KeralaLatest

കാട്ടാനയെ കൊന്ന സംഭവം; സ്‌ഫോടക വസ്തുവച്ചത് തേങ്ങയിൽ

“Manju”

 

പാലക്കാട് മണ്ണാർക്കാട് കാട്ടാന ചരിഞ്ഞ സംഭവത്തിൽ നിർണായക വിവരം പുറത്ത്. സ്‌ഫോടക വസ്തുവച്ചത് തേങ്ങയിലാണെന്ന വിവരമാണ് പുറത്തുവന്നത്. പൈനാപ്പിളിൽ വച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് ആനക്ക് പരുക്കേറ്റതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.
പന്നിയെ കൊല്ലാൻ തേങ്ങയിൽ വച്ച പന്നിപ്പടക്കം അബദ്ധത്തിൽ കടിച്ചാണ് ആനയ്ക്ക് പരുക്കേറ്റത്. അമ്പലപ്പാറ എസ്റ്റേറ്റിൽ പന്നിയെ കൊല്ലുന്നതിനായി തേങ്ങയിൽ പടക്കംവയ്ക്കുന്നത് സ്ഥിര സംഭവമാണെന്ന് പൊലീസ് പറയുന്നു. തേങ്ങ രണ്ടായി പകുത്ത് അതിൽ പന്നിപ്പടക്കം വച്ചാണ് നൽകിയിരുന്നത്. പടക്കം പൊട്ടി ചാവുന്ന പന്നിയുടെ ഇറച്ചി ഇവർ വിൽപന നടത്തിയിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്.
അറസ്റ്റിലായിരിക്കുന്ന എസ്റ്റേറ്റ് സൂപ്പർ വൈസർ വിൽസൺ നാല് വർഷം മുൻപാണ് ഇവിടെ എത്തിയത്. ഇയാളുടെ മകനും എസ്റ്റേറ്റ് ഉടമയും കേസിൽ പ്രതികളാകുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ആകെ ഞെട്ടിച്ച സംഭവം നടന്നത്. ഭക്ഷണം തേടി നാടിറങ്ങിയ പിടിയാനയ്ക്കാണ് ദാരുണാനുഭവമുണ്ടായത്. ഭക്ഷണം തേടി എസ്റ്റേറ്റിലെത്തിയ ആനയ്ക്ക് പന്നിപ്പടക്കം പൊട്ടി പരുക്കേൽക്കുകയായിരുന്നു. ആനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്‌ഫോടക വസ്തുക്കൾ കൈവശം വച്ചു എന്ന കേസ് പൊലീസും വന്യജീവിയെ പരുക്കേൽപ്പിച്ചു എന്ന നിലയ്ക്ക് വനംവകുപ്പും കേസെടുത്തിട്ടുണ്ട്. രണ്ട് കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button