KeralaLatest

തിരുവനന്തപുരം– എറണാകുളം സ്പെഷൽ ട്രെയിനിൽ കോച്ചുകൾ കുറച്ചു

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി : തിരുവനന്തപുരം– എറണാകുളം സ്പെഷൽ ട്രെയിനിൽ ആവശ്യത്തിനു യാത്രക്കാരില്ലാത്ത സാഹചര്യത്തിൽ കോച്ചുകളുടെ എണ്ണം കുറച്ചു. ഞായറാഴ്ച മുതൽ ഒരു എസി ചെയർ കാറും 9 സെക്കൻഡ് ക്ലാസ് ചെയർ കാർ ട്രെയിനിലുണ്ടാകുക. മുൻപ് 22 കോച്ചുകളാണ് ഉണ്ടായിരുന്നത്. രാവിലെ 5.15ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ 9.45ന് എറണാകുളത്ത് എത്തും. തിരികെ ഉച്ചയ്ക്ക് ഒന്നിനു പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 5.30ന് തിരുവനന്തപുരത്ത് എത്തും. മുൻകൂർ റിസർവ് ചെയ്തു മാത്രമേ യാത്ര ചെയ്യാൻ കഴിയൂ.

സ്റ്റോപ്പുകൾ: കൊല്ലം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം. കോവിഡ് പശ്ചാത്തലത്തിൽ ‍ആവശ്യത്തിനു യാത്രക്കാരില്ലാത്തതിനാലാണു കോച്ചുകൾ കുറച്ചതെന്നു റെയിൽവേ അധികൃതർ പറഞ്ഞു. കേരളത്തിലേക്കുള്ള രാജധാനി, തുരന്തോ, മംഗള, നേത്രാവതി ട്രെയിനുകളിലും യാത്രക്കാർ കുറവാണ്. രണ്ടാഴ്ച കഴിഞ്ഞാൽ യാത്രക്കാരുടെ എണ്ണം വീണ്ടും കുറയുമെന്നാണു ടിക്കറ്റ് റിസർവേഷൻ കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിനു പുറത്തേക്കു പഴയ പോലെ തിരക്കില്ല.

അതേസമയം സർക്കാർ ഒാഫിസുകൾ പൂർണ തോതിൽ പ്രവർത്തനം തുടങ്ങിയതോടെ ഹ്രസ്വദൂര സർവീസുകൾ ആരംഭിക്കുന്നത് ഉറ്റുനോക്കുകയാണ് സ്ഥിരം യാത്രക്കാർ. തിരുവനന്തപുരം – കൊല്ലം, കൊല്ലം- എറണാകുളം, എറണാകുളം- പാലക്കാട്, എറണാകുളം‌- കോഴിക്കോട്, പാലക്കാട് – കോഴിക്കോട്, കോഴിക്കോട്- കാസർകോട് എന്നിങ്ങനെ സംസ്ഥാനത്തെ ഏതാനും മേഖലകളാക്കി തിരിച്ച്, ഒരു മേഖലയ്ക്കുള്ളിൽ ഒതുങ്ങുന്ന വിധത്തിൽ രാവിലെയും വൈകിട്ടും ഹ്രസ്വദൂര സർവീസുകൾ നടത്തിയാൽ ജോലിക്കാർക്ക് ഏറെ ഉപകാരപ്പെടുമെന്നു സോണൽ റെയിൽവേ യൂസേഴ്സ് കമ്മിറ്റി അംഗം പി.കൃഷ്ണകുമാർ പറഞ്ഞു.

90 മിനിറ്റ് മുൻപു സ്റ്റേഷനിലെത്തണമെന്ന നിബന്ധനയും യാത്രക്കാരുടെ എണ്ണം കുറയാൻ ഇടയാക്കിയിട്ടുണ്ട്. സ്വന്തം വാഹനമില്ലാത്തവർക്കു അതിരാവിലെ സ്റ്റേഷനിലെത്താൻ വഴിയില്ലെന്നതാണു തിരുവനന്തപുരം– എറണാകുളം സ്പെഷൽ ട്രെയിനിൽ നിന്ന് യാത്രക്കാരെ അകറ്റുന്നത്.

Related Articles

Back to top button