ArticleLatest

ജീവന്റെ ഉറവിടമാണ് സമുദ്രം… ഭൂമിയുടെ ഹൃദയമാണ് സമുദ്രം…ഇന്ന് സമുദ്ര ദിനം

“Manju”

വി ബി നന്ദകുമാർ

നമ്മുടെ അന്തരീക്ഷത്തില്‍ ഇന്നും മായാതെ കിടക്കുന്ന മുദ്രാവാക്യമാണ് കരിനിയമങ്ങള്‍ അറബിക്കടലില്‍ എന്നത്. ഇങ്ങനെ കടലിനെ കൂട്ടിച്ചേര്‍ത്ത് നമ്മള്‍ ദിഗന്തങ്ങല്‍ മുഴങ്ങും തരത്തില്‍ മുദ്രാവാക്യം വിളിച്ചിട്ടുണ്ട് വിളിക്കുന്നുമുണ്ട്. ഇവിടെ ഉയരുന്ന സന്ദേഹം ഇതാണ്. എന്താ കടല്‍ ഒരു വാഴ് വസ്തുവാണോ? ടെസ്റ്റ് ബിന്നാണോ?  അറിഞ്ഞോ അറിയാതെയോ നമ്മളില്‍ ഇങ്ങനെയൊരു അധമ ധാരണ ഉറഞ്ഞുകിടപ്പുണ്ട്. അതുകൊണ്ടാണല്ലോ ഇന്നും നമ്മള്‍ ഈ മുദ്രാവാക്യം ആവര്‍ത്തിക്കുന്നത്. മാലിന്യമെല്ലാം കടലില്‍ത്തള്ളി അതിജീവിച്ചുകളയാമെന്നത് ഒരു വ്യാമോഹമാണ്. ഭൂമിയിലെ മനുഷ്യവാസത്തിനുതന്നെ അത് ഭീഷണിയുയര്‍ത്തുന്നു. കടലില്‍ തള്ളുന്നതിന്റെയെല്ലാം ഫലം കരയിലെ ജീവിതത്തില്‍ പ്രതിഫലിക്കുകയാണ്.അത് അനുഭവിച്ചുകൊണ്ടിരിക്കുകയുമാണ്.

സമുദ്രമലിനീകരണം  തുടരുന്നത് പ്രവചനാതീതമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഭൂമിയിലെ മനുഷ്യവാസത്തിനുതന്നെ അത് ഭീഷണിയുയര്‍ത്തും.   അതുവരെ കാത്തിരിക്കേണ്ടതുണ്ടോ നമ്മള്‍. തിരുത്തലാരംഭിക്കാന്‍ സമയമായി.  നമ്മുടെ മൂഢധാരണകള്‍ മാറ്റേണ്ട സമയം ആഗതമായിരിക്കുന്നു.

മഹാമാരി നമ്മെ വലിയ പാഠങ്ങള്‍ പഠിപ്പിച്ചുകൊണ്ടിരിക്കയാണ്. ശൈലികളും ആചാരങ്ങളും മാറുന്നു. ഇനിയും വൈകിയാല്‍ അത് നമ്മെത്തന്നെ ഇല്ലാതാക്കുന്ന സുനാമിയായി മാറും. എന്തിനിപ്പോള്‍ ഇതൊക്കെ പറയുന്നു എന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്. അതെ ഇന്നുതന്നെയാണ് ഇതൊക്കെ പറയേണ്ടത്. ഇന്ന് ലോക സമുദ്രദിനമാണ്. കണക്കില്ലാത്തത്ര പ്ലാസ്റ്റിക് മാലിന്യമാണ് ഓരോ ദിവസവും കടലിലെത്തുന്നത്. ഇതിനെല്ലാം അവസാനമുണ്ടായേ മതിയാവൂ. കരയുടെ പാരിസ്ഥിതിക സംരക്ഷണം മാത്രംപോര സമുദ്രത്തിനും അതുവേണമെന്നതാണ് ഐക്യരാഷ്ട്രസഭയുടെ ഉന്നം. ഏകദേശം 8 മില്ല്യണ്‍ ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യമാണ് സമുദ്രത്തിന്റെ ആവാസവസ്ഥയ്ക്ക് ഭീഷണി ഉയര്‍ത്തി പ്രതിവര്‍ഷം നാം സമുദ്രത്തിലേക്ക് ഒഴുക്കികൊണ്ടിരിക്കുന്നത്. പ്ലാസ്റ്റിക്ക് മാലിന്യം അടിഞ്ഞുകൂടി ദ്വീപുതന്നെ ഉണ്ടായി എന്ന വാര്‍ത്ത നമ്മളറിഞ്ഞുകഴിഞ്ഞു.

1992 ജൂണ്‍ 8 ന് കാനഡയിലാണ് ആദ്യമായി സമുദ്ര ദിനം ആചരിച്ചത്. 2008ല്‍ ഐക്യരാഷ്ട്ര സംഘടന ഇത് ഔദ്യോഗികമായി അംഗീകരിച്ചു. നമ്മുടെ സമുദ്രങ്ങള്‍, നമ്മുടെ ഉത്തരവാദിത്തം എന്ന സന്ദേശവുമായാണ് ആദ്യ സമുദ്രദിനം കൊണ്ടാടിയത്. ജീവന്റെ ഉറവിടമാണ് സമുദ്രം. ഭൂമിയുടെ ഹൃദയമാണ് സമുദ്രം… നമ്മുടെ ഹൃദയം ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും ജീവരക്തം പമ്പ്‌ചെയ്യുന്നതുപോലെ, ലോകമെമ്പാടുമുള്ള ജനവിഭാഗങ്ങള്‍ക്ക് പലവിധത്തില്‍ ജീവിതം നല്‍കുന്നത് മഹാസമുദ്രങ്ങളാണ്. ഭൂമിയുടെ 71 ശതമാനവും മൂടിക്കിടക്കുന്ന സമുദ്രം നമ്മുടെ കാലാവസ്ഥയെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്നു, ജനകോടികള്‍ക്ക് ഭക്ഷണം നല്‍കുന്നു, ജീവവായു ഉത്പാദിപ്പിക്കുന്നു, എണ്ണിയാലൊടുങ്ങാത്ത ജീവിവര്‍ഗ്ഗങ്ങള്‍ക്ക് പാര്‍പ്പിടമാകുന്നു, നമുക്ക് ഔഷധമാകുന്നു…. ഇങ്ങനെയെല്ലാമുളള സമുദ്രത്തെ നമുക്ക് സംരക്ഷിക്കാം.വരും തലമുറയ്ക്കുവേണ്ടി, സമുദ്രം നമ്മെ കാക്കുന്നതുപോലെ, സമുദ്രത്തെ സംരക്ഷിക്കാന്‍ നമുക്കും ശ്രമിക്കാം. നമുക്കെല്ലാം ഇഷ്ടപ്പെട്ട ഒരു സിനിമാഗാനം ഇവിടെ ഓര്‍ക്കാം. കടലിനക്കരെ പോണോരെ കാണാപൊന്നിന് പോണോരെ… അതേ കടലിലുള്ളത് കാണാപൊന്നാണ്. അത് നമുക്ക് കാത്തുസൂക്ഷിക്കാം.

Related Articles

Back to top button