KeralaLatestThiruvananthapuram

നിരീക്ഷണത്തിലായിരുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ ആത്മഹത്യാ ഭീഷണി പരിഭ്രാന്തി പരത്തി

“Manju”

സിന്ധുമോള്‍ ആര്‍

ആറ്റിങ്ങല്‍: കൊവിഡ് നിരീക്ഷണത്തിലായിരുന്ന യു.പി തൊഴിലാളി തിരുവനന്തപുരത്തുനിന്ന് നടന്ന് ആലംകോട് പള്ളിക്ക് സമീപം എത്തി ആത്മഹത്യാ ഭീഷണി മുഴക്കി പാഞ്ഞുനടന്നത് പരിഭ്രാന്തി പരത്തി. അക്രമാസക്തനായ മീരാജ് കുമാറി (25)​ നെ ഒടുവില്‍ നാട്ടുകാര്‍ തടഞ്ഞുവച്ച്‌ പൊലീസിലേല്‍പ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

വിവരമറിഞ്ഞ ഉടന്‍ ചെയര്‍മാന്‍ എം. പ്രദീപിന്റെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥരെത്തി കാര്യങ്ങള്‍ നിയന്ത്രിച്ചു. ഇയാളുടെ ശരീര ഊഷ്‌മാവ് ഉള്‍പ്പെടെയുള്ളവ പരിശോധിച്ച ശേഷം ആംബുലന്‍സില്‍ വലിയകുന്ന് താലൂക്കാശുപത്രിയിലേക്കും അവിടെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി കൊവിഡ് ക്വാറന്റൈന്‍ സെന്ററിലേക്കും മാറ്റി.

എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ട് വാഹനങ്ങള്‍ക്കിടയിലേക്ക് ചാടി ആത്മഹത്യാശ്രമം നടത്തുകയായിരുന്നു ഇയാള്‍. ആറ്റിങ്ങല്‍ എസ്.ഐ ശ്രീജിത്തിന്റെയും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെയും ഇടപെടലിനെ തുടര്‍ന്നാണ് അപകടത്തില്‍ നിന്നു ഇയാളെ രക്ഷപ്പെടുത്തിയത്. ഭക്ഷണവും വെള്ളവും നല്‍കിയാണ് യുവാവിനെ സമാശ്വസിപ്പിച്ചത്. കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ ശരീരം കീറി മുറിവേല്‍പ്പിക്കാനും ഇയാള്‍ ശ്രമിച്ചു.

കഴിഞ്ഞ ദിവസം ട്രെയിന്‍ മാര്‍ഗം ഇയാള്‍ തിരുവനന്തപുരത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് ക്വാറന്റൈന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്ന് ഇയാള്‍ രഹസ്യമായി ചാടിക്കടന്ന് ആറ്റിങ്ങലില്‍ എത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ സംസാരവും പ്രവൃത്തിയും പരസ്പര ബന്ധമില്ലാത്ത രീതിയിലായിരുന്നതും ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കി. തിരുവനന്തപുരത്ത് എത്തിയ ഇയാളുടെ ബാഗും പഴ്‌സുമെല്ലാം ട്രെയിനില്‍ വച്ച്‌ കൊള്ളയടിക്കപ്പെട്ടതായും പറയുന്നുണ്ട്. ഇയാളുടെ പരിശോധനാ ഫലം പോസിറ്റീവായാല്‍ നിരവധിപേര്‍ ക്വാറന്റൈനില്‍ പോകേണ്ടിവരുമെന്ന ഭയപ്പാട് നിലനില്‍ക്കുകയാണിപ്പോള്‍.

Related Articles

Back to top button