KeralaLatest

പരിസ്ഥിതി ദിനത്തില്‍ ക്ലിഫ് ഹൗസ് വളപ്പില്‍ പ്ലാവിന്‍ തൈ നട്ട് മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: പരിസ്ഥിതി ദിനത്തില്‍ പ്ലാവിന്‍ തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ലിഫ് ഹൗസ് വളപ്പില്‍ കുടുംബത്തോടൊപ്പമാണ് അദ്ദേഹം പ്ലാവിന്‍ തൈ നട്ടത്. പരിസ്ഥിതി ദിന സന്ദേശവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കോവിഡ് മഹാമാരി തീര്‍ത്ത ഗുരുതര പ്രതിസന്ധികള്‍ക്കൊപ്പം കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി പ്രശ്‌നങ്ങളും വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതിജീവനം വലിയ ചോദ്യമായി മനുഷ്യരാശിക്ക് മുന്‍പില്‍ ഉയര്‍ന്നിരിക്കുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ പരിസ്ഥിതി ദിനം കടന്നുവരുന്നത്. ആവാസവ്യവസ്ഥയുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന താളം പുനസ്ഥാപിക്കാന്‍ ആവശ്യമായ നയങ്ങളും പദ്ധതികളും കണ്ടെത്താനും നടപ്പിലാക്കാനുമാണ് ഈ പരിസ്ഥിതി ദിനം ആഹ്വാനം ചെയ്യുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു തന്നെ ഈ കാഴ്ചപ്പാട് നയങ്ങളില്‍ ഉള്‍പ്പെടുത്തുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.

ഹരിത കേരളത്തിന്റെ ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, പ്രകൃതിയ്ക്കനുഗുണമായ കാര്‍ഷിക രീതികള്‍ പ്രോത്സാഹിപ്പിക്കുക, മാലിന്യനിര്‍മ്മാര്‍ജ്ജനം ശാസ്ത്രീയവും കാര്യക്ഷമവുമായി നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ സര്‍ക്കാരിനു സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രകൃതിയുടെ പുനരുജ്ജീവനം ലക്ഷ്യമാക്കി നടപ്പാക്കിയ പച്ചത്തുരുത്ത് പദ്ധതി പ്രധാന നാഴികക്കല്ലാണ്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കീഴിലും തരിശുസ്ഥലം കണ്ടെത്തി അവിടെ തദ്ദേശീയമായ ജൈവവൈവിധ്യത്തെ വളര്‍ത്തി പച്ചത്തുരുത്തായി സംരക്ഷിച്ചു നിര്‍ത്തുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. ആയിരം പച്ചത്തുരുത്തുകള്‍ ലക്ഷ്യമിട്ടു തുടങ്ങിയ സംരംഭം ലക്ഷ്യം കടന്ന് ഇതുവരെ 1261 പച്ചത്തുരുത്തുകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. 590 പഞ്ചായത്തുകളിലായി 454 ഏക്കര്‍ വിസ്തൃതിയിലാണ് 1261 പച്ചത്തുരുത്തുകള്‍ ഉള്ളത്.

ജലസ്രോതസ്സുകളെ വീണ്ടെടുക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതും അതിപ്രധാനമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പുനരുജ്ജീവിപ്പിക്കപ്പെട്ട പുഴകളുടെ നീളം 390 കിലോമീറ്റര്‍ ആണ്. 36323 കിലോമീറ്റര്‍ തോടുകളും നീര്‍ച്ചാലുകളും വീണ്ടെടുത്തു. അതിനു പുറമേ. 89939 കിണറുകളും 29119 കുളങ്ങളും ഇതിന്റെ ഭാഗമായിനിര്‍മ്മിക്കുകയോ പുനരുജ്ജീവിപ്പിക്കുകയോ ചെയ്തു കഴിഞ്ഞു. പ്രകൃതിയുമായുള്ള ജൈവികമായ ബന്ധത്തെ വിച്ഛേദിച്ചുകൊണ്ട്, ലാഭക്കൊതി ലക്ഷ്യമാക്കി നടത്തുന്ന അനിയന്ത്രിതമായ മുതലാളിത്ത ചൂഷണത്തിന്റെ ഇരകള്‍ ഏറ്റവും സാധാരണക്കാരായ മനുഷ്യരാണ്. അവരുടെ ജീവിതങ്ങളും ജീവനോപാധികളുമാണ് ഇതിന്റെ ഭാഗമായി ഏറ്റവും ഗുരുതരമായ പ്രതിസന്ധികള്‍ നേരിടുന്നത്. പ്രകൃതിയോടുള്ള സ്വാര്‍ത്ഥവും യാന്ത്രികവുമായ ഈ സമീപനത്തെ തള്ളിക്കളഞ്ഞുകൊണ്ട്, സുസ്ഥിരവും പരിസ്ഥിതിയ്ക്ക് അനുഗുണവുമായ വികസന നയങ്ങളാണ് കഴിഞ്ഞ 5 വര്‍ഷങ്ങളായി എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കിയത്.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെയും മികവോടേയും മുന്നോട്ടുകൊണ്ടു പോകണം. ആ ഉദ്യമങ്ങള്‍ വിജയിക്കണമെങ്കില്‍ ജനങ്ങളുടെ പൂര്‍ണമായ സഹകരണവും ആത്മാര്‍ഥമായ ഇടപെടലുകളും അനിവാര്യമാണ്. അവ ഉറപ്പാക്കുമെന്നും കേരളത്തിന്റെ ആവാസവ്യവസ്ഥ കോട്ടം കൂടാതെ സംരക്ഷിക്കുമെന്നും ഈ പരിസ്ഥിതി ദിനത്തില്‍ നമുക്ക് ദൃഢനിശ്ചചയം ചെയ്യാം. ശാസ്ത്രീയ മാലിന്യ നിര്‍മാര്‍ജന മാര്‍ഗങ്ങള്‍ അവലംബിക്കുന്ന, പരിസ്ഥിതിനിയമങ്ങളും ഹരിതചട്ടങ്ങളും പാലിക്കുന്ന, പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളെയും പൊതുഗതാഗത സംവിധാനങ്ങളെയും ആശ്രയിക്കുന്ന, അമിത വിഭവചൂഷണത്തെ അകറ്റി നിര്‍ത്തുന്ന, പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ ഉപയോഗം ശീലമാക്കുന്ന സമൂഹമായി നാം സ്വയം അടയാളപ്പെടുത്തണം. നമ്മുടെ ജൈവ സമ്പത്ത് സംരക്ഷിക്കപ്പെടണം. അതിനുള്ള ഇടപെടല്‍ നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ നിന്ന് തുടങ്ങും എന്നതാകട്ടെ ഈ പരിസ്ഥിതി ദിനത്തിലെ പ്രതിജ്ഞയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button