KeralaLatest

കൊട്ടിയൂർ പെരുമാളിന് ഇളനീർക്കാവുകൾ സമർപ്പിച്ചു

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കൊട്ടിയൂർ വൈശാഖോത്സവം ഇളനീര്‍വെപ്പ് 2020
കൊട്ടിയൂർ പെരുമാളിന് ഇളനീർക്കാവുകൾ സമർപ്പിച്ചു. രാത്രി ശ്രീഭൂത ബലിക്ക് ശേഷം കാര്യത്ത് കൈക്കോളൻ ഇളനീർ വെപ്പിനായി കിഴക്കേ നടയിൽ തട്ടും പോളയും വെച്ചു. ഇതോടെ ഇളനീർ വെപ്പുകാരുടെ ഭണ്ഡാര സംഖ്യ അർപ്പിക്കാൻ കുടിപതികൾ വെള്ളി കിടാരം വെച്ചു. മന്ദംചേരിയിൽ കാത്ത് നിന്ന ഇളനീർ ഭക്തർ ശരീരമാസകലം എണ്ണ പുരട്ടി ഗുരുക്കന്മാരെ വണങ്ങി തയ്യാറായി. രാശി മുഹൂർത്തമായതോടെ വലതു തോളിൽ കാവുകൾ ഏറ്റുവാങ്ങി മന്ദംചേരിയിൽ കുളിച്ച് അക്കര സന്നിധാനത്തിലേക്ക് കുതിച്ചു. എരുവട്ടി, മേക്കിലേരി, കുറ്റിയാടി തണ്ടയാന്മാരുടെ നേതൃത്വത്തിലാണ് ഇളനീർക്കാവുകൾ അക്കര സന്നിധാനത്തിലെത്തിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളുള്ളതിനാൽ 30 ഓളം ഇളനീർ വ്രതക്കാരാണ് കാവുകൾ സമർപ്പിച്ചത്. ഇളനീർ കാവുകാരുടെ ദേവതയായ കിരാതമൂർത്തി പ്രത്യേക വേഷങ്ങളോടെ എരുവട്ടിക്കാവിൽ നിന്ന് ഇളനീർക്കാരെ നയിച്ച് കൊട്ടിയൂരിലെത്തിച്ചു. കോവിഡിന്റെ സാഹചര്യത്തിൽ മാസ്‌കും സാമൂഹിക അകലവും പാലിച്ചും ഭക്തജനങ്ങളെ പ്രവേശിക്കാതെയുമാണ് ചടങ്ങുകൾ നടത്തിയത്.
ശനിയാഴ്ച രാവിലെ മുതൽ കൈക്കോളന്മാർ ഇളനീരുകൾ ചെത്തി അഭിഷേകത്തിനായി ഒരുക്കും.
ശനിയാഴ്ച രാത്രിയാണ് ഇളനീരാട്ടം. രാത്രിയോടെ ഇളനീരുകൾ അഭിഷേകം ചെയ്തു തുടങ്ങും. ആരാധനകളിൽ രണ്ടാമത്തെ ആരാധനയായ അഷ്ടമിയാരാധന ശനിയാഴ്ച നടക്കും. ഉഷകാമ്പ്രം നമ്പൂതിരിയാണ് അഭിഷേകം നടത്തുന്നത്.

 

Related Articles

Back to top button