KeralaLatest

വിവിധ വകുപ്പുകളില്‍ നിന്നായി ഇന്ന് പടിയിറങ്ങുന്നത് 10,919 ജീവനക്കാര്‍ വിരമിക്കുന്നവരില്‍ 11 ഐപിഎസുകാര്‍ ഉള്‍പ്പെടെ 18 മുതിര്‍ന്ന പൊലീസ് ഓഫിസര്‍മാരും

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം: സംസ്ഥാനത്തെ 94 വകുപ്പുകളില്‍ നിന്നായി 10,919 ജീവനക്കാരാണ് ഇന്ന് വിരമിക്കുന്നത്. സെക്രട്ടേറിയറ്റില്‍ നിന്നും നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്നുമായി 122 പേര്‍ ഇന്നു വിരമിക്കും. പൊതുഭരണ വകുപ്പ് 84, ധനവകുപ്പ് 11, നിയമവകുപ്പ് 9, നിയമസഭ 18 എന്നിങ്ങനെയാണു വിരമിക്കുന്നവരുടെ എണ്ണം. കഴിഞ്ഞ മാസം 2757 പേരും മാര്‍ച്ചില്‍ 5327 പേരും വിരമിച്ചിരുന്നു.
11 ഐപിഎസുകാര്‍ ഉള്‍പ്പെടെ 18 മുതിര്‍ന്ന പൊലീസ് ഓഫിസര്‍മാര്‍ ഇന്നു വിരമിക്കും. ഡിജിപിയും മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനുമായ ജേക്കബ് തോമസ്, ഡിജിപിയും ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറലുമായ എ.ഹേമചന്ദ്രന്‍, പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ എ. വിജയന്‍, തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.പി.വിജയകുമാരന്‍, അഡീഷനല്‍ എക്സൈസ് കമ്മിഷണര്‍ സാം ക്രിസ്റ്റി ഡാനിയേല്‍, കണ്‍സ്യൂമര്‍ ഫെഡ് എംഡി വി എം.മുഹമ്മദ് റഫീക്ക്, സ്പെഷല്‍ ബ്രാഞ്ച് എസ്‌ പിമാരായ കെ.എം ആന്റണി, ജെ.സുകുമാര പിള്ള, ഭീകരവിരുദ്ധ സേന എസ്‌ പി കെ.ബി.വേണുഗോപാല്‍, എസ്‌ എപി കമന്‍ഡാന്റ് കെ.എസ്.വിമല്‍, ആലപ്പുഴ എസ്‌പി ജയിംസ് ജോസഫ് എന്നീ ഐപിഎസ് ഓഫിസര്‍മാരും ക്രൈംബ്രാഞ്ച് എസ്‌പി എന്‍. അബ്ദുല്‍ റഷീദ്, കെഎസ്‌ആര്‍ടിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ബി.രവി, പൊലീസ് അക്കാദമി അസി. ഡയറക്ടര്‍ റെജി ജേക്കബ്, മനുഷ്യാവകാശ കമ്മിഷന്‍ എസ്‌പി വി എം.സന്ദീപ്, കെഎസ്‌ഇബി വിജിലന്‍സ് ഓഫിസര്‍ ആര്‍. സുനീഷ് കുമാര്‍, റാപ്പിഡ് റെസ്പോണ്‍സ് ആന്‍ഡ് റെസ്ക്യൂ ഫോഴ്സ് കമന്‍ഡാന്റ് യു.ഷറഫലി, തിരുവനന്തപുരം സിറ്റി എആര്‍ കമന്‍ഡാന്റ് പി.ബി.സുരേഷ് കുമാര്‍, പൊലീസ് ആസ്ഥാനത്തെ മാനേജര്‍ എസ്. രാജു എന്നിവരും ഇന്നു വിരമിക്കും. യാത്രയയപ്പ് സമ്മേളനത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റ അധ്യക്ഷത വഹിച്ചു.

കെഎസ്‌ഇബിയില്‍ 2 ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ 718 പേര്‍ ഇന്നു വിരമിക്കുന്നു. ഇത്രയും പേര്‍ ഒറ്റദിവസം വിരമിക്കുന്നത് ആദ്യമാണ്. ഡയറക്ടര്‍മാരായ എ‍ന്‍.വേണുഗോപാല്‍ (ട്രാന്‍സ്മിഷന്‍), വി.ബ്രിജ്‍ലാല്‍ (ജനറേഷന്‍ ഇലക്‌ട്രിക്കല്‍), ചീഫ് സേഫ്റ്റി കമ്മിഷണര്‍ ഉഷ വര്‍ഗീസ് തുടങ്ങിയവരാണു വിരമിക്കുന്നത്. തിരുവനന്തപുരം വൈദ്യുതി ഭവനില്‍ മാത്രം 49 പേര്‍ വിരമിക്കുന്നു. കഴിഞ്ഞ മെയ്‌ 31ന് 354 പേരാണു വിരമിച്ചത്.
ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ പ്രിന്‍സിപ്പല്‍ പദവിയില്‍നിന്നു വിരമിക്കുന്നവരില്‍ 5 ദിവസം മുന്‍പു പ്രിന്‍സിപ്പല്‍ ആയവരും ഉള്‍പ്പെടുന്നു. സീനിയോറിറ്റി പരിഗണിച്ചു 39 ഹെ‍ഡ്മാസ്റ്റര്‍മാര്‍ക്കു പ്രിന്‍സിപ്പല്‍മാരായി സ്ഥാനക്കയറ്റം നല്‍കിയതു കഴിഞ്ഞ 27നായിരുന്നു. ഇതില്‍ ചിലരാണ് ഇന്നു വിരമിക്കുന്നത്. കഷ്ടിച്ച്‌ 5 ദിവസമാണു പ്രിന്‍സിപ്പല്‍ പദവിയില്‍ ഇരുന്നതെങ്കിലും പ്രിന്‍സിപ്പലിന്റെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.

Related Articles

Back to top button