KeralaLatest

ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി

“Manju”

കൊച്ചി: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. വിജയിച്ച സിപിഎം സ്ഥാനാർത്ഥി എ രാജ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് മത്സരിച്ചത് എന്ന് കാട്ടി യുഡിഎഫ് സ്ഥാനാർത്ഥി ഡി കുമാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിക്കവേ സംവരണ സീറ്റിൽ മത്സരിക്കാൻ എ രാജയ്ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി.

പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ളയാളല്ല രാജയെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. പരിവർത്തന ക്രൈസ്തവ വിഭാഗത്തിലെ അംഗമാണ് രാജയെന്നതാണ് അയോഗ്യതയായി കോടതി ചൂണ്ടിക്കാട്ടിയത്. തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയെങ്കിലും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന ഡി കുമാറിന്റെ ആവശ്യം കോടതി തള്ളി.

2021ലെ തിരഞ്ഞെടുപ്പിൽ 7848 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എ രാജ വിജയിച്ചത്. ദേവികുളം തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയതോടെ നിയമസഭയിൽ എൽഡിഎഫ് അംഗങ്ങളുടെ എണ്ണം 99ൽ നിന്ന് 98 ആയി കുറയും.

Related Articles

Back to top button