെങ്കിലും , ലോക സേവാ പാർട്ടി എന്ന രാഷ്ട്രീയ സംഘടനയ്ക്ക് രൂപം കൊടുത്തു. അനാഥകളായ അമ്മമാർക്കും, മതനിരപേക്ഷതയ്ക്കും വേണ്ടിയാണ് ഈ പാർട്ടി എന്ന് രൂപീകരണവേളയിൽ പ്രഖ്യാപിച്ചു. ഇന്ത്യൻ പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് മത്സരിക്കുകയും ചെയ്തു.

കൊല്‍ക്കത്തയില്‍ ജീവിക്കുമ്പോഴും പുന്നയൂര്‍ക്കുളത്തെ കുളത്തിലും നീര്‍മാതളത്തിലും സ്വപ്നത്തിന്‍റെ ചിറകില്‍ വന്നെത്തിയിരുന്ന കഥാകാരി ഇന്ന് മലയാള സാഹിത്യലോകത്തിന് നോവിക്കുന്ന ഓര്‍മ്മ മാത്രം! എഴുപത്തിയഞ്ചാം വയസ്സില്‍ പൂനെയിലെ ജഹാംഗീര്‍ ആശുപത്രിയില്‍ വച്ചാണ് അവര്‍ ലോകത്തോട് വിട ചൊല്ലിയത്.

മതംമാറ്റവും കമലയുടേതായ രീതികളും ഉയര്‍ത്തിയ പ്രതികരണങ്ങള്‍ കഥാകാരിയുടെ മനസ്സിനേല്‍പ്പിച്ച മുറിവുകളാവാം മലയാളത്തിനെ പിരിഞ്ഞ് മറുനാട്ടില്‍ ജീവിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. എന്നാല്‍, പുരസ്കാരങ്ങള്‍ നല്‍കാന്‍ കഴിവില്ലാത്ത, ഒരിക്കല്‍ പോലും നേരിട്ടുകാണാത്ത എത്രയോ സാധാരണക്കാരായ അനുവാചകര്‍ക്ക് തീരാ നഷ്ടമായിരുന്നു കേരളത്തില്‍ നിന്ന് കമല അകന്നു ജീവിച്ചത്.

മലയാളത്തില്‍ ഇനി എഴുതുകയില്ല എന്ന് പറഞ്ഞാണ് കമല സുരയ്യ മറുനാടിന്‍റെ സുരക്ഷയിലേക്ക് വണ്ടികയറിയത്. എന്നാല്‍, മലയാള സാഹിത്യത്തിന് കമല നല്‍കിയ തുടക്കം വിപ്ലവകരമായിരുന്നു. സ്ത്രീപക്ഷമോ പുരുഷ പക്ഷമോ പറയാതെ സ്ത്രീയുടെ വികാര വിചാര തലങ്ങള്‍ തഴുകി തലോടിയാണ് കമലയുടെ കഥകളും നോവലുകളും പിറവികൊണ്ടത്.

സ്ത്രീകളുടെ സ്നേഹം അത് അടിമപ്പെടലിന്‍റെ വര്‍ണനയായി കാണാതെ ഭവിഷ്യത്തുകളെ കുറിച്ച് ആലോചിക്കാതെ സ്നേഹം നല്‍കിയും നേടിയും തിരിച്ചുകിട്ടാതെ വിലപിച്ചും സുധീരമായ സാഹിത്യ രചന നടത്തിയ കമല സാമൂഹിക വ്യവസ്ഥിതികളുടെ ആഴത്തിലും കടുപ്പത്തിലുമുള്ള വേരുകള്‍ നമുക്ക് മുന്നില്‍ വരച്ചുകാട്ടി, കഥകളിലൂടെയും ജീവിതത്തിലൂടെയും.

ശുദ്ധ സംഗീതം പോലെ സുന്ദരമായ യാത്ര, അതായിരുന്നു മലയാളത്തിന്‍റെ മാധവിക്കുട്ടി നാലപ്പാട്ട് തറവാടില്‍ നിന്ന് തുടങ്ങി പുനെയില്‍ അവസാനിപ്പിച്ചത്. സ്വയം കണ്ടെത്തിയ വഴിയേ അവര്‍ നടന്നു. പിന്നിട്ട വഴികളില്‍ അനശ്വരതയുടെ അലുക്കുകളുമായി നില്‍ക്കുന്ന അക്ഷരക്കൂട്ടങ്ങളെ സൃഷ്‌ടിച്ചു. വഴിമാറി നടന്ന അവരുടെ സാഹിത്യജീവിതത്തെ അപവാദങ്ങള്‍ പൊതിഞ്ഞപ്പോള്‍, അതിനെയെല്ലാം മൂടല്‍മഞ്ഞു പോലെ നീക്കി കളയാന്‍ അവര്‍ക്ക് കഴിഞ്ഞു.

കവയിത്രി ബാലാമണിയമ്മയുടേയും മാതൃഭൂമി മുന്‍ മാനേജിങ്‌ എഡിറ്റര്‍ വി എം നായരുടേയും മകളായി 1932 മാര്‍ച്ച്‌ 31ന്‌ മാറ്റത്തിന്‍റെ വഴികളില്‍ സ്വയം പ്രതിഷ്ഠിച്ച ജീവിതമായിരുന്നു അവരുടേത് പുന്നയൂര്‍ക്കുളത്ത്‌ നാലപ്പാട്ടു തറവാട്ടിലായിരുന്നു കമലാസുരയ്യയുടെ ജനനം.

മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തില്‍ ചെറുകഥകളും നോവലുകളും കമലാദാസ്‌ എന്ന പേരില്‍ ഇംഗ്ലീഷില്‍ കവിതകളുമെഴുതി. രണ്ടു ഭാഷകളിലും ഏറെ ആരാധകരെ സൃഷ്ടിച്ച വ്യക്തിത്വമായിരുന്നു കമലയുടേത്‌. പരേതനായ മാധവദാസ്‌ ആണ് ഭര്‍ത്താവ്. മക്കള്‍ എം ഡി നാലപ്പാട്‌, ചിന്നന്‍ ദാസ്‌, ജയസൂര്യ ദാസ്‌.

വിവാഹ ശേഷമാണ് കമല സാഹിത്യലോകത്തില്‍ സജീവമായത്. 1999ല്‍ തന്‍റെ അറുപത്തഞ്ചാം വയസില്‍ ഇസ്ലാം മതം സ്വീകരിച്ച് കമല സുരയ്യയായി. മതം മാറാനുള്ള അവരുടെ തീരുമാനം മലയാളത്തില്‍ ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ ചെറുതല്ലായിരുന്നു. വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ നാലുദിക്കില്‍ നിന്നും ഒരുമിച്ച് ആക്രമിച്ചപ്പോഴും തന്‍റെ തീരുമാനം അവര്‍ കൈവിട്ടില്ല.
പറയാനുള്ളത് ആരെയും ഭയക്കാതെ, പുരുഷനേക്കാള്‍ ധൈര്യത്തോടെ കമല പറഞ്ഞു. പലരും പറയാന്‍ കൊതിച്ചതും, എന്നാല്‍ പറയാന്‍ ഭയന്നതുമായ കാര്യങ്ങള്‍ തന്‍റെ രചനകളില്‍ സുന്ദരമായ ചിത്രം പോലെ കോറിയിട്ടപ്പോള്‍ ഉണ്ടായ വിവാദങ്ങള്‍ ചെറുതല്ലായിരുന്നു. മലയാളി ‘എന്‍റെ കഥ’ ആവര്‍ത്തിച്ചു വായിച്ചതും, ഇപ്പോഴും വിമര്‍ശനങ്ങളുയര്‍ത്തുന്നതും പറയാനുള്ളത് പച്ചയായി പറഞ്ഞ അവരുടെ ധൈര്യത്തോടുള്ള അസൂയ മൂലമാണ്.

മലയാളത്തില്‍, മതിലുകള്‍, തരിശുനിലം, നരിച്ചീറുകള്‍ പറക്കുമ്പോള്‍, എന്‍റെ സ്‌നേഹിത അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, നഷ്‌ടപ്പെട്ട നീലാംബരി, തണുപ്പ്‌, മാനസി, തിരഞ്ഞെടുത്ത കഥകള്‍, എന്‍റെ കഥ, വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, ചന്ദനമരങ്ങള്‍, മനോമി, ഡയറിക്കുറിപ്പുകള്‍, ബാല്യകാലസ്‌മരണകള്‍, നീര്‍മാതളം പൂത്തകാലം, വണ്ടിക്കാളകള്‍ എന്നിവയും ഇംഗ്ലീഷില്‍, സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ്‌ ഓഫ്‌ ലസ്റ്റ്‌, ദ്‌ ഡിസന്റന്‍സ്‌, ഓള്‍ഡ്‌ പ്ലേ ഹൗസ്‌, കളക്‌റ്റഡ്‌ പോയംസ്‌ എന്നീ കവിതാസമാഹാരങ്ങളും അവരുടെ പ്രശസ്തങ്ങളായ കൃതികളാണ്.

1984ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന്‌ അവരുടെ പേര് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ആശാന്‍ വേള്‍ഡ്‌ പ്രൈസ്‌, ഏഷ്യന്‍ പൊയട്രി പ്രൈസ്‌, കെന്‍റ് അവാര്‍ഡ്‌, എഴുത്തച്‌ഛന്‍ പുരസ്‌കാരം, സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ കമലയെ തേടിയെത്തി. ഇലസ്‌ട്രേറ്റഡ്‌ വീക്കിലി ഒഫ്‌ ഇന്ത്യയുടെ പോയട്രി എഡിറ്റര്‍, കേരള ചില്‍ഡ്രന്‍സ്‌ ഫിലിം സൊസൈറ്റി പ്രസിഡന്‍റ്‌, കേരള ഫോറസ്‌റ്ററി ബോര്‍ഡ്‌ ചെയര്‍മാന്‍, ”പോയറ്റ്‌” മാസികയുടെ ഓറിയന്‍റ് എഡിറ്റര്‍ എന്നീ പ്രമുഖ സ്‌ഥാനങ്ങള്‍ വഹിച്ചിരുന്നു.

അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവർത്തനങ്ങൾക്കുമായി ലോക്സേവാ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന ആരംഭിച്ചു. നാലപ്പാട്ടെ തൻ്റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തു. സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ ഭാരതത്തിലെ ആദ്യത്തെ എഴുത്തുകാരി എന്ന പദവി മാധവിക്കുട്ടിക്കാണെന്ന് പല എഴുത്തുകാരും കരുതുന്നു.

ആധുനിക ഇന്തോ ആംഗ്ലിയന്‍ കവിതയുടെ മാതാവ് എന്നവര്‍ വിളിക്കപ്പെട്ടു. 1973-ല്‍ മാധവിക്കുട്ടി ‘എന്റെ കഥ’ എന്ന ആത്മകഥയെഴുതി. 1976ല്‍ അതിന്റെ ഇംഗ്ലീഷ് പതിപ്പും രചിച്ചു. വൈകാരികമായി ഛിന്നഭിന്നമാക്കപ്പെട്ട കുടുംബ ബന്ധങ്ങള്‍, ആത്മസാഫല്യം കൈവരിക്കാന്‍ കഴിയാത്ത വിവാഹ ജീവിതം, ലൈംഗികമായ തീവ്രാഭിലാഷങ്ങള്‍, ആത്മഹത്യയെ താലോലിക്കുന്ന ചിന്തകള്‍ എന്നിവയെല്ലാം അവര്‍ ആത്മകഥയിലെഴുതി. ‘എന്റെ കഥ’യില്‍ ആത്മകഥാപരമായ യാഥാര്‍ത്ഥ്യങ്ങള്‍ അവര്‍ ആവിഷ്ക്കരിക്കുക മാത്രമല്ല ആത്മസുഖത്തിനു വേണ്ടി സ്വന്തം യാഥാര്‍ത്ഥ്യങ്ങള്‍ അവര്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നാണ് പ്രശസ്തനായ ഒരു നിരൂപകന്റെ അഭിപ്രായം.

ചേക്കേറുന്ന പക്ഷികള്‍, നഷ്ടപ്പെട്ട നീലംബരി എന്നിങ്ങനെ ധാരാളം ചെറുകഥാ സമാഹാരങ്ങള്‍, നീര്‍മാതളം പൂത്തകാലം (ഓര്‍മ്മകള്‍), നോവലുകള്‍ ഒട്ടേറെ കവിതാസമാഹാരങ്ങള്‍, ആത്മകഥ എന്നിങ്ങനെ ധാരാളം സംഭാവനകള്‍ ഭാഷയെ ധന്യമാക്കിയിട്ടുണ്ട്. സ്ത്രീ മനസ്സിന്റെ സങ്കീര്‍ണ്ണതകളിലേക്കും നിസ്സഹായതകളിലേക്കും അതി തീവ്രമായി ഇറങ്ങിച്ചെല്ലുന്ന അനേകം സന്ദര്‍ഭങ്ങള്‍ ആവിഷ്ക്കരിക്കപ്പെടുന്ന ഒട്ടേറെ ഇംഗ്ലീഷ് കവിതകളും കമലാദാസ് എഴുതിയിട്ടുണ്ട്. ദി ഡിസന്‍റന്‍സ്, ആല്‍ഫബറ്റ് ഓഫ് ലസ്റ്റ്, ഓള്‍ഡ് പ്ലേഹൗസ് ആന്‍റ് അദര്‍ പോയംസ് എന്നിവ പ്രമുഖ ഇംഗ്ലീഷ് കൃതികളാണ്.

മലയാളത്തിലും, ഇംഗ്ലീഷിലും ഒരു പോലെ എഴുതിയിരുന്ന മാധവിക്കുട്ടി ഏഷ്യന്‍ പൊയട്രി പ്രൈസ്, കെന്‍റ് അവാര്‍ഡ്, ആശാന്‍ വേള്‍ഡ് പ്രൈസ്, അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി ചെറുകഥ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്

Related Articles

Back to top button