KeralaLatest

വൈദ്യുതി ബിൽ അടയ്ക്കാൻ നിർവാഹമില്ലാതെ വട്ടിപലിശക്കാരിൽ നിന്ന് പണം വാങ്ങി ഒരു കുടുംബം

“Manju”

 

കരുവാരകുണ്ട് • വൈദ്യുതി ബിൽ അടയ്ക്കാൻ ഒരു വർഷമായി ദലിത് കുടുംബം പണം വാങ്ങുന്നതു വട്ടിപ്പലിശക്കാരിൽനിന്ന്. കൽക്കുണ്ട് കപ്പിലാംതോട്ടത്ത് നിരപ്പേക്കാട്ടിൽ ചിന്നപ്പന്റെ(90) വെദ്യുതി ബില്ല് ഒരു വർഷമായി 1500 –2000 ഇടയിലാണ്. ഈ മാസം 15 ന് അടയ്ക്കേണ്ടത് 5494 രൂപയാണ്. ബിൽ അടയ്ക്കാൻ കഴിയാത്തതിനാൽ 3 പ്രാവശ്യം വൈദ്യുതി വിച്ഛേദിച്ചു. ഒരു പ്രാവശ്യം സർവീസ് വയർ മുറിച്ചതായും കുടുംബം പറഞ്ഞു. പത്തും പതിനഞ്ചും ദിവസം വൈദ്യുതിയില്ലാതെ കഴിയും. കുട്ടികൾക്ക് പഠിക്കാനുള്ളതിനാൽ ബിൽ അടയ്ക്കാൻ പലിശക്കാരിൽനിന്നു പണം കടം വാങ്ങും.
ബിപിഎൽ വിഭാഗത്തിൽപ്പെട്ട കുടുംബം നിത്യവൃത്തിക്കുതന്നെ കഷ്ടപ്പെടുമ്പോഴാണ് വൈദ്യുതി ബില്ലു കണ്ട് കണ്ണുതള്ളുന്നത്. 2019 ഏപ്രിൽ 6ന് വീടിന്റെ വൈദ്യുതി മീറ്റർ മാറ്റിയിരുന്നു. അതിനു ശേഷമാണ് ബില്ല് 1500നു മുകളിൽ വരാൻ തുടങ്ങിയത്. പരാതി നൽകിയപ്പോൾ കഴിഞ്ഞ ജനുവരി 21ന് മീറ്ററിന് തകരാറുണ്ടോയെന്ന് വൈദ്യുതി ജീവനക്കാർ പരിശോധിച്ചു. എന്നാൽ തകരാർ കണ്ടെത്താൻ കഴിഞ്ഞില്ല. പുതിയ മീറ്റർ ഉപയോഗിക്കുന്നതിനു മുൻപുള്ള കുടിശിക 2378 രൂപ കൂടി ചേർത്ത് 5494 രൂപയുടെ ബില്ലാണ് ലഭിച്ചത്. 500 ചതുരശ്ര അടിയുള്ള വീട്ടിൽ 2 ഫാൻ, 4 ബൾബ്, മിക്സി, ടെലിവിഷൻ എന്നിവയാണുള്ളത്.
ചിന്നപ്പൻ 5 വർഷമായി കിടപ്പുരോഗിയാണ്. ഭാര്യ ലക്ഷ്മിക്കു 65 വയസ്സ് കഴിഞ്ഞതിനാൽ തൊഴിലുറപ്പ് ജോലിയും നഷ്ടപ്പെട്ടു. മകൻ ഗുരുവായൂരപ്പൻ തെങ്ങുകയറ്റ തൊഴിലാളിയാണ്. നട്ടെല്ലിനു ക്ഷതമുള്ളതിനാൽ പലപ്പോഴും ജോലി ചെയ്യാൻ കഴിയാറില്ല. 2 വിദ്യാർഥികളടക്കം 7 അംഗ കുടുംബമാണ് വീട്ടിൽ താമസിക്കുന്നത്. 3 മാസത്തിനിടെ അര ലക്ഷം രൂപയോളം പലരിൽനിന്നും കടംവാങ്ങിയതായി ഗുരുവായൂരപ്പൻ പറഞ്ഞു. ചിന്നപ്പന്റെ ചികിത്സയ്ക്കുതന്നെ പണം കണ്ടെത്താൻ കഷ്ടപ്പെടുകയാണ്. വയറിങ്ങിൽ വരുന്ന അപാകത മൂലം വൈദ്യുതി ചോർച്ചയുണ്ടായി ബില്ല് കൂടാൻ സാധ്യതയുണ്ടെന്നും മീറ്റർ തകരാർ ഇല്ലെന്നും വൈദ്യുതി വകുപ്പ് എഇ അറിയിച്ചു.

Related Articles

Back to top button