KeralaLatest

വ്യാപാരിയെ കുടുക്കി അഞ്ച് അംഗസംഘം 1.37 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

“Manju”

അടിമാലി • പൊലീസുകാരെന്ന വ്യാജേന വ്യാപാരിയെ കുടുക്കി അഞ്ച് അംഗസംഘം 1.37 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. അടിമാലിയിലെ ചെരിപ്പ് കട നടത്തുന്ന വിജയനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ജനുവരി 27ന് അടിമാലിയിലെ വിജയന്റെ ബന്ധുവിന്റെ 9.5 സെന്റ് സ്ഥലം വാങ്ങാൻ എന്ന പേരിൽ അജിതയെന്ന് പരിചയപ്പെടുത്തിയ ഒരു സ്ത്രീ വീട്ടിൽ എത്തി. സംസാരിക്കുന്നതിനിടെ വിജയനുമായി അടുത്തിടപഴകുന്ന ചിത്രങ്ങൾ യുവതി ഫോണിൽ തന്ത്രപൂർവം പകർത്തി.

പിന്നാലെ റിട്ട. ഡിവൈഎസ്പി എന്ന് പരിചയപ്പെടുത്തി സഹദേവൻ എന്നയാൾ വിജയനെ വിളിച്ച് വീട്ടിൽ എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നും തെളിവ് കൈവശം ഉണ്ടെന്നും പറഞ്ഞു. സംഭവം ഒതുക്കി തീർക്കുന്നതിന് ഏഴര ലക്ഷം രൂപ വേണമെന്നും അറിയിച്ചു. പിന്നാലെ ഷാജി, ഷൈജൻ എന്നിവരും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി.ഭീഷണി ശക്തമായപ്പോൾ ഒരു അഭിഭാഷകൻ മുഖേന 1,37,000 രൂപ നൽകി.ദിവസങ്ങൾ കഴിഞ്ഞപ്പോൾ കടയിലെത്തി ഭീഷണിപ്പെടുത്തി ബാക്കി പണവും ആവശ്യപ്പെട്ടു.

പണം ലഭിക്കാതായതോടെ സംഘം വിജയന്റെ ബന്ധുക്കളെയും, കുടുംബാംഗങ്ങളേയും ഭീഷണിപ്പെടുത്തൽ തുടർന്നു.ഇതോടെ വിജയൻ ഡിജിപിക്കും, ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. ഏഴര ലക്ഷം രൂപയുടെ മൂന്നു ചെക്കു ലീഫുകളും , എഴുതാത്ത രണ്ട് മുദ്രപത്രങ്ങളും സംഘം കൈക്കലാക്കി. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button