ArticleKeralaLatest

സുരേഷ് ഗോപി ഒരു തണൽമരമാണ്. ഏതു പ്രത്യയശാസ്ത്രത്തേക്കാളും ഉയരെയാണ് ആ മനുഷ്യൻ്റെ നീതിബോധം- രാജീവ്‌ ആലുങ്കൽ

“Manju”

സുരേഷ് ഗോപി ഒരു നന്മ മരമാണ്. എണ്ണിയാൽ തീരാത്ത പാവങ്ങൾക്ക് സഹായമെത്തിച്ച് സ്വന്തം വീട്ടിലെ കഞ്ഞികുടി മുട്ടിച്ചവർ നമുക്കധികം പേരില്ല. ഒരു സിനിമയിൽ അഭിനയിച്ചാൽ കോടിക്കണക്കിന് പ്രതിഫലം ഒരു മാസത്തിനകം സ്വന്തമാക്കാവുന്ന താരമാണ് ഇപ്പോഴും സുരേഷ് ഗോപി. അതു വേണ്ടന്നു വച്ച് താണിറങ്ങി രാഷ്ട്രീയാതീതമായി സാധാരണക്കാരുടെ വിഷമങ്ങൾ കേട്ടറിഞ്ഞ്, ഇടപ്പെടുന്നത് മാതൃകാപരമായ അത്ഭുതപൊതു പ്രവർത്തനമാണ്. സ്വന്തം താരസംഘടനയിൽ പോലും നിലപാടുകളുടെ പേരിൽ അഭിപ്രായം പറഞ്ഞ് അകലം പാലിച്ച അസാമാന്യ ധീരനാണ് അദ്ദേഹം.അതിനാൽ തന്നെ ഏതു പാർട്ടിയിൽ പെട്ടയാളാണെന്നു പോലും ആലോചിക്കാതെ സത്യസന്ധതയും, നീതിയുക്തമായ മാനവിക നിലപാടുകളും നാടകീയമല്ലാത്ത സ്വതസിദ്ധമായ സ്നേഹവായ്പ്പും സഹായസന്നദ്ധതയും, തിരിച്ചറിഞ്ഞ്, രാഷ്ട്രീയതാതീതമായി തന്നെ ലോക മലയാളി സമൂഹത്തിന് സുരേഷ് ഗോപിയോട് സമാനതകളില്ലാത്ത ആത്മബന്ധമുണ്ട്. സിനിമയിൽഅഭിനയിച്ച സാമൂഹിക പ്രതിബദ്ധതയും ആത്മരോക്ഷമുള്ള കഥാപാത്രളേപ്പോലെ തന്നെ, തൻ്റെ വ്യക്തിത്വവും, കലർപ്പില്ലാത്ത കർമ്മ തേജസ്സാൽ ദീപ്തമാണെന്ന് അദ്ദേഹത്തേപ്പോലെ നമുക്കും നന്നായറിയാം. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ പിന്തുണയില്ലാതെ ഇവിടെ യാർക്കും ഒരു രാജ്യസഭാ എം.പി. ആകാനാകില്ല. ആ സ്ഥാനമുണ്ടെങ്കിലേ മന്ത്രി സ്ഥാനവും ,അധികാര കേന്ദ്രങ്ങളിലെ സ്വാധീനവും ഒരാൾക്ക് ലഭിയ്ക്കൂ എന്നതും പരമാത്ഥമാണ്. എന്നാൽ അതിനുമപ്പുറമാണ് സുരേഷ് ഗോപി എന്ന വ്യക്തി സുതാര്യവും സത്യസന്ധവുമായ തൻ്റെ പൊതുപ്രവർത്തനത്താൽ നേടിയെടുത്ത വിശ്വാസ്യത. അത് നിലവിൽ ആരു തള്ളിപ്പറഞ്ഞാലും, ഒരു പോറൽ പോലും ഏൽക്കാത്ത ,ചിന്താശക്തിയുള്ള ജനതയുടെ സമ്മതപത്രമാണ് .അഞ്ചാണ്ടുകൾ കഴിഞ്ഞാൽ തീർന്നു പോകുന്ന പഞ്ചാമൃതമല്ല സുരേഷ് ഗോപിയുടെ ജനസമ്മിതി. എനിയ്ക്ക് നേരിട്ടറിയാവുന്ന ഒട്ടേറെ പേർക്ക് ഏതു രാഷ്ട്രീയക്കാരനാണെന്ന ചോദ്യം ചോദിക്കാതെ സ്വന്തം പണം നൽകി സഹായിച്ച അത്ഭുത മനുഷ്യനാണ് സുരേഷ് ഗോപി.

അമേയ എന്ന മകളുടെ ഓപ്പറേഷന് വഴിതേടി കോടീശ്വരൻ പരിപാടിയിൽ പങ്കെടുത്ത് 80000 രൂപവരെ നേടുന്ന ഘട്ടത്തിലെത്തിയ അമ്മയ്ക്ക് അടുത്ത ഉത്തരം തെറ്റായപ്പോൾ സമ്മാനം 10000 രൂപയായി ചുരുങ്ങി. വിതുമ്പി തളർന്ന അമ്മയ്ക്ക്,പക്ഷേ സുരേഷ് ഗോപി വാക്കു നൽകി.” മോളുടെ ഓപ്പറേഷൻ മുടങ്ങില്ല ഞാനേറ്റു.” കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വിളിച്ച് സുരേഷ് ഗോപി തന്നെ എല്ലം ഏർപ്പാടാക്കി.അമേയയുടെ സർജറിയും സുരേഷ് ഗോപിയുടെ പിറന്നാളും ഒരു ദിവസം നടന്നു. ആശുപത്രി ചെയർമാൻ ഡോ.കെ.ജി. അക്സാണ്ടറോട് അവൾക്ക് എൻ്റെ പേരിൽ പൂക്കൾ നൽകണമെന്ന് പറഞ്ഞിട്ട് അദ്ദേഹം ഇത്രയും കുട്ടി പറഞ്ഞു. “അമ്മയോടും അവളോടും പറയണം വിഷമിക്കരുതെന്ന് .ഞാൻ കൂടെയുണ്ടെന്ന്.” ഈ സനാഥത്വബോധം ഒരാൾക്ക് സൂത്രത്തിൽ പകരാനാകില്ല. അത്തരം സൂത്രക്കാർ ഒത്തിരിയുള്ള നാടാണു നമ്മുടേത്. അദ്ധ്വാനിച്ചു നേടിയ പണം കൊണ്ട് അപരനെ സഹായിക്കുന്ന അധികം പേരൊന്നും നമുക്കില്ല. നന്മയുള്ളവർ എവിടെ കാലെടുത്തു വച്ചാലും കാൽ കുത്തിയവനേക്കാൾ കാൽപദമേറ്റ മണ്ണിനാണു പുണ്യം..!അമ്പലങ്ങളിലും ,പള്ളികളിലും ചെല്ലുമ്പേൾ പോക്കറ്റിൽ നിന്ന് നിറയെ നോട്ടുകൾ എടുത്ത് കാണിക്കയിടുന്ന സുരേഷ് ഗോപിക്ക് അരുകിൽ നിന്നിട്ടുണ്ട് ഞാൻ. ഒരിക്കൽ രണ്ടായിരത്തിൻ്റെ ഒരു നോട്ട് കാണിക്കവഞ്ചിയിലിടാൻ നേരം, കരഞ്ഞുകൊണ്ട് വീട്ടിലെ ഇല്ലായ്മ പറഞ്ഞ ഒരു പാവം മുത്തശ്ചന് വഞ്ചിയിലിടാതെ ആ പണം നൽകി കണ്ണുനിറഞ്ഞ് തൊഴുതു നിന്ന സുരേഷ് ഗോപിക്കരികിലും സാക്ഷിയാകാൻ എനിയ്ക്കു നിയോഗമുണ്ടായിട്ടുണ്ട്.

അറുപത്തിയൊന്നാം പിറന്നാളിന് ആഹാരം കഴിക്കാൻ അരുകിലിരുന്ന മക്കളോട് കോവിഡ് ക്കാലത്ത് പാവങ്ങൾ എങ്ങിനെ പട്ടിണിയില്ലാതെ ജീവിക്കുമെന്ന് പറഞ്ഞ് ആകുലപ്പെടുന്ന അച്ഛനാണദ്ദേഹം. അതെ… സുരേഷ് ഗോപി ഒരു തണൽമരമാണ്. ഏതു പ്രത്യയശാസ്ത്രത്തേക്കാളും ഉയരെയാണ് ആ മനുഷ്യൻ്റെ നീതിബോധം.ആ മാനവികമായ മമതയ്ക്ക് എൻ്റെ നമോവാകം.

Related Articles

Back to top button