KeralaLatestThiruvananthapuram

മെഡിക്കല്‍ കോളേജ് ആശുപത്രി സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ്

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രി സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് ബാധിച്ചത് തിരുവനന്തപുരം നഗരത്തിന് മറ്റൊരു ഭീഷണിയായി. നഗരത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുമ്പോഴാണ് ഏറ്റവും കൂടുതല്‍ രോഗികളെത്തുന്ന മെഡിക്കല്‍ കോളേജിലെ ജീവനക്കാരന് രോഗം ബാധിച്ചിരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരനായതിനാല്‍ ഇദ്ദേഹം ആരൊക്കെയായി സമ്പര്‍ക്കം പുലര്‍ത്തി എന്നതിന് ഒരു കണക്കുമില്ല. ഇത് ആരോഗ്യ പ്രവര്‍ത്തകരെ വിഷമിപ്പിക്കുകയാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ അനവധിപേരുമായി ഇയാള്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നാണ് കണ്ടെത്തല്‍.

കരിക്കകം സ്വദേശിയായ ഇദ്ദേഹം അത്യാഹിത വിഭാഗം, കാര്‍ഡിയോളജി, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കായി പുതുതായി രൂപീകരിച്ച സാരി വാര്‍ഡ്, പേവാര്‍ഡ് കവാടം, പാര്‍ക്കിംഗ് ഏരിയ എന്നിവിടങ്ങളില്‍ ഡ്യൂട്ടി ചെയ്തിരുന്നു. ഇവിടങ്ങളിലെല്ലാം ആയിരക്കണക്കിനാളുകളാണ് നിത്യവും എത്തുന്നത്.
കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം വരാന്‍ വൈകിയത് പ്രതിസന്ധി രൂക്ഷമാക്കി. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചെങ്കിലും വിവരം ആരോഗ്യവകുപ്പ് പുറത്തു വിട്ടില്ല. രോഗവിവരം പുറത്തറിയാത്തതുകൊണ്ട് ഇദ്ദേഹത്തിന്റെ വീടുമായി സഹകരിച്ച സമീപവാസികളും ആശങ്കയിലാണ്.

സഹപ്രവര്‍ത്തകരായ സെക്യൂരിറ്റി ജീവനക്കാര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങി ആശുപത്രിയിലെ വലിയൊരു വിഭാഗം ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. സെക്യൂരിറ്റി ഡ്യൂട്ടിക്കിടയില്‍ അടുത്ത് സംസാരിക്കേണ്ടി വന്ന സന്ദര്‍ശകരും അനവധിയാണ്. ഇവരെക്കുറിച്ചുള്ള വിവരങ്ങളില്ല. ഇത് സമൂഹവ്യാപനം ഉണ്ടാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ വിലയിരുത്തല്‍. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇദ്ദേഹം ചികിത്സ തേടിയ കടകംപളളി പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ച്‌ ജീവനക്കാരെ നിരീക്ഷണത്തിലാക്കി. ഇവിടുത്തെ ജീവനക്കാര്‍ വിവിധ ആവശ്യങ്ങള്‍ക്കായി ബന്ധപ്പെട്ട നഗരസഭ സോണല്‍ ഓഫീസും അടച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച രണ്ടാമത്തെ ജീവനക്കാരനാണ് ഇദ്ദേഹം. ആദ്യം ഐസൊലേഷന്‍ വാര്‍ഡിലെ ഡാറ്റാ ഓപ്പറേറ്റര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ജീവനക്കാര്‍ക്ക് തന്നെ കൊവിഡ് ബാധിക്കുന്നത് ജീവനക്കാരെയും ഒപ്പം ആശുപത്രിയില്‍ എത്തുന്ന രോഗികളെയും ആശങ്കയിലാക്കുകയാണ്

Related Articles

Back to top button