IndiaLatest

ആഡംബര വിവാഹം നടത്തിയ വരന്‍റെ പിതാവിന് ഭീമന്‍ തുക പിഴ

“Manju”

ശ്രീജ.എസ്

ജയ് പൂര്‍: കോവിഡ് നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി ആഡംബര വിവാഹം നടത്തിയ കുടുംബത്തിന് ഭീമന്‍ പിഴ ജയ്പുരിലെ ഭില്‍വാര ജില്ലാ ഭരണകൂടം. ആറുലക്ഷത്തിലധികം രൂപയാണ് ആഡംബര വിവാഹം നടത്തിയ കുടുംബത്തിന് പിഴയിട്ടത്. ഇത്ര വലിയ തുക പിഴയീടാക്കുന്നത് ഇത് ആദ്യമാണ്. റിജുല്‍ രതി എന്നയാളുടെ വിവാഹമാണ് വലിയ രീതിയില്‍ കോവിഡ് 19 വ്യാപനത്തിന് കാരണമായെന്ന് ജില്ലാ ഭരണകൂടം വിലയിരുത്തിയത്. വരന്റെ പിതാവിന്റെ പക്കല്‍ നിന്നാണ് പിഴയീടാക്കിയത്.

ജൂണ്‍ 13ന് നടന്ന വിവാഹത്തില്‍ പങ്കെടുത്ത ഒരാള്‍ മരിക്കുകയും പതിനാറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് നടപടി. അന്‍പതോളം പേരെ പങ്കെടുപ്പിച്ച്‌ വിവാഹം നടത്താന്‍ അനുമതി നേടിയ വരന്റെ പിതാവ് ഗിസുലാല്‍ 250 പേരെയാണ് വിവാഹത്തില്‍ പങ്കെടുപ്പിച്ചത്. വിവാഹത്തിലെത്തിയ ആളുകള്‍ മാസ്‌ക് ധരിച്ചിരുന്നില്ലെന്നുമാത്രമല്ല സാമൂഹ്യ അകലം പാലിക്കണമെന്ന നിര്‍ദ്ദേശവും ലംഘിച്ചു.

വിവാഹത്തിന് പിന്നാലെ പനിയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 75 കാരനായ വരന്റെ മുത്തശ്ശന് സ്രവ പരിശോധനയിലൂടെ ജൂണ്‍ 19ന് കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 21ന് വിവാഹത്തില്‍ പങ്കെടുത്ത അഞ്ച് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ജില്ലാ ഭരണകൂടം വിവാഹത്തില്‍ പങ്കെടുത്ത 110 പേരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു. വിവാഹത്തില്‍ പങ്കെടുത്ത 127 പേരുടെ കോവിഡ് പരിശോധന പൂര്‍ത്തിയായി. ഇവരില്‍ വധു അടക്കം 30 പേരുടെ റിസല്‍ട്ട് നെഗറ്റീവ് ആണ്. ഇതിനിടയില്‍ വരന്റെ മുത്തശ്ശന്‍ മരിക്കുക കൂടി ചെയ്തതോടെയാണ് ജില്ലാ ഭരണകൂടം ശക്തമായ നടപടി കൈകൊണ്ടത്.

രോഗബാധിതരുടെ മുഴുവന്‍ ചികിത്സാ ചെലവും വരന്റെ വീട്ടുകാര്‍ വഹിക്കണം. ക്വാറന്റൈനിലുള്ള മറ്റ് 58 പേരുടെ ചെലവും ഇവര്‍ തന്നെ വഹിക്കണമെന്നാണ് ഉത്തരവ്. വിവാഹത്തില്‍ പങ്കെടുത്ത ആളുകളുടെ കോവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കും ക്വാറന്റൈന്‍ ചെലവിനുമായി സര്‍ക്കാരിന് ആറ് ലക്ഷത്തിലധികം രൂപയാണ് ചെലവായിട്ടുള്ളത്. ഈ തുകയാണ് പിഴയായി തീരുമാനിച്ചിട്ടുള്ളത്.

Related Articles

Back to top button