KeralaLatestMalappuram

അക്കരയെത്താൻ പാലമില്ല; ആശുപത്രിയിലെത്താൻ വൈകിയ യുവതി ചാലിയാറിന്റെ തീരത്തു പ്രസവിച്ചു.

“Manju”

 

എടക്കര • അക്കരയെത്താൻ പാലമില്ല; ആശുപത്രിയിലെത്താൻ വൈകിയ ആദിവാസി യുവതി ചാലിയാറിന്റെ തീരത്തു പ്രസവിച്ചു. മുണ്ടേരി വനത്തിൽ വാണിയംപുഴ കോളനിയിലെ ഇരുപത്തേഴുകാരിയാണ് ഇരുട്ടുകുത്തിക്കടവിനു സമീപം പെൺകുഞ്ഞിനു ജന്മം നൽകിയത്. കഴിഞ്ഞ പ്രളയത്തിൽ കോളനിയിലേക്കുള്ള പാലം ഒലിച്ചു പോയി. വനത്തിലെ ഷെഡിലായിരുന്നു യുവതിയും കുടുംബവും താമസം. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ പ്രസവവേദന തുടങ്ങി.

താമസസ്ഥലത്തേക്ക് വാഹനം എത്താത്തതിനാൽ കാട്ടുപാതയിലൂടെ സ്ട്രെച്ചറിൽ ചുമന്ന് ഇരുട്ടുകുത്തിക്കടവിലെത്തിച്ചു. ചങ്ങാടത്തിൽ വരുത്തി അക്കരെ എത്തിയപ്പോഴേക്കും വൈകി. വൈകിട്ട് 4ന് ചാലിയാറിന്റെ തീരത്ത് പ്രസവിച്ചു. ഇന്നലെ കോളനി സന്ദർശിച്ചു മടങ്ങിയ രമ്യ ഹരിദാസ് എംപിയും ആര്യാടൻ ഷൗക്കത്തും സംഭവം അറിഞ്ഞ് ഏർപ്പാടു ചെയ്ത ആംബുലൻസ് എത്തുന്നതിനു തൊട്ടുമുൻപായിരുന്നു പ്രസവം.

ആംബുലൻസിലെ നഴ്സ് പൊക്കിൾക്കൊടി മുറിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം അമ്മയെയും കുഞ്ഞിനെയും നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. പാലമില്ലാത്തതിനാൽ ആശുപത്രിയിലെത്തിക്കാൻ പറ്റാതെ മുൻപും മുണ്ടേരി വനത്തിലെ കോളനികളിൽ പ്രസവമുണ്ടായിട്ടുണ്ട്. ഇതിൽ ഒരു യുവതിക്ക് ജീവൻ നഷ്ടമായി. ഒരാൾ വാഹനത്തിലാണ് കുഞ്ഞിനു ജന്മം നൽകിയത്. ഒലിച്ചുപോയ പാലത്തിനു പകരം ജില്ലാ ഭരണകൂടം താൽക്കാലിക തൂക്കുപാലം പണിതെങ്കിലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്.

Related Articles

Back to top button