KannurKeralaLatest

അധ്യാപകരുടെ വാഹന പാർക്കിങ് തർക്കം; പയ്യന്നൂരിൽ എസ്എസ്എൽസി മൂല്യനിർണയം ഒരു മണിക്കൂർ തടസ്സപ്പെട്ടു

“Manju”

ഹർഷദ്ലാൽ തലശ്ശേരി

പയ്യന്നൂർ:അധ്യാപകരുടെ വാഹന പാർക്കിങ് സംബന്ധിച്ച തർക്കം മൂലം പയ്യന്നൂരിൽ എസ്എസ്എൽസി ഇംഗ്ലിഷ് ഉത്തരക്കടലാസ് മൂല്യനിർണയം ഒരു മണിക്കൂർ തടസ്സപ്പെട്ടു. എകെഎഎസ് ജിവിഎച്ച്എസ് സ്കൂളിലെ മൂല്യനിർണയമാണു തടസ്സപ്പെട്ടത്. മൂല്യനിർണയത്തിന് എത്തുന്ന അധ്യാപകരുടെ വാഹനങ്ങൾ സ്കൂൾ ഓഡിറ്റോറിയത്തിലാണു പാർക്ക് ചെയ്തിരുന്നത്.

130 അധ്യാപകരാണ് ഇവിടെ മൂല്യനിർണയത്തിന് എത്തുന്നത്. ഓഡിറ്റോറിയം നവീകരിക്കാൻ നഗരസഭ കരാർ കൊടുത്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പ്രിൻസിപ്പൽ അധ്യാപകരെ ഇക്കാര്യം അറിയിച്ചു. തുടർന്നു വാഹന പാർക്കിങ് സ്റ്റേഡിയത്തിലേക്കു മാറ്റി. ഓഡിറ്റോറിയം നവീകരണത്തിന് ആവശ്യമായ സാധനങ്ങൾ ഇറക്കുകയും ചെയ്തു.എന്നാൽ സ്‌റ്റേഡിയത്തിൽ പാർക്ക് ചെയ്ത ഇരുചക്രവാഹനങ്ങൾ മഴ നനഞ്ഞു സ്റ്റാർട്ട് ആകുന്നില്ലെന്ന പരാതി ചില അധ്യാപകർ ഉന്നയിച്ചു.

തുടർന്ന് ഇതു തർക്കമാകുകയും ഓഡിറ്റോറിയത്തിൽ പാർക്കിങ് അനുവദിക്കിലെന്നു പിടിഎ അറിയിക്കുകയും ചെയ്തു. ഇന്നലെ വാഹനവുമായി എത്തിയ അധ്യാപകർ ഓഡിറ്റോറിയത്തിലേക്കുള്ള വഴി തടസ്സപ്പെടുത്തി ജല്ലി ഇറക്കിയതു കാണുകയും പാർക്കിങ് സൗകര്യം ആവശ്യപ്പെട്ടു പ്രതിഷേധിക്കുകയും ചെയ്തു.

9.30ന് മൂല്യനിർണയം ആരംഭിക്കണമെങ്കിലും അധ്യാപകർ ഹാളിൽ കയറിയില്ല. തുടർന്നു സംഭവമറിഞ്ഞെത്തിയ നഗരസഭ അധ്യക്ഷൻ ശശി വട്ടക്കൊവ്വലിന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തി. വഴിയടച്ച് ഇറക്കിയ ജല്ലി നീക്കം ചെയ്തു. ഒരു മണിക്കൂറിനു ശേഷം മൂല്യനിർണയം തുടങ്ങി. ഒന്നരമാസമായി തുടരുന്ന മൂല്യനിർണയ ക്യാംപ് നാളെ അവസാനിക്കും.

 

Related Articles

Back to top button