KeralaLatest

പതിനഞ്ച് ലക്ഷത്തോളം പേർക്ക് ആഹാരം നൽകി ഖൈറ ബാബാ

“Manju”

 

കൊറോണ ബാധിതരുടെ എണ്ണം രാജ്യത്തു ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ സാമൂഹിക അകലം പാലിച്ചു ജനം വീടുകളിൽ ഒതുങ്ങുമ്പോൾ വലിയ വിഭാഗം ജനത തെരുവിൽ ഒറ്റപ്പെടുകയും മരണപ്പെടുകയും ചെയ്യുന്നു. കൊറോണ ബാധിതർ ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്രയിൽ നിന്ന് ജനങ്ങൾ അന്യ സംസ്ഥാങ്ങളിലേക്കു പലായനം ചെയ്തു കൊണ്ടിരിക്കുകയാണ്. എന്നാൽ ലോക്ക്ഡൗണിനെ തുടർന്ന് തെരുവോരത്തെ ഭക്ഷണശാലകളെല്ലാം അടച്ചതിനാൽ ഭക്ഷണം കഴിക്കുവാനാകാതെ വിശന്നു വലഞ്ഞു യാത്ര ചെയ്യേണ്ട ദുരവസ്ഥയാണ് ഉണ്ടായിരുന്നത്.

എന്നാൽ ഖൈറ ബാബാ എന്ന എൺപത്തിയൊന്നു വയസ്സുള്ള സിഖുകാരൻ നടത്തുന്ന ‘ലങ്ങേർ’ സർവീസിലൂടെ പട്ടിണി കിടക്കാതെ ദീർഘ ദൂരം യാത്ര ചെയ്യാമെന്ന സന്തോഷ വാർത്ത യാത്രക്കാർക്ക് ഏറെ ആശ്വാസം നൽകുന്നുണ്ട്. സൗജന്യ ഭക്ഷണം ലഭ്യമാക്കുന്ന സിക്കുകാരുടെ പൊതുവായ അടുക്കളകളാണ് ‘ലങ്ങേർ’ സർവീസുകൾ.

‘ഗുരു ക ലങ്ങേർ’ എന്ന് പേരുള്ള ഈ പൊതു അടുക്കള ഇതിനോടകം പതിനഞ്ചു ലക്ഷത്തോളം പേർക്ക് ആഹാരം നൽകി കഴിഞ്ഞു. വെറും രണ്ടാഴ്ചകൊണ്ടാണ് ഇത്രയും പേർക്ക് ഭക്ഷണം വിളമ്പിയിരിക്കുന്നത്. പതിനേഴു പേര് അടങ്ങുന്ന സംഘത്തിൽ പതിനൊന്നു പേരാണ് അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നത്. രാപകൽ ഭേദമന്യേ ജോലി ചെയ്യുന്ന ഇവർക്ക് പ്രചോദനം പകർന്നു കൊണ്ട് ഖൈറ ബാബാ ഒപ്പമുണ്ടാകും. മൂന്ന് ജോഡി വസ്ത്രങ്ങൾ മാത്രമാണ് ഈ ബാബയുടെ സമ്പാദ്യമായി കൂടെയുള്ളതെന്നും വാർത്തകൾ പറയുന്നു.
മനുഷ്യ രാശിയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരി പട്ടിണിയിലേക്ക് ദുരിതത്തിലേക്കും തള്ളിവിടുമ്പോൾ ഇത്തരത്തിലുള്ള കാരുണ്യപ്രവർത്തികളാണ് മാനവ രാശിക്ക് പ്രതീക്ഷ പകരുന്നത്.

Related Articles

Back to top button