Uncategorized

ഭരണത്തുടർച്ച തിരഞ്ഞെടുപ്പ് ജയത്തിൽ മാത്രമല്ല: മുഖ്യമന്ത്രി

“Manju”
തിരുവനന്തപുരം മുട്ടത്തറയില്‍‍ നടന്ന മത്സ്യത്തൊഴിലാളി ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനവും, എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 100 ദിന കര്‍മ്മ പദ്ധതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുന്നു. ചീഫ് സെക്രട്ടറി വി.പി.ജോയ്, കെ.ആൻസലന്‍ എം.എല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഡി.സുരേഷ് കുമാര്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, മന്ത്രിമാരായ സജി ചെറിയാന്‍, വി. അബ്ദുള്‍ റഹിമാന്‍, വി.ശിവന്‍കുട്ടി, ആന്റണി രാജു, മെട്രോ പോളിറ്റന്‍ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, മന്ത്രി അഹമ്മദ് ദേവര്‍കോവിൽ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, മന്ത്രി ജി.ആര്‍.അനില്‍,  ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, വി.പി.ജോയ് എം.എല്‍.എ എന്നിവര്‍ സമീപം.

തിരുവനന്തപുരം: ഭരണത്തുടർച്ച എന്നത് തിരഞ്ഞെടുപ്പ് ജയത്തിൽ മാത്രമല്ലെന്നും ക്ഷേമ വികസനപ്രവർത്തനങ്ങളുടെ തുടർച്ചകൂടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാരിന്റെ മൂന്നാം നൂറുദിന കർമ്മ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മുട്ടത്തറയിൽ പുനർഗേഹം പദ്ധതിയുടെ ഭാഗമായി 400 വീടുകൾ നിർമ്മിക്കുന്നതിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു.
ക്ഷേമപദ്ധതികളും വികസന പ്രവർത്തനങ്ങളും ജനങ്ങളുടെ കല്പനപ്രകാരം എന്ന നിലയിലാണ് നടപ്പാക്കുന്നത്. ഇത് പുതിയ ഭരണസംസ്‌കാരമാണ്. പറഞ്ഞത് ചെയ്യുക, അതിനെന്തെങ്കിലും തടസമുണ്ടെങ്കിൽ നീക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. താത്‌കാലിക ആവശ്യങ്ങൾക്ക് വേണ്ടി ആളുകളെ പെട്ടെന്ന് കൂടെനിറുത്താൻ തെറ്റായ വാഗ്ദാനങ്ങൾ നൽകുന്ന രീതി ഒരിക്കലും സ്വീകരിച്ചിട്ടില്ല.

വലിയ പ്രതിസന്ധികൾക്കിടെ നാട് തളരുകയല്ല, വളരുകയാണ് ചെയ്തത്. സംസ്ഥാനത്ത് സാമ്പത്തികമായി വിഷമകരമായ സാഹചര്യമുണ്ടെങ്കിലും അത് പ്രതിസന്ധിയല്ല. പ്രശ്നങ്ങൾ മാത്രമാണ്. അത് പരിഹരിക്കാൻ ജനങ്ങൾ സർക്കാരിനൊപ്പം നിൽക്കുമെന്ന പ്രതീക്ഷയുണ്ട്.

‘കൈകൾ കോർത്ത് കരുത്തോടെ’ എന്ന പേരിലാണ് നൂറുദിന പരിപാടി ആവിഷ്‌കരിച്ചിട്ടുള്ളത്. കേരള ജനത ഒരുമിച്ചുനിൽക്കും എന്നതിന്റെ സുവ്യക്തമായ സന്ദേശമാണ് പേരിന് പിന്നിൽ. നാടിനെ ദുർബലപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും കരുത്തോടെ അതിജീവിക്കും എന്നതും പലപേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ചില ശക്തികൾ ശ്രമിക്കുമ്പോൾ അതിനെതിരെ കൈകൾ കോർത്ത് ഒറ്റക്കെട്ടായി അണുനിരക്കും എന്നതും പേരിൽ അടങ്ങിയിട്ടുണ്ട്. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.

Related Articles

Back to top button