ErnakulamKeralaLatest

ഇന്ത്യയുടെ ‘അർണോൾഡ് ഷ്വാസ്നെഗറി’ന് വധു ഉസ്ബക്കിസ്ഥാനിൽ നിന്ന്.

“Manju”

 

കൊച്ചി • ഇന്ത്യയുടെ ‘അർണോൾഡ് ഷ്വാസ്നെഗറി’ന് വധു ഉസ്ബക്കിസ്ഥാനിൽ നിന്ന്. 2019–ലെ ‘മിസ്റ്റർ യൂണിവേഴ്സ്’ പട്ടം നേടിയ വടുതല സ്വദേശിയായ ചിത്തരേഷ് നടേശനും ഉസ്ബക്കിസ്ഥാൻക്കാരിയായ നസിബയും വിവാഹിതരായി. ഞായറാഴ്ച രാവിലെ ഏഴു മണിക്ക് പാവക്കുളം ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ചിത്തരേഷ് നസിബയെ ജീവിതപങ്കാളിയാക്കി. ഏറെനാളായി ഇരുവരും പ്രണയത്തിലായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ 20 പേർ മാത്രമാണ് പങ്കെടുത്തത്. ചിത്തരേഷിന്റെ വീട്ടിൽവച്ചു തന്നെയായിരുന്നു സൽക്കാരം.

അർണോൾഡ് ഷ്വാസ്നെഗർ 1967ൽ സ്വന്തമാക്കിയ മിസ്റ്റർ യൂണിവേഴ്സ് പട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരനാണ് ചിത്തരേഷ് നടേശൻ. 90 കിലോഗ്രാം വിഭാഗത്തിൽ മിസ്റ്റർ വേൾഡ് പട്ടം നേടി തുടർന്നു നടന്ന മത്സരത്തിൽ 55–110 കിലോഗ്രാം ഭാരവിഭാഗങ്ങളിലെ ഒൻപതു ലോക ചാംപ്യൻമാരെ പരാജയപ്പെടുത്തിയാണു മിസ്റ്റർ യൂണിവേഴ്സ് നേടിയത്. പരാധീനതകളോടു പടവെട്ടിയാണു ചിത്തരേഷ് ലോകം കൊതിക്കുന്ന വിജയം കയ്യെത്തിപ്പിടിച്ചത്. വടുതല ഗണപതി ക്ഷേത്രത്തിനു സമീപത്തെ ആസ്ബറ്റോസ് ഷീറ്റിട്ട ചെറിയ രണ്ടുമുറി വീട്ടിൽനിന്നു മിസ്റ്റർ യൂണിവേഴ്സിലേക്കുള്ള പാത കഷ്ടപ്പാടുകളുടേതായിരുന്നു.

നേട്ടത്തിനു പിന്നാലെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ളവരുടെ അഭിനന്ദനം ചിത്തരേഷിനെ തേടിയെത്തി. ഡൽഹിയിൽ ഫിറ്റ്നസ് ട്രെയിനറായി ജോലി നോക്കുന്ന ചിത്തരേഷ് മുൻപു നടന്ന പല ചാംപ്യൻഷിപ്പുകളിലും ഡൽഹിയെ പ്രതിനിധീകരിച്ചാണു മത്സരിച്ചിരുന്നത്. എന്നാൽ കേരളത്തെ പ്രതിനിധീകരിച്ച് ഇന്ത്യൻ ടീമിലെത്തി നടത്തിയ ആദ്യ ശ്രമത്തിൽത്തന്നെ ‘മിസ്റ്റർ യൂണിവേഴ്സ്’ എന്ന സ്വപ്ന നേട്ടം ചിത്തരേഷിനെ തേടിെയത്തി.

Related Articles

Back to top button