KeralaLatest

‘സർ എനിക്ക് പഠിക്കാൻ ഒരു ലാപ്ടോപ് വേണം’:കളക്ടറോട് അപേക്ഷയുമായി സ്നേഹ

“Manju”

‘സർ എനിക്ക് പഠിക്കാൻ ഒരു ലാപ്ടോപ് വേണം’:കളക്ടറോട് അപേക്ഷയുമായി സ്നേഹ

കൊച്ചി• ‘സർ, ഞാൻ സ്നേഹ ബിജു, ഓൺലൈൻ ക്ലാസ് തുടങ്ങി. എനിക്കും എന്റെ അനിയനും അനിയത്തിക്കും പഠിക്കാനായി ഒരു ലാപ്ടോപ് വേണം.’ കലക്ട്രേറ്റിലെ മോണിറ്ററിൽ തെളിഞ്ഞ പരാതിക്കാരിയുടെ ആവശ്യം പരിഗണിക്കാതിരിക്കാൻ ജില്ലാ കലക്ടർ എസ്.സുഹാസിനായില്ല. ‘യെസ്, ഓകെ സ്നേഹ, ലാപ്ടോപ് എത്രയും പെട്ടെന്ന് എത്തിക്കാൻ ഏർപ്പാടാക്കാം കേട്ടോ’– ഉടൻതന്നെ പ്രശ്നത്തിനു പരിഹാരമായി കലക്ടറുടെ മറുപടി. വിഡിയോ കോൺഫറൻസ് വഴി ജില്ലയിൽ നടത്തിയ ആദ്യ പരാതി പരിഹാര അദാലത്തിലാണ് വ്യത്യസ്ത ആവശ്യവുമായി സ്നേഹ എത്തിയത്. മറ്റു പരാതികളുടെ നടുവിൽ സ്നേഹയുടെ പരാതിക്കും പരിഗണന നൽകുകയായിരുന്നു കലക്ടർ.
വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി പരപ്പിൽ വീട്ടിൽ ബിജുവിന്റെയും സോണിയയുടെയും മകളാണ് സ്നേഹ. ആലപ്പുഴ സെന്റ് ജോസഫ് കോളജിൽ രണ്ടാം വർഷ ബിരുദ പരീക്ഷയെഴുതാൻ തയാറെടുക്കുകയാണ്. അതോടൊപ്പം ആലപ്പുഴ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ റോവിങ് പരിശീലനവും നടത്തുന്നു. സഹോദരി പ്ലസ് ടുവിനും സഹോദരൻ രണ്ടാം ക്ലാസിലും പഠിക്കുന്നു. മൂന്നു പേർക്കും ഓൺലൈൻ ക്ലാസ് തുടങ്ങി. സ്നേഹയ്ക്ക് സായ്‍യിലെ കോച്ചിങ് ക്ലാസും ഓൺലൈനായി പങ്കെടുക്കണം.
വീട്ടിൽ ബിജുവിനു മാത്രമാണ് സ്മാർട്ട് ഫോണുള്ളത്. സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ ബിജുവിനാണെങ്കിൽ ജോലി ആവശ്യത്തിനായി ഫോൺ ഉപയോഗിക്കുകയും വേണം. മക്കൾക്ക് മൂന്നു പേർക്കും പുതിയ ഫോൺ വാങ്ങി നൽകാനുള്ള സാമ്പത്തിക സ്ഥിതിയുമില്ല. പിന്നീട് പ്രശ്ന പരിഹാരത്തിനായി കലക്ടറെത്തന്നെ സമീപിക്കാൻ സ്നേഹ തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് കോഴിപ്പിള്ളി അക്ഷയ കേന്ദ്രത്തിലെത്തി പരാതി നൽകിയത്. വ്യാഴാഴ്ച അക്ഷയ കേന്ദ്രത്തിലെത്തി കലക്ടറുമായി വിഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയും ചെയ്തു. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് സ്നേഹയ്ക്ക് എത്രയും പെട്ടെന്ന് ലാപ്ടോപ് എത്തിക്കുമെന്ന് കലക്ടർ എസ്.സുഹാസ് അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button